ടെഹ്‌റാന്‍: വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രഈലില്‍ സൈബര്‍ ആക്രമണം നടത്തി ഇറാന്‍. ഹന്‍ദല എന്ന പേരിലുള്ള ഇറാനിയന്‍ സൈബര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ഇസ്രഈല്‍ പൗരന്‍മാര്‍ക്ക് ഭീഷണി സന്ദേശം അയച്ചെന്നാണ് വിവരം.
ജെറുസലേം പോസ്റ്റ് ഉള്‍പ്പടെയുള്ള ഇസ്രഈലിലെ പ്രധാന മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രഈലിന്റെ സൈബര്‍ സെക്യൂരിറ്റി തകര്‍ത്ത് പതിനായിരിത്തിലധികം സന്ദേശങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ഹാക്കര്‍മാര്‍ അയച്ചത്.
ഇസ്രഈലിന്റെ നടപടികളെ എതിര്‍ക്കണമെന്നും ഇറാനെ പിന്തുണക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ഞായറാഴ്ച അര്‍ധ രാത്രിയോടെ ഇസ്രഈലിനെതിരെ നടന്ന ആക്രമണം ഇറാന്റെ വിജയമാണെന്നും സന്ദേശത്തില്‍ പറയുന്നു.
സയണിസ്റ്റ് ഭീകരരായ നിങ്ങളുടെ നേതാക്കള്‍ അവരുടെ നടപടിയില്‍ ഖേദിക്കുമെന്നും ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ‘ നിങ്ങളുടെ നേതാക്കള്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. നടപടികളില്‍ അവര്‍ പശ്ചാത്തപിക്കുമെന്ന് തീര്‍ച്ചയാണ്,’ സന്ദേശത്തില്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് നഗരങ്ങള്‍ ഒഴിയണമെന്നും ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. രക്ഷപ്പെടാന്‍ പത്ത് സെക്കന്‍ഡില്‍ താഴെ മാത്രമേ സമയം ഉള്ളൂ. നിങ്ങളുടെ സ്ഥലങ്ങള്‍ ഏത് നിമിഷവും ലക്ഷ്യമിട്ടേക്കാം. എത്രയും പെട്ടെന്ന് നഗരങ്ങള്‍ ഒഴിപ്പിക്കുക. നാശനഷ്ടങ്ങള്‍ കുറക്കാന്‍ ഒരുപക്ഷെ അത് സഹായിച്ചേക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
ഇസ്രഈലിന്റെ സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകളില്‍ ഇതിന് മുമ്പും ഹന്‍ദല സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണത്തില്‍ ഇസ്രഈലിലെ സുരക്ഷാ വിദഗ്ധര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlight: An Iranian cyber group claims: ‘We breached the radars in Israel’