ന്യൂദല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്(സി.പി.ജെ). അമേരിക്ക ആസ്ഥാനമായിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്.
ഹാത്രാസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിദ്ദീഖ് കാപ്പനെതിരെ തെളിവില്ലെന്ന മഥുര കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സി.പി.ജെയുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് പൊലിസ് ചുമത്തിയ ഈ കേസില്‍ നിന്ന് കാപ്പനെ മഥുര കോടതി കഴിഞ്ഞ ദവസം ഒഴിവാക്കിയിരുന്നു.
കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയുള്ള കേസും റദ്ദാക്കിയിട്ടുണ്ട്. അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരായിരുന്നു കാപ്പനൊപ്പം ഈ കേസില്‍ അറസ്റ്റിലായിരുന്നവര്‍.
സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ഹാജാരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.