| Saturday, 9th December 2023, 2:03 pm

തകര്‍ക്കാന്‍ പറ്റാത്ത ഹമാസും തളരുന്ന മൊസാദും

മോയിന്‍ റബ്ബാനി

ഒക്ടോബര്‍ 7 ന് ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രഈല്‍ ശപഥം ചെയ്തു. ഒരു സംഘടന എന്ന നിലയില്‍ അതിനെ ഉന്‍മൂലനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. സൈനിക ശക്തി മരവിപ്പിക്കുക, രാഷ്ട്രീയ പ്രസ്ഥാനം, ഭരണ സ്ഥാപനം എന്നിങ്ങനെയുള്ള അതിന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കുക തുടങ്ങി ഏതുവിധേനയും അതിന്റെ വേരുകള്‍ പിഴുതെറിയാനായിരുന്നു ശ്രമം.

ബെഞ്ചമിന്‍ നെതന്യാഹു

ഈയടുത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു തികഞ്ഞ ഗുണ്ടാത്തലവന്റെ ശൈലിയില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന മുഴുവന്‍ ഹമാസ് നേതാക്കളെയും വധിക്കാന്‍ ഇസ്രഈലിന്റെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട് എന്ന് പ്രസ്താവിച്ചു.

യുദ്ധം അന്‍പത് ദിവസം പിന്നിടുമ്പോള്‍ ഇസ്രഈല്‍ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് ? എത്രത്തോളം ലക്ഷ്യത്തിനടുത്തെത്തി ? ഇതിനുള്ള ഉത്തരം പറയാന്‍ സൈനിക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു ധാരണയും ആവശ്യമില്ല. അതിങ്ങനെ ചുരുക്കാം:

1. ഇസ്രഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുക എന്നത് അസാധ്യമാണ്.
2. ഹമാസിനേയോ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിനേയോ ( PlJ ) കാര്യമായി തരം താഴ്ത്താന്‍ ഇസ്രഈലിനു സാധിച്ചിട്ടില്ല. അക്കാര്യത്തിലവര്‍ക്ക് വലിയ പരാജയം നേരിട്ടു.

ഹമാസിനെ ഇല്ലാതാക്കുക എന്നത് പല കാരണങ്ങള്‍ കൊണ്ടും അസാധ്യമാണ്.

അതില്‍ പ്രധാനമായത് ഹമാസ് ഐസിസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെപ്പോലെയല്ല എന്നതാണ്. മറിച്ച് ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി(IRA ), ഐറിഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ രൂപമായ സിന്‍ ഫെയില്‍ (Sinn Fein ) അല്ലെങ്കില്‍ ഫേസ്ബുക്ക് എന്നിവയൊക്കെ പോലെയാണത്.

1988 ല്‍ ഹമാസിന്റെ രൂപീകരണം നടന്ന അന്ന് മുതല്‍ ഫലസ്തീന്‍ സമൂഹത്തിനുള്ളില്‍ അതിന് ശക്തമായ വേരോട്ടമുണ്ട്. ഇന്ന് ഫലസ്തീന്‍ സമൂഹങ്ങള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഹമാസുമുണ്ട്. ഗാസാ മുനമ്പില്‍ നിന്ന് ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നതില്‍ ഇസ്രഈല്‍ വിജയിച്ചാല്‍ത്തന്നെയും (കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഹമാസിനെ ഭൂഗര്‍ഭ അറകളിലേക്ക് ഒതുക്കുന്നതില്‍ വിജയിച്ചാലും) വെസ്റ്റ് ബാങ്കിലോ, ലെബനാനിലോ, ജോര്‍ദാനിലോ മറ്റെവിടെയെങ്കിലുമോ ഒക്കെയായി സംഘടന അതിജീവിക്കും.

2007 മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലും ഫലസതീനിയന്‍ അതോറിറ്റിയും സംയുക്തമായി ഇതിനു വേണ്ടി പരിശ്രമിച്ചുവെങ്കിലും ഹമാസിന്റെ സൈനികവും രാഷ്ട്രീയവും സാമൂഹികവുമായ സാന്നിധ്യം ഇല്ലാതാക്കാന്‍ തീര്‍ച്ചയായും അവര്‍ക്കിതുവരെ സാധിച്ചിട്ടില്ല. നമ്മളിപ്പോള്‍ എത്തി നില്‍ക്കുന്നത് 2023 ല്‍ ആണല്ലോ.

ഫലസ്തീനിയന്‍ പ്രസ്ഥാനങ്ങളെ തുടച്ച് നീക്കാന്‍ വേണ്ടി നടത്തിയ മുന്‍കാല പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം പാെതുവില്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല അത് അവയുടെ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അവിടെ നടക്കുന്ന വലിയ തോതിലുള്ള കൂട്ടക്കുരുതി ഫലസ്തീനികള്‍ക്കിടയില്‍ ഹമാസിന് പ്രിയം വര്‍ദ്ധിക്കാന്‍ കാരണമായി. മാത്രമല്ല അറബികള്‍ക്കിടയിലും പൊതുവില്‍ മൂന്നാംലോക രാജ്യങ്ങളിലെല്ലാം അവര്‍ക്ക് (ഹമാസിന്) വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടണ്‍ കണക്കിന് ഉഗ്രസ്‌ഫോടന ശക്തിയുള്ള വെടിക്കാേപ്പുകള്‍ നിറച്ച നിര നിരയായ യുദ്ധവിമാനങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്ന ഒരു വെല്ലുവിളിയല്ല ഇത്.

ഇസ്രഈലിന് അങ്ങേയറ്റത്തെ അഹങ്കാരവും സ്വയം വാഴ്ത്താനുള്ള കഴിവുമെല്ലാം ഉണ്ടെന്നിരുന്നാലും ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്നത് സാധ്യമല്ല. പ്രത്യേകിച്ച് ഇസ്രഈല്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കഴിവുകേട് ഒക്ടോബര്‍ 7 ന് നമ്മള്‍ കണ്ടതാണ്.

ഉദാഹരണമായി വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഹമാസ് നേതാക്കളെ വധിക്കാന്‍ നിയോഗിക്കപ്പെട്ടവരെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.

1997 ല്‍ അമ്മാനില്‍ ഹമാസ് നേതാവായിരുന്ന ഖാലിദ് മിശ്അലിന് വിഷം കാെടുത്ത് കൊല്ലാന്‍ മൊസ്സാദ് സെല്‍ ശ്രമിച്ചെങ്കിലും കൊലയാളികള്‍ പിടിക്കപ്പെടുകയും അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അംഗരക്ഷകരില്‍ ഒരാള്‍ ഒറ്റക്കാണ് ഈ ദൗത്യം നിര്‍വഹിച്ചത്. കൊലയാളികളെ ദീര്‍ഘ ദൂരം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ജെയിംസ് ബോണ്ടിന്റെ മൂടുതാങ്ങികളെ പരസ്യമായി തൂക്കിലേറ്റുമെന്ന് ഹുസൈന്‍ രാജാവ് ഭീഷണിപ്പെടുത്തുകയും മിശ്അലിന്റെ ജീവന്‍ രക്ഷിച്ചവനെയും ജയിലില്‍ അടക്കപ്പെട്ട ഹമാസ് സ്ഥാപക നേതാവ് ഷെയ്ഖ് അഹമ്മദ് യാസ്സിനിനെയും ജാേര്‍ദ്ദാനിന് കൈമാറാന്‍ ഇസ്രഈല്‍ (വ്യക്തിപരമായി പറഞ്ഞാല്‍ നതന്യാഹു) നിര്‍ബന്ധിതരായി.

ഖാലിദ് മിഷ്അല്‍

2010 ല്‍ മൊസാദ് രണ്ടു ഡസനോളം വരുന്ന തങ്ങളുടെ ഏജന്റുമാരുടെ സംഘത്തെ വളരെ രഹസ്യമായി ദുബായിലേക്കയച്ചു. ഒരൊറ്റ ഹമാസ് പ്രവര്‍ത്തകനെ വധിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അതെ, ഹമാസ് പ്രവര്‍ത്തകനായ മുഹമ്മദ് മബ്ബൂഹിനെ . സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെട്ടു. പ്രാഥമിക സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പോലും അവര്‍ മറന്ന് പോയി. ഉദാഹരണത്തിന് ഹാേട്ടലിലെ സി.സി.ടി.വി മോണിറ്ററുകളില്‍ തങ്ങളുടെ മുഖം പതിയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചില്ല. അവസാനം എല്ലാവരും ഇന്റര്‍ പോളിന്റെ ‘വാണ്ടഡ് ലിസ്റ്റ്’ ല്‍ ഇടം നേടി എന്നതായിരുന്നു ഫലം.

ഇവരുടെ വിദേശ പാസ്‌പോര്‍ട്ടുകളുടെ അപക്വമായ ഉപയോഗം ഇസ്രഈലിന് പ്രധാന അന്താരാഷ്ട്ര സഖ്യകക്ഷികളുമായുണ്ടായിരുന്ന ബന്ധങ്ങളെ കൂടുതല്‍ വഷളാക്കി. ഇസ്രഈല്‍ അനുകൂലിയായ കാനഡയിലെ സ്റ്റീഫന്‍ ഹാര്‍പെറുമായുണ്ടായിരുന്ന ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് പോലെ .

ഇടക്കാലത്ത് ഏജന്‍സി (മാെസാദ്) മെച്ചപ്പെട്ടതായി യാതൊരു സൂചനയുമില്ല. മൊസാദിന്റെ സ്വന്തം ആഴ്‌നോണ്‍ മില്‍ചന്‍ നിര്‍മ്മിച്ച ഹോളിവുഡ് സിനിമ ആരും കാണുന്നില്ലെങ്കില്‍ അതിനര്‍ത്ഥം മെച്ചമില്ല എന്നുതന്നെയാണ്.

അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിലെ (ഹമാസ്) ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന നേതാക്കന്‍മാരെ വിദേശ രാജ്യങ്ങളില്‍ വെച്ച് വകവരുത്താനുള്ള സംഘടിതമായ പദ്ധതി ആവിഷ്‌ക്കരിക്കാനുളള പ്രാപ്തിയൊന്നും ഇസ്രഈലിന്റെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് ഇല്ല. അമേരിക്കന്‍ , യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതേ അഭിപ്രായമാണ് എന്നാണ് എന്റെ സംശയം.

മൊസാദിന്റെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഹമാസിന്റെ സൈനിക മേധാവിയായ മുഹമ്മദ് ദെയ്ഫിനെ ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകളോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നത് മാത്രമല്ല ഹമാസിന് സ്വയം സായുധരാവാനും അവരുടെ മൂക്കിനു താഴെ ഒക്ടോബര്‍ 7 ആക്രമണത്തിനു വേണ്ടി തയ്യാറാറെടുക്കാനും ഒടുവില്‍ അത് നടപ്പിലാക്കാനും കഴിഞ്ഞു എന്നതും അതിനെക്കുറിച്ച് ഒരു സൂചന പോലും അവര്‍ക്ക് ലഭിച്ചില്ല എന്നതും അവരുടെ കഴിവ് കേട് വിളിച്ചോതുന്നു.

ഒരു വശത്ത് ഗാസയിലെ സായുധ സംഘങ്ങള്‍ സദാ തങ്ങളുടെ പരിശോധനക്ക് വിധേയരാണ് എന്ന മൂഢവിശ്വാസത്തില്‍ ഇസ്രഈല്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത് ഫലസ്തീനികള്‍ ഒരു ആക്രമണത്തിന് കോപ്പ് കൂട്ടുകയായിരുന്നു.

ഇസ്രഈല്‍ കുറച്ച് ഉന്നതരുടെ തല കാെയ്യുന്നതില്‍ വിജയിക്കുകയും ‘ഹമാസ് ചരിത്രത്തിന്റെ അന്ത്യം’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം. പക്ഷേ സംഘടനക്ക് അതുകൊണ്ടുണ്ടായ ആഘാതം വളരെ ചെറുതും താല്‍ക്കാലികവുമായിരുന്നു.

2004 ല്‍ ഹമാസ് നേതാവ് യാസ്സിന്‍ വധിക്കപ്പെട്ടു. ഹമാസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെ അവര്‍ കടന്നുപോയി. 1992 ല്‍ ഹിസ്ബുബുള്ള തലവന്‍ അബ്ബാസ് മുസ്സവി വധിക്കപ്പെട്ടപ്പോള്‍ ഇസ്രായേലിന്റെ പേടിസ്വപ്‌നമായ ഹസ്സന്‍ നസ്രുള്ള നേതൃസ്ഥാനത്ത് അവരോധിതനായി. അവസാനം 2006 ലെ യുദ്ധകാലത്ത് അര്‍ദ്ധരാത്രി ബെക്കാ വാലിയില്‍ അതിസാഹസികമായി നടത്തിയ ഒരു റെയ്ഡില്‍ ഹസ്സന്‍ നസ്രുള്ള പിടിക്കപ്പെട്ടു.

അബ്ബാസ് മുസവ്വിയും ഹസ്സന്‍ നസ്രുള്ളയും

പക്ഷേ അപ്പോഴും ചെറിയൊരു കല്ലുകടി അവിടെ അവശേഷിച്ചിരുന്നു. ഹിസ്ബുളള നേതാവിന്റെ അതേ പേരുള്ള ഒരു പച്ചക്കറി വില്‍പ്പനക്കാരന്‍ അവിടെയുണ്ടായിരുന്നു എന്നത് മൊസാദിനെ ആശയക്കുഴപ്പത്തിലാക്കി. മൊസാദാകട്ടെ,സമീപകാല ചരിത്രത്തില്‍ വെച്ചേറ്റവും മികച്ചതും ലോകപരിചയമുള്ളതുമായ രഹസ്യാന്വേഷണ ഏജന്‍സിയാണ് തങ്ങളെന്ന് സദാ വീമ്പിളക്കുന്നവരുമാണ്.

അതുപോലെത്തന്നെ ഇറാനിലെ ആണവശാസ്ത്രജ്ഞര്‍ക്കെതിരെ ഇസ്രഈല്‍ നടത്തിയ കൊലവിളികള്‍ നിഷ്ഫലമായി. 2004 ലെ യാസ്സര്‍ അറഫാത്ത് വധം പോലും വിപരീത ഫലമാണ് ഉണ്ടാക്കിയത്. കാരണം അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ മഹ്മൂദ് അബ്ബാസിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടു എന്നു മാത്രമല്ല ഹമാസിന് ഒരു യഥാര്‍ത്ഥ ദേശീയ പ്രസ്ഥാനം എന്ന നിലയിലേക്കുയരാനും സാധിച്ചു.

യാസര്‍ അറഫാത്ത്

മഹ്മൂദ് അബ്ബാസ്

ഞാന്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ഹമാസിനെ ദുര്‍ബലപ്പെടുത്താന്‍ എത്രത്തോളം ഇസ്രഈലിന് സാധിച്ചിട്ടുണ്ട്? ‘ടണല്‍ മീം സെലിബ്രിറ്റി’ ഡാനിയല്‍ ഹഗാരി , ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തുന്ന പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, പ്രധാനമന്ത്രി നെതന്യാഹു തുടങ്ങിയവരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാവുന്നത് ഫലസ്തീനി പ്രസ്ഥാനങ്ങളോ, അവയുടെ നേതൃത്വമോ, അവരുടെ കെട്ടിട സമുച്ചയങ്ങളോ വളരെക്കുറച്ച് മാത്രമേ ഇനി അവശേഷിക്കുന്നുള്ളു എന്നാണ്.

ഇസ്രായേല്‍ സൈന്യത്തിന്റെ സൂക്ഷ്മ പരിശോധനക്ക് ശേഷം പുറത്തുവിടുന്ന വാര്‍ത്തകള്‍ മാത്രം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരായ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍, അമേരിക്കയില്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ കാേര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി തുടങ്ങിയവരും ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ താെണ്ടതൊടാതെ വിഴുങ്ങുന്നവരാണ്.

ആന്റണി ബ്ലിങ്കന്‍

ജെയ്ക്ക് സള്ളിവന്‍

ജോണ്‍ കിര്‍ബി

എന്നാല്‍ അവരുടെ ശബ്ദ മണ്ഡലത്തില്‍ നിന്ന് പുറത്ത് കടന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കാര്യമായി തകര്‍ക്കപ്പെട്ട ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം താല്‍ക്കാലിക യുദ്ധവിരാമ ഉടമ്പടി നിലവില്‍ വന്ന ആ നിമിഷം മുതല്‍ ഗാസ മുനമ്പിലുടനീളം ഒരേസമയം ഒരുപോലെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ സാധിക്കുകയില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് താെട്ട് മുമ്പ് വരെ റോക്കറ്റുകള്‍ ഉപയോഗിച്ച് വളരെ ആസൂത്രിതമായും ആക്രമണം തുടരാനും ഇത്തരമൊരു സംഘടനക്ക് സാധിക്കില്ല.

തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ദിവസേനയെന്നോണം റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും അവസാനം കേന്ദ്രീകൃത നെറ്റ്വര്‍ക്കുകളിലൂടെ അവ ബ്രോഡ്കാസ്റ്റ് ചെയ്യാനും ദുര്‍ബലമാക്കപ്പെട്ട ഒരു സംഘടനക്ക് കഴിയില്ല.

താല്‍ക്കാലിക യുദ്ധവിരാമ ഉടമ്പടി നിലവില്‍ വരുമ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നും ബന്ദികളെ പല പല സ്ഥലങ്ങളിലേക്കെത്തിക്കാനും അവരെ പല സ്ഥലങ്ങളില്‍ വെച്ച് വിട്ടയക്കാനുമൊന്നുമുള്ള പ്രാപ്തി തകര്‍ക്കപ്പെട്ട ഒരു സംഘടനക്ക് ഉണ്ടാവില്ല. പ്രത്യേകിച്ച് ഗാസാ സിറ്റിയുടെ ഒത്ത നടുവില്‍ ഇസ്രഈല്‍ സൈന്യം തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ട ഒരു സ്ഥലം ഹമാസ് ബന്ദികളെ മോചിപ്പിക്കാനായി മന:പൂര്‍വ്വം തെരെഞ്ഞെടുത്തത് വഴി അവരുടെ ശക്തി ക്ഷയിച്ചിട്ടില്ല എന്ന് വ്യക്തമാവുന്നുണ്ട്.

ഏതൊരു സൈനിക പ്രസ്ഥാനത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ – ആജ്ഞാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക , മികച്ച ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക, മികച്ച സൈനിക വിന്യാസ തന്ത്രങ്ങള്‍ പ്രയോഗിക്കുക, സൈനിക നിരീക്ഷണം ശക്തമാക്കുക, പി.ആര്‍ വര്‍ക്കുകള്‍ നന്നായി ചെയ്യുക , തുടങ്ങിയവയാണ്.

ഇവയില്‍ അവസാനത്തേതും എന്നാല്‍ സുപ്രധാനവുമായ ഒന്നാണ് പോരാടാനുള്ള കഴിവും ഇച്ഛാശക്തിയും. ഹമാസിനെ സംബന്ധിച്ച് ഇതെല്ലാം കുറ്റമറ്റതും കാര്യക്ഷമവുമാണ്. വളരെ ചെറിയ താേതില്‍ മാത്രമേ ആക്രമണങ്ങള്‍ അവരെ തളര്‍ത്തിയിട്ടുള്ളു.

നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ ഹമാസ് സൈന്യാധിപന്‍മാരേക്കാള്‍ കൂടുതല്‍ ഇസ്രഈല്‍ കൊലപ്പെടുത്തിയത് യു.എന്‍ ഉദ്ദ്യോഗസ്ഥരെയാണ്. മാധ്യമപ്രവര്‍ത്തകരുടെയും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഹഗാരി മീമുകളില്‍ കാണപ്പെടുന്ന തുരങ്കങ്ങളുടെ ഒരംശം പോലും ഇസ്രഈല്‍ സൈന്യത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 50 ദിവസങ്ങള്‍ കൊണ്ട് ഹമാസ് ദുര്‍ബലമാക്കപ്പെടുകയോ തരം താഴ്ത്തപ്പെടുകയോ ചെയ്തിട്ടില്ല എന്നത് അവിശ്വസനീയമായി തോന്നാം.

പ്രധാന സൈനിക വിഭാഗങ്ങളെയും അവയുടെ സൈന്യാധിപന്‍മാരെയും ഇപ്പോഴും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നും അവരുടെ ആയുധ ശേഖരത്തിന് കാര്യമായ കോട്ടം തട്ടിയിട്ടില്ല എന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ ഗണ്യമായ അധ:പതനം സംഭവിച്ചിട്ടുണ്ടോ ? ഇതിനുള്ള തെളിവുകള്‍ യാതൊന്നുമില്ല.

ഇസ്രഈല്‍ സൈന്യം വളരെ കാര്യക്ഷമമായ ഒരു കൊല്ലല്‍ യന്ത്രമാണ് (kiling machine) എന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ അവരുടെ പോരാട്ട വീര്യം ഒട്ടും മെച്ചപ്പെട്ടതല്ലാത്തതാണ്, പ്രത്യേകിച്ച് കരയുദ്ധത്തിന്റെ കാര്യത്തില്‍. യുദ്ധം ജയിക്കേണ്ടത് ആയിരക്കണക്കായ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത് കൊണ്ടോ ഗാസാ നഗരത്തെ വെറും അവശിഷ്ടങ്ങളാക്കി മാറ്റിയോ അവിടെയുള്ള മാെത്തം ജന സമൂഹത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചു കൊണ്ടാേ അല്ല. സോവിയറ്റ് യൂണിയനില്‍ ജര്‍മ്മനിയും ഇറാഖില്‍ അമേരിക്കയും ഇത് പയറ്റി നോക്കിയതാണ്. പക്ഷേ ഇരു കൂട്ടരും വിജയിച്ചില്ല.

ഒരു ഇസ്രഈല്‍ സൈനിക നേതാവ് ഒരു കെട്ടിട സമുച്ചയം തകര്‍ക്കുന്നത് തന്റെ മകളുടെ രണ്ടാം പിറന്നാളില്‍ അവള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരികയും അതിനെതിരില്‍ ധാരാളം ആളുകള്‍ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിട സമുച്ചയം നശിപ്പിക്കുന്നത് ആഘോഷിക്കുന്ന ഒരവസ്ഥയിലേക്ക് ഒരു സൈന്യം എത്തിച്ചേരുക എന്നു വെച്ചാല്‍ അതിനെ ഒരു മുനിസിപ്പല്‍ എഞ്ചിനീയറിങ്‌ സേനാവിഭാഗമാക്കി മാറ്റിക്കൊണ്ട് പുനരുദ്ധാരണം നടത്തേണ്ടിയിരിക്കുന്നു എന്നും, ഗൗരവമുള്ള പോരാട്ടവീര്യമുളള ഒരു ശക്തിയായി ഇനി മുതല്‍ അതിനെ കണക്കാക്കാന്‍ പറ്റില്ല എന്നും കൂടി നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

അമേരിക്കയും (ഏത് നിലക്ക് നാേക്കിയാലും അവര്‍ക്ക് ഈ യുദ്ധത്തില്‍ സജീവമായ പങ്കാളിത്തമുണ്ട്) ഇസ്രഈലും ഹമാസുമായി, പ്രത്യേകിച്ച് ഒക്ടോബര്‍ 7 ആക്രമണങ്ങളുടെ സൂത്രധാരന്‍ യഹ്യ സിന്‍വാറുമായി ചര്‍ച്ച നടത്താനും ഹമാസ് മുന്നോട്ട് വെച്ച മിക്ക വ്യവസ്ഥകളും അംഗീകരിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അവരുമായി ഉടമ്പടിയില്‍ എത്തിച്ചേരാനും തീരുമാനിച്ചത് എന്തുകൊണ്ട് എന്നതിനുള്ള വിശദീകരണം കൂടിയാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍.

സന്ധിസംഭാഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കന്‍, മുമ്പ് ഇതേ കാര്യങ്ങള്‍ നിരസിച്ച ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ തന്നെ വിശദീകരിച്ചത് ഇതൊരു സുപ്രധാന ഉടമ്പടിയായിരിക്കുമെന്നാണ്. കാരണം പ്രസ്തുത ഉടമ്പടി ഗാസ മുനമ്പില്‍ തുടര്‍ന്നും നടക്കാന്‍ പോകുന്ന തീവ്രമായ യുദ്ധത്തിന് നിയമ സാധുത നല്‍കുമെന്നും അവര്‍ പറഞ്ഞു.

ഇനി വരുന്ന കുറേ മാസങ്ങളില്‍ നമ്മള്‍ കാണാന്‍ പോകുന്ന യുദ്ധത്തിന്റെ തീവ്രത കഴിഞ്ഞ മാസം നമ്മള്‍ സാക്ഷ്യം വഹിച്ചതിന്റെ അതേ തോതിലോ അതിനേക്കാള്‍ കൂടുതലോ ആയിരിക്കുമെന്നും , അത് ഗാലന്റും ഹഗാരിയും നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വാഗ്ദാനങ്ങള്‍ പോലെത്തന്നെയായിരിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ല.

സൈനിക ശക്തിയുടെ കാര്യത്തില്‍ ഇസ്രഈലിന് ശക്തമായ അനുകൂല സാഹചര്യങ്ങള്‍ ഉണ്ട്.

ഗാസ മുനമ്പില്‍ ആണവായുധം പ്രയോഗിക്കണമെന്ന് ക്യാബിനെറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ഒരാള്‍ വാദിക്കുന്നതിനര്‍ത്ഥം പരമ്പരാഗത സൈന്യത്തിന് വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ്. ഒരൊറ്റ പാശ്ചാത്യ നേതാവു പോലും അംഗീകരിച്ചിട്ടില്ലാത്ത ഒരു ഭീഷണിയാണിത്.

തങ്ങളുടെ വമ്പന്‍ സെനിക ശക്തി ഉപയോഗിച്ച് ഫലസ്തീന്‍ സമൂഹത്തിനു മാത്രമല്ല ഹമാസിനും വളരെ ഗുരുതരമായ നാശം വിതയ്ക്കാന്‍ തീര്‍ച്ചയായും ഇസ്രഈലിനു സാധിക്കും. വരും ദിവസങ്ങളില്‍ ഇതിനു വേണ്ടി മറ്റൊരു ശ്രമം നടത്താന്‍ ഇസ്രഈല്‍ മുതിരുമെന്നതും ഉറപ്പാണ്. എന്നാല്‍ കാര്യമായ ഒരു സൈനിക നേട്ടമുണ്ടാക്കാനുതകും വിധം ജീവനും സ്വത്തും ചെലവഴിക്കാന്‍ ഇസ്രഈല്‍ ഇതിനകം തയ്യാറെടുത്തിരിക്കാന്‍ സാധ്യതയില്ല.

ഇസ്രഈല്‍ ആക്രമണങ്ങളുടെ അമേരിക്കന്‍ , യൂറോപ്യന്‍ സ്‌പോണ്‍സര്‍മാര്‍ പോലും കാര്യങ്ങള്‍ പൂര്‍ണ്ണമായി കൈവിട്ടു പോകുന്നതിന് മുമ്പ് ക്രമേണ യുദ്ധം അവസാനിപ്പിക്കണമെന്ന അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്. ഇസ്രഈല്‍ ഭരണ മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അവക്ക് കോട്ടം തട്ടുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമെന്ന് തോന്നുന്നു.

ഗാസാ മുനമ്പില്‍ സിവിലിയന്‍ ജനസമൂഹത്തിനെതിരെ വ്യവസ്ഥാപിതമായും മന:പൂര്‍വ്വവും ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളും വ്യവസ്ഥാപിതമായിത്തന്നെ ജനങ്ങളുടെ താമസസമുച്ചയങ്ങള്‍ തകര്‍ക്കുന്നതുമെല്ലാം ഈയൊരു പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനേക്കാളുപരി പ്രതികാര ദാഹത്താല്‍ പ്രചോദിതരായും , ഒക്ടോബര്‍ 7 ന് ഫലസ്തീനികള്‍ കൊലപ്പെടുത്തിയ ഇസ്രഈലികളുടെ എണ്ണത്തക്കോള്‍ എത്രയോ മടങ്ങ് അധികമായി ഫലസ്തീനികളെ കൊന്നൊടുക്കാനുള്ള അതിയായ ആഗ്രഹത്തോടു കൂടിയും അത്തരം പ്രചാരണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും ഒക്കെയാണിത്.

മന:പൂര്‍വം സിവിലിയന്‍ സമൂഹത്തെ ഉന്നം വെച്ച് ആക്രമണം നടത്തുകയും തങ്ങള്‍ക്ക് ഉന്‍മൂലനം ചെയ്യാന്‍ കഴിയാത്ത സായുധ സംഘങ്ങളെ അതുവഴി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് അത്യുന്നതരായ സൈനിക ശക്തികള്‍ എല്ലായ്‌പ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഉദാഹരണത്തിന് നാസികള്‍ അധിനിവേശിത യൂറോപ്പില്‍ ചെയ്തത് ഇത് തന്നെയായിരുന്നു.

കൂടാതെ അള്‍ജീരിയയില്‍ ഫ്രഞ്ചുകാരും, കെനിയയില്‍ ബ്രിട്ടീഷുകാരും ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. അമേരിക്ക ഇറാഖിലും അതിന് മുമ്പ് വിയറ്റ്‌നാം, ലാവോസ്, കമ്പോഡിയ എന്നിവിടങ്ങളിലും ഇതുതന്നെയാണ് ചെയ്തത്.തീര്‍ച്ചയായും ഇസ്രഈല്‍ ഫലസ്തീനിലും ലബനാനിലും ചെയ്തു കൊണ്ടിരിക്കുന്നതും ഇതേ കാര്യമാണ്.

എല്ലാത്തിനുമുപരി ‘ബോര്‍ യുദ്ധ’ കാലത്ത് ബ്രിട്ടീഷുകാര്‍ ആദ്യമായി കാേണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ തുടങ്ങുന്നതു പോലും ഈയൊരു ലക്ഷ്യത്തോടെയായിരുന്നു. അതിന് ശേഷം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാസികള്‍ ജൂതന്‍മാരെ കൂട്ടത്തോടെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടിയാണ് വീണ്ടും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പുനര്‍നിര്‍മ്മിക്കുന്നത്.

മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരം തന്ത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ അധിനിവേശ ശക്തികള്‍ക്ക് ഗുണപരമായ രീതിയില്‍ പര്യവസാനിക്കുകയുള്ളു എന്ന നിഗമനത്തില്‍ എത്താന്‍ നമുക്ക് സാധിക്കും. പലപ്പോഴും കാര്യങ്ങള്‍ അധിനിവേശക്കാര്‍ക്ക് അനുകൂലമല്ല എന്നതാണ് വസ്തുത.

ചരിത്രത്തില്‍ എല്ലായ്‌പ്പോഴും യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മാത്രമാണ് പ്രതിപാതിക്കുക എന്നത് ശരിയാണ്. അത് നീതിയുക്തമായിരിക്കില്ല. ഇസ്രഈലിന്റെയും ഫലസ്തീനികളുടെയും കാര്യമെടുത്താല്‍ അവര്‍ തമ്മില്‍ സൈനിക ശക്തിയുടെ കാര്യത്തില്‍ ഭീമമായ അന്തരമുണ്ടെങ്കിലും ഇസ്രഈല്‍ രംഗബാേധം നഷ്ടപ്പട്ട കോമാളിയെപ്പോലെ പെരുമാറുന്നു എന്ന് വേണം കരുതാന്‍.

മൊഴിമാറ്റം: ശാദിയ നാസിര്‍

content highlights: an indomitable Hamas and the weakening of the Mossad; Malayalam translation of Mouin Rabbani’s article

മോയിന്‍ റബ്ബാനി

ഡച്ച് - ഫലസ്തീന്‍ വംശജനായ മോയിന്‍ റബ്ബാനി അറബ്-ഇസ്രായേല്‍ വിഷയത്തില്‍ നിരന്തരമായി എഴുതുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ലോകത്തെ മുന്‍ നിര പ്രസിദ്ധീകരണങ്ങള്‍ പതിവായി വരാറുണ്ട്.

We use cookies to give you the best possible experience. Learn more