അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് സ്വന്തം രാജ്യത്തെ റഫര്‍ ചെയ്ത് ഇസ്രഈലി സംഘടന
World News
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് സ്വന്തം രാജ്യത്തെ റഫര്‍ ചെയ്ത് ഇസ്രഈലി സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 4:26 pm

ടെല്‍ അവീവ്: സ്വന്തം രാജ്യത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് (International Criminal Court – ICC) റഫര്‍ ചെയ്ത് ഇസ്രഈലി ആന്റി ടോര്‍ചര്‍ സംഘടന (Israeli anti-torture body).

”ഫലസ്തീനികളെ പീഡിപ്പിക്കുന്നതോ അപമാനിക്കുന്നതോ ചൂഷണം ചെയ്യുന്നതോ തടയാന്‍ ഇസ്രഈലിന് ഒരു താല്‍പര്യവുമില്ല, അവര്‍ക്ക് അതിന് സാധിക്കുന്നില്ല,” എന്ന് ചൂണ്ടിക്കാണിച്ചാണ് ദ പബ്ലിക് കമ്മിറ്റി എഗെയ്ന്‍സ്റ്റ് ടോര്‍ചര്‍ ഇന്‍ ഇസ്രഈല്‍ (The Public Committee Against Torture in Israel – PCATI) എന്ന സംഘടന ക്രിമിനല്‍ കോടതിയിലേക്ക് രാജ്യത്തെ റഫര്‍ ചെയ്തിരിക്കുന്നത്.

മുപ്പത് വര്‍ഷത്തെ ഇസ്രഈലി ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ ഇത് വ്യക്തമായിരിക്കുകയാണെന്നും, ദൗര്‍ഭാഗ്യകരമായ നിഗമനത്തില്‍ തങ്ങള്‍ എത്തിയിരിക്കുകയാണെന്നും സംഘടന വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

”ചൂഷണം അവസാനിപ്പിക്കണം, ഇരകളായവരുടെ പരാതികള്‍ സത്യസന്ധമായി അന്വേഷിക്കണം, ഉത്തരവാദികളായവരെ വിചാരണ ചെയ്യണം എന്നീ കാര്യങ്ങളില്‍ ഇസ്രഈലിന് ഒരു താല്‍പര്യവുമില്ല എന്ന നിര്‍ഭാഗ്യകരമായ നിഗമനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇരകളായവര്‍ക്ക് നീതി ലഭിക്കുന്നതിനും ഇസ്രഈലി സമൂഹത്തിന്റെ ധാര്‍മികമായ ഇമേജിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ നിര്‍ണായകമായതും അത്യാവശ്യമായതുമായ ഒരു ചുവടാണ് ഇന്ന് സ്വീകരിച്ചിരിക്കുന്നത്,” സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഫലസ്തീനികളെ ചൂഷണം ചെയ്ത ഇസ്രഈലി പൗരന്മാരെയും വിചാരണ ചെയ്യണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.സി.എ.ടി.ഐ വ്യക്തമാക്കി.

2001നും 2021നുമിടയില്‍ ഇസ്രഈലി ലോ എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റികളില്‍ വിവിധ ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുടെ 1300ലധികം പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇവര്‍ പരാതികള്‍ നല്‍കിയിരിക്കുന്നതെന്നും സംഘടന പറയുന്നു.

എന്നാല്‍ ഈ 1300ലധികം കേസുകളില്‍ വെറും രണ്ട് കേസുകളില്‍ മാത്രമാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടന്നിട്ടുള്ളതെന്നും പരാതിക്കാര്‍ക്കൊന്നും നീതി ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

1990ലാണ് ദ പബ്ലിക് കമ്മിറ്റി എഗെയ്ന്‍സ്റ്റ് ടോര്‍ചര്‍ ഇന്‍ ഇസ്രഈല്‍ എന്ന സംഘടന നിലവില്‍ വന്നത്.

തടവറകളില്‍ ക്രൂരമായ പീഡനങ്ങളും ചൂഷണങ്ങളും നേരിടുന്ന ഇസ്രഈലികള്‍, ഫലസ്തീനികള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍ എന്നിവരുടെ സംരക്ഷണത്തിന് വേണ്ടി, അവരെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പി.സി.എ.ടി.ഐ.

Content Highlight:An Israeli anti torture body refers Israel to International Criminal Court