ന്യൂദല്‍ഹി: നിര്‍മാണ തൊഴില്‍ മേഖലയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇസ്രഈല്‍ പ്രതിനിധികള്‍ ദല്‍ഹിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇസ്രഈല്‍ പ്രതിനിധികളുടെ സംഘം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇസ്രഈലില്‍ നിലവിലുള്ള നിര്‍മാണ തൊഴിലാളികളുടെ കുറവ് നികത്താന്‍ 10 മുതല്‍ 15 ദിവസം വരെ ഇന്ത്യയില്‍ റിക്രൂട്ട് ക്യാമ്പ് സംഘടിപ്പിച്ച് പതിനായിരക്കണക്കിന് തൊഴിലാളികളെ തെരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് ഇസ്രഈല്‍ ബില്‍ഡേഴ്സ് അസോസിയേഷന്റെ സീനിയര്‍ എക്സിക്യൂട്ടീവ് പറഞ്ഞു.
‘ഡിസംബര്‍ 27ന് ദല്‍ഹിയിലും ചെന്നൈയിലും ഞങ്ങള്‍ നിര്‍മാണ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സര്‍ക്കാരിന്റെ അനുമതി പ്രകാരം 10,000 തൊഴിലാളികളെ ഇസ്രഈലിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിന്റ വിജയത്തെ അടിസ്ഥാനമാക്കി ഭാവിയില്‍ ഇത് 30,000 ആയി ഉയര്‍ത്താനാണ് ധാരണ. ഈ പ്രക്രിയ മാസങ്ങളോളം നീണ്ടുനില്‍ക്കും,’ ഇസ്രഈല്‍ ബില്‍ഡേഴ്സ് അസോസിയേഷന്റെ (ഐ.ബി.ഐ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഷെയ് പോസ്‌നര്‍ പി.ടി.ഐയോട് അറിയിച്ചു.
കഴിഞ്ഞ മാസം തങ്ങള്‍ക്ക് അടിയന്തിരമായി കൂടുതല്‍ നിര്‍മാണ തൊഴിലാളികളെ ആവശ്യമുണ്ടെന്നും തൊഴിലാളികളുടെ കുറവ് നികത്താന്‍ ഏത് രാജ്യത്ത് നിന്നാണ് ആളുകളെ ഇസ്രഈലില്‍ എത്തിക്കണമെന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്നും പോസ്‌നര്‍ പി.ടി.ഐയോട് പറഞ്ഞിരുന്നു. രാജ്യത്തെ നിര്‍മാണ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ലക്ഷക്കണക്കിന് തൊഴിലാളികളെ വിദേശത്ത് നിന്ന് എത്തിക്കാനുള്ള കരാറുകള്‍ക്ക് തുടക്കം കുറിക്കണമെന്ന് ഇസ്രഈല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും ഷെയ് പോസ്‌നര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രഈല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ യെഹൂദ മോര്‍ഗന്‍സ്റ്റെന്‍ വരുന്ന ആഴ്ച ഇന്ത്യയിലേക്ക് എത്തുന്ന പ്രതിനിധി സംഘത്തെ നിയന്ത്രിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈലിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും റിക്രൂട്ട്‌മെന്റും കൈകാര്യം ചെയ്യുന്ന ഐ.ബി.എയുടെ ഡിവിഷന്‍ തലവനായ ഇസാക്ക് ഗുര്‍വിറ്റ്സിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇന്ത്യയില്‍ എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ സംസാരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.
Content Highlight: An Israeli team will visit India next week to recruit construction workers