| Saturday, 28th May 2022, 5:00 pm

സെറ്റില്‍ താനെങ്ങനുണ്ടെന്ന് നസ്രിയ; എല്ലാവരുടെയും തല തിന്നുമെന്ന് നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നസ്രിയ ആദ്യമായി ടോളിവുഡില്‍ സാന്നിധ്യമറിയിക്കുന്ന അണ്ടേ സുന്ദരാകിനി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ നായികയായിട്ടാണ് നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റം. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രം ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇരുവരും പങ്കെടുത്ത രസകരമായ ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ ചില പ്രത്യേകതകളെ പറ്റി പരസ്പരം ചോദ്യം ചോദിക്കുന്ന ക്വസ്റ്റിയന്‍ ആന്‍ഡ് ആന്‍സര്‍ സെഷനിലാണ് ഇരുവരും പങ്കെടുത്തത്.

ഈ വീഡിയോയില്‍ നസ്രിയയുടെ ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട് ഏതെന്ന ചോദ്യത്തിന് യൂറോപ്പ് എന്നാണ് നാനി ഉത്തരം പറഞ്ഞത്. താന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പ് ഏതാണെന്ന നാനിയുടെ ചോദ്യത്തിന് ട്വിറ്റര്‍ എന്നും നസ്രിയ പറഞ്ഞു. സെറ്റില്‍ വെറുതെയിരിക്കുമ്പോള്‍ താന്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന നസ്രിയയുടെ ചോദ്യത്തിന് എല്ലാരുടെയും തല തിന്നുമെന്നായിരുന്നു നാനിയുടെ മറുപടി. ഉത്തരം തെറ്റാണെന്നാണ് നസ്രിയ ഇതിനോട് കൂട്ടിച്ചേര്‍ത്തത്.

സെറ്റില്‍ ഏത് ഘട്ടത്തിലാണ് താന്‍ ദേഷ്യപ്പെടുക എന്ന നാനിയുടെ ചോദ്യത്തിന് എന്തെങ്കിലും വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ആരെങ്കിലും കേള്‍ക്കാതിരിക്കുമ്പോഴാണെന്നും നസ്രിയ പറഞ്ഞു. ഈ സമയം പ്രത്യേകിച്ച് നീ എന്നാണ് നാനി പറഞ്ഞത്. തന്റെ ഇഷ്ട ചിത്രമേതാണ് എന്ന നസ്രിയയുടെ ചോദ്യത്തിന് അണ്ടേ സുന്ദരാകിനി എന്നാണ് നാനി പറഞ്ഞത്.

മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുന്ദര്‍, ലീല എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്.

നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രവിതേജ ഗിരിജലയാണ്. മൂന്ന് ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദരാ’ എന്നാണ് പേര്. നദിയ, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: An interesting video of nani and nazriya participating in a question answer session is now gaining attention

We use cookies to give you the best possible experience. Learn more