| Monday, 29th May 2023, 5:20 pm

രാഹുല്‍ പറഞ്ഞ സര്‍സംഘ്ചാലക് ആര്‍.എസ്.എസിനില്ലെന്ന് സന്ദീപ് വചസ്പതി; അവതാരകന്‍ വെരിഫൈ ചെയ്തപ്പോള്‍ ബി.ജെ.പി പ്രതിനിധി കുടുങ്ങി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍.എസ്.എസ് സര്‍സംഘ്ചാലകിനെ ഉദ്ധരിച്ചതും ബി.ജെ.പി പ്രതിനിധി സന്ദീപ് വചസ്പതി അത് തിരുത്താന്‍ ശ്രമിച്ചപ്പോഴും നടന്നത് രസകരമായ സംഭവങ്ങള്‍. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സംഭവം.

ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയപ്പോള്‍, അവര്‍ വിധവയായത് കൊണ്ട് ആര്‍.എസ്.എസിന്റെ സര്‍സംഘ്ചാലകായിരുന്ന മധുകര്‍ ദത്താത്രയ ദേവറസ് വിമര്‍ശിച്ചിരുന്നു
എന്നായിരുന്നു രാഹുലിന്റെ വാദം.

എന്നാല്‍ മധുകര്‍ ദത്താത്രയ ദേവറസ് എന്ന് പറയുന്ന സര്‍സംഘ്ചാലക് ആര്‍.എസ്.എസിനില്ലെന്ന് സന്ദീപ് വചസ്തി മറുപടി പറഞ്ഞു. എന്നാല്‍ അവതാരകന്‍ ഇത് വെരിഫൈ ചെയ്ത് രാഹുലിന്റെ വാദം സ്ഥിരീകരിക്കുകയായിരുന്നു.

ചര്‍ച്ചയില്‍ നടന്നത്

രാഹുല്‍ മാങ്കൂട്ടത്തില്‍:

രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ ലോജിക്കലായ മറുപടി ബി.ജെ.പിക്കുണ്ടോ. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം പരിശോധിക്കുമ്പോള്‍ മൂന്ന് കാരണങ്ങളാലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയത്.

ഒന്ന്, അവര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളായതുകൊണ്ടാണ്. രണ്ട്, വനിതയായത് കൊണ്ടാണ്. മൂന്നാമത്തേത്, വിധവയായത് കൊണ്ടാണ്. കാരണം മനുസ്മൃതിയിലും വിചാരധാരയിലും ഇപ്പോഴും വിശ്വസിക്കുന്നവരാണ് ആര്‍.എസ്.എസുകാര്‍.

ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയപ്പോള്‍, പില്‍ക്കാലത്ത് ആര്‍.എസ്.എസിന്റെ സര്‍സംഘ്ചാലകായിരുന്ന മധുകര്‍ ദത്താത്രയ ദേവറസ് അതിനിശിതമായി ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചിട്ടുണ്ട്.

സന്ദീപ് വചസ്പതി:

ആര്‍.എസ്.എസിന് മധുകര്‍ ദത്താത്രയ ദേവറസ് എന്ന് പറയുന്ന സര്‍സംഘ്ചാലക് ഇല്ല. രാഹുല്‍ ആരെങ്കിലും എഴുതിക്കൊടുക്കുന്നത് പറയരുത്. ബാലാ സാഹബ് ദേവറസ് എന്ന് പറയുന്ന സര്‍സംഘ്ചാലകാണ് ഉണ്ടായിരുന്നത്. അയ്ത്തം പാപമല്ലെങ്കില്‍ ലോകത്തില്‍ ഒന്നും പാപമല്ല എന്ന് പ്രഖ്യാപിച്ചയാളാണ് ബാലാ സാഹബ് ദേവറസ്.

ഇതിന് മറുപടിയായി സന്ദീപ് വചസ്പതി പറഞ്ഞ ബാലാ സാഹബ് ദേവറസിന്റെ യഥാര്‍ത്ഥ പേരെന്താണെന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേപ്പെടുകയും, അവസാനം ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഒരുഭാഗം വായിപ്പിച്ച് കേള്‍പ്പിച്ച അവതാരകന്‍ റാഷിദ് കോണ്‍ഗ്രസ് പ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം സ്ഥിരീകരിക്കുകയുമായിരുന്നു.

Content Highlight: An interesting incident took place when Congress representative Rahul Mangkootli quoted RSS Sarsangchalak in a channel discussion and BJP representative Sandeep Vachaspati tried to correct it
We use cookies to give you the best possible experience. Learn more