അമ്പയർ മുങ്ങിയോ, എന്നാലും ഇങ്ങേര് എവിടെപോയി? ഓസ്‌ട്രേലിയയിൽ നിന്നും വൈറൽ രംഗങ്ങൾ
Cricket
അമ്പയർ മുങ്ങിയോ, എന്നാലും ഇങ്ങേര് എവിടെപോയി? ഓസ്‌ട്രേലിയയിൽ നിന്നും വൈറൽ രംഗങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th December 2023, 11:58 am

ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മൂന്നു മത്സ്യങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം മൂന്നാം ദിവസത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തിനിടെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ 3.2 ഓവറിലായിരുന്നു സംഭവം നടന്നത്.

മത്സരത്തിലെ തേര്‍ഡ് അമ്പയര്‍ ആയ റിച്ചാര്‍ഡ് ഇല്ലിഗ്വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിയതിനാല്‍ മത്സരം കുറച്ച് സമയത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു. ലഞ്ചിനു ശേഷം മത്സരം പുനരാരംഭിക്കുമ്പോള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ ജോയല്‍ വില്‍സണ്‍ മൈക്കല്‍ ഗോഫും ഗ്രൗണ്ടില്‍ എത്തിയിട്ടും തേര്‍ഡ് അമ്പയര്‍ ആയ റിച്ചാര്‍ഡ് ആ സമയത്ത് മൈതാനത്തില്‍ എത്തിയില്ല.

എന്നാല്‍ പിന്നീടാണ് റിച്ചാര്‍ഡ് ലിഫ്റ്റില്‍ കുടുങ്ങിയിരിക്കുകയാണെന്ന് വിവരം അറിഞ്ഞത്. ഇതിനു പിന്നാലെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും പൊട്ടിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും. ഒടുവില്‍ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയതിനുശേഷമാണ് മത്സരം വീണ്ടും ആരംഭിച്ചത്.


അതേസമയം മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 318 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ മാര്‍ക്കസ് ലബുഷാനെ 63 റണ്‍സും ഉസ്മാന്‍ ഖവാജ 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 264 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിലയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റും നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ അബ്ദുള്ള ഷഫീക്ക് 62 റണ്‍സും നായകന്‍ ഷാന്‍ മസൂദ് 54 റണ്‍സും മുഹമ്മദ് റിസ്വാന്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

Content Highlight: An incident viral on social media in Australia vs Pakisthan test.