| Tuesday, 28th May 2024, 12:53 pm

ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച സംഭവം; ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സെയിന്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വരെ സെയിന്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് കാറളം സ്വദേശി ഷിയാസിന്റെ ലൈസന്‍സിലായിരുന്നു.

ഇതിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചു. ഇപ്പോഴത്തെ നടത്തിപ്പുകാരനായ റഫീഖ് കഴിഞ്ഞ മാസം നാലിന് ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യവിഷബാധയേറ്റ് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി നുസൈബ (56) ആണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

പെരിഞ്ഞനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെയും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെയും ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ പരിശോധനയ്ക്കായി നുസൈബയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നത്. രാത്രിയോടെ നുസൈബയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.

സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 187 പേര്‍ ചികിത്സയിലാണ്. കുഴിമന്തിയോടൊപ്പം മയോണൈസ് കഴിച്ചവരാണ് മണിക്കൂറിനുള്ളില്‍ അവശനിലയിലായതെന്നും ചികിത്സ തേടിയതെന്നും അധികൃതര്‍ അറിയിച്ചു. ഹോട്ടലില്‍ നിന്ന് കണ്ടെടുത്ത മയോണൈസ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Content Highlight: An investigation report has been released in the case of one person’s death due to food poisoning in Perinjanam

We use cookies to give you the best possible experience. Learn more