അങ്കമാലിയില്‍ കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയ സംഭവം; നഴ്‌സിനെ പിരിച്ചുവിടുമെന്ന് ആരോഗ്യ വകുപ്പ്
Kerala News
അങ്കമാലിയില്‍ കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയ സംഭവം; നഴ്‌സിനെ പിരിച്ചുവിടുമെന്ന് ആരോഗ്യ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 12:11 pm

എറണാകുളം: അങ്കമാലിയില്‍ പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഏഴുവയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ പിരിച്ചുവിടാന്‍ ആരോഗ്യവകുപ്പ്. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഷീട്ടുപോലും പരിശോധിക്കാതെ കുട്ടിക്ക് പേ വിഷബാധക്കുള്ള ഇഞ്ചക്ഷന്‍ കുത്തിവെച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടെയാരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇഞ്ചക്ഷന്‍ എടുത്തതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇന്നലെ തന്നെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കായിരുന്നു നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് താലുക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് നല്‍കിയതോടെ നടപടിയെടുക്കുകയായിരുന്നു.

ഇന്നലെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഏഴുവയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയത്. രക്തപരിശേധനക്കായെത്തിയ കുട്ടിക്കാണ് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയത്.

അമ്മ ഒ.പി ടിക്കറ്റെടുക്കാന്‍ പോയ വേളയിലായിരുന്നു നഴ്സ് കുട്ടിക്ക് കുത്തിവെപ്പ് നല്‍കിയത്. അങ്കമാലി കൊതകുങ്ങര സ്വദേശിയാണ് കുട്ടി. പനിയെ തുടര്‍ന്ന് രക്തപരിശോധക്കായിട്ടായിരുന്നു കുട്ടി ആശുപത്രിയില്‍ എത്തിയത്.

അതേസമയം സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചു.

CONTENT HIGHLIGHTS: An incident in Angamaly where a child was vaccinated against rabies; The health department will fire the nurse