| Thursday, 15th December 2022, 10:08 am

'ഞാന്‍ തടിയുള്ള ആളാണ്, തടിച്ചിരിക്കുന്നത് മോശമല്ല'; ബോഡി ഷെയ്മിങ്ങിന് കാലങ്ങള്‍ക്ക് മുമ്പേ നല്‍കിയ മറുപടി; വൈറലായി മോഹന്‍ലാലിന്റെ പഴയ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോഡി ഷെയ്മിങ്ങിന് എതിരെ സംസാരിക്കുന്ന മോഹന്‍ലാലിന്റെ പഴയ വീഡിയോ വൈറലാവുന്നു. മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് അവതാരകനായ, കൈരളി ചാനലിലെ ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിയുടെ എട്ട് വര്‍ഷം മുമ്പേയുള്ള എപ്പിസോഡില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍.

അഭിമുഖത്തിനിടക്ക് നടി രഞ്ജിനി മോഹന്‍ലാലിനോട് ഒരു ചോദ്യം ചോദിക്കുന്ന വീഡിയോ പ്ലേ ചെയ്തിരുന്നു. രഞ്ജിനിയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കാനൊരുങ്ങുമ്പോള്‍ ‘രഞ്ജിനി അങ്ങ് തടിച്ചുപോയല്ലേ’ എന്നാണ് ബ്രിട്ടാസ് ചോദിച്ചത്. ബ്യൂട്ടി ലൈസ് ഇന്‍ ഫ്‌ളെഷ്, നോട്ട് ഇന്‍ ബോണ്‍സ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് ഇതിനോട് മോഹന്‍ലാല്‍ പ്രതികരിച്ചത്.

‘അതിലൊരു സൗന്ദര്യമുണ്ടല്ലോ. തടിച്ചത് കൊണ്ട് അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ. ഞാനും തടിച്ച ഒരാളല്ലേ,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിലെ സൗന്ദര്യ വീക്ഷണം എന്താണെന്ന് പ്രേക്ഷകര്‍ക്ക് മനസിലായല്ലോയെന്നാണ് ഇതുകേട്ട ബ്രിട്ടാസ് പറഞ്ഞത്.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോഡി ഷെയ്മിങ്ങോ പൊളിറ്റിക്കല്‍ കറക്ട്‌നെസോ ചര്‍ച്ചയാവാത്ത, അതിനെ സാധാരണ തമാശയായി കാണുന്ന കാലത്ത് അതിനെതിരെ സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇതിനൊപ്പം ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനെതിരെയും വലിയ വിമര്‍ശനവും വരുന്നുണ്ട്.

സംവിധായകന്‍ ജൂഡ് ആന്തണിക്കെതിരായ മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മോഹന്‍ലാലിന്റെ പഴയ വീഡിയോയിലെ പരാമര്‍ശം വൈറലാവുന്നത്. പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ട്രെയ്ലര്‍ കണ്ടതിന് ശേഷം ‘ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു, തലയില്‍ നിറയേ ബുദ്ധിയാണെ’ന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഇതോടെ മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിങ്ങാണെന്ന വിമര്‍ശനം ഉയര്‍ന്നു. എല്ലാ തമാശയും തമാശയായി കാണാന്‍ കഴിയില്ലെന്നും മുടിയില്ലയെന്നെയുള്ളു എന്ന് പറയുമ്പോള്‍ മുടിയില്ലാത്തത് ഒരു കുറവായിട്ട് തന്നെയാണ് മമ്മൂട്ടിയുടെ സംസാരത്തിലുള്ളതെന്നുമാണ് വിമര്‍ശനങ്ങളുയര്‍ന്നത്. മുടിയില്ലാത്തവരോട് ഇതിന് മുമ്പ് മമ്മൂട്ടി ഇതുപോലെ മറുപടി പറഞ്ഞിട്ടുള്ളതും ചിലര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്ത് വന്നിരുന്നു. ‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്തണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി,’ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

Content Highlight: An old video of Mohanlal is going viral

We use cookies to give you the best possible experience. Learn more