പക അത് വീട്ടാനുള്ളതാണ്! കിട്ടിയത് അത് പോലെ കൊടുത്തു; അടിയും തിരിച്ചടിയും ശ്രദ്ധ നേടുന്നു
Cricket
പക അത് വീട്ടാനുള്ളതാണ്! കിട്ടിയത് അത് പോലെ കൊടുത്തു; അടിയും തിരിച്ചടിയും ശ്രദ്ധ നേടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 11:09 am

ഐ.പി.എല്ലില്‍ പഞ്ചാബിന് തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ഹൈദരാബാദ് പഞ്ചാബിനെ പരാജയപെടുത്തിയത്.

മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ നടന്ന ഒരു പ്രത്യേക സംഭവമാണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തില്‍ ഹൈദരാബാദ് ബാറ്റിങ്ങില്‍ അവസാനമായി ഇറങ്ങിയ ജയ്‌ദേവ് ഉനത്കട്ട് ആദ്യ പന്തില്‍ സിക്‌സ് നേടുകയായിരുന്നു. സാം കറന്റെ പന്തില്‍ ആയിരുന്നു ഉനത്കട്ട് സിക്‌സ് നേടിയത്.

എന്നാല്‍ പഞ്ചാബ് ബാറ്റിങ്ങിലും ഇത്തരത്തില്‍ ഒരു സംഭവം മത്സരത്തില്‍ കാണാന്‍ സാധിച്ചു. ഉനത്കട്ട് എറിഞ്ഞ ആദ്യ പന്തില്‍ സാം കറനും സിക്‌സ് നേടുകയായിരുന്നു. തന്റെ പന്തില്‍ സിക്‌സ് നേടിയ ഉനത്ഖട്ടിനെതിരെ തന്നെ ഇംഗ്ലണ്ട് താരം സിക്‌സ് നേടിയത് ഏറെ ശ്രദ്ധേയമായി. മത്സരത്തില്‍ 22 പന്തില്‍ 29 റണ്‍സാണ് സാം കറന്‍ നേടിയത്. 131.82 പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ കറന്‍ രണ്ടു വീതം ഫോറുകളും സിക്‌സുകളുമാണ് അടിച്ചെടുത്തത്.

ശശാങ്ക് സിങ് 25 പന്തില്‍ പുറത്താവാതെ 45 റണ്‍സും അശുതോഷ് ശര്‍മ 15 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടി അവസാനം വരെ പൊരുതിയെങ്കിലും രണ്ട് റണ്‍സകലെ പഞ്ചാബിന് വിജയം നഷ്ടമാവുകയായിരുന്നു.

പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം അര്‍ധസെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഢിയുടെ കരുത്തിലാണ് ഹൈദരാബാദ് മികച്ച ടോട്ടല്‍ നേടിയത്. 37 പന്തില്‍ 64 നേടികൊണ്ടായിരുന്നു നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. 172.97 സ്‌ട്രൈക്ക് റേറ്റിലാണ് നിതീഷ് കുമാര്‍ ബാറ്റ് വീശിയത്.

Content Highlight: An incident of Jaydev Unadkat and Sam Curren the match between SRH vs PK