ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 19 കാരനായ സായ് വര്‍ഷിത് കണ്ടൂല എന്നയാളാണ് അറസ്റ്റിലായത്. തിങ്ങളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസോറിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനാണ് സായ് വര്‍ഷിതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വൈറ്റ് ഹൗസിന് സമീപമുള്ള ലഫായെറ്റ് സ്‌ക്വയറിന്റെ സുരക്ഷാ ബാരിക്കേഡിലേക്ക് വാടകക്കെടുത്ത ട്രക്ക് മനപ്പൂര്‍വം ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങി ഇയാള്‍ ആക്രോശിച്ചെന്നും ഇദ്ദേഹത്തിന്റെ കയ്യില്‍ നാസി പതാകയുണ്ടായിരുന്നെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനെ വധിക്കുമെന്നും അമേരിക്കന്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നൊക്കെയാണ് ഇയാള്‍ പറഞ്ഞിരുന്നത്. അപകടത്തില്‍ ആളപായമോ മറ്റ് പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ഇന്നലെയാണ് പുറത്തുവന്നത്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിക്കുക, തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എന്‍.ബി.സി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.