ന്യൂദല്‍ഹി: സി.ബി.ഐയിലെ മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “മോദിയുടെ കണ്ണിലുണ്ണി”യെന്നാണ് അസ്താനയെ രാഹുല്‍ വിശേഷിപ്പിച്ചത്.
1984ലെ ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസറായ അസ്താനയെ സി.ബി.ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. “മോദിയ്ക്കു കീഴില്‍ സി.ബി.ഐയും രാഷ്ട്രീയ ലക്ഷ്യത്തിനുള്ള ആയുധമായി.” എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തത്.
“മോദിയുടെ കണ്ണിലുണ്ണിയും ഗുജറാത്ത് കേഡര്‍ ഓഫീസറും എസ്.ഐ.ടി ഗോധ്രയിലൂടെ പ്രശസ്തനും സി.ബി.ഐയില്‍ രണ്ടാമനുമായ നുഴഞ്ഞുകയറിയ വ്യക്തി അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്നു.” എന്നാണ് രാഹുല്‍ ട്വീറ്റില്‍ പറയുന്നത്.
വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് വാക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്‌ട്രേറ്റിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ മൊഴി. തുടര്‍ന്നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മനോജ് പ്രസാദ് ഈ ഇടപാടില്‍ ഇടനിലക്കാരനായി നിന്നിരുന്നു. ഇയാളെ ഒക്ടോബര്‍ 16ന് അറസ്റ്റു ചെയ്തിരുന്നു.
മനോജ് പ്രസാദിന്റെ അറസ്റ്റിനു പിന്നാലെ സി.ബി.ഐ ഒമ്പതു ഫോണ്‍കോളുകള്‍ പരിശോധിച്ചെന്നാണ് അവകാശപ്പെടുന്നത്. അസ്താനയും ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ളതാണ് ഈ ഫോണ്‍ സംഭാഷണങ്ങള്‍. മനോജ് പ്രസാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളായിരുന്നു ഇവര്‍ സംസാരിച്ചത്.
കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സതീഷ്‌സനയും അസ്താനയും തമ്മില്‍ നേരിട്ടു കണ്ടതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ അസ്താനയ്ക്ക് രണ്ടുകോടി കൈക്കൂലി നല്‍കിയതായി സതീഷ് സന മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.
അസ്താന അഴിമതി നടത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സി.ബി.ഐ വിശദീകരണം.