ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഒന്‍പത് റണ്‍സിന് മുംബൈ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തിനിടെ ഗ്രൗണ്ടില്‍ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഞ്ചാബിന് അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് ആവശ്യമുള്ളപ്പോള്‍ ആകാശ് മദ്വാള്‍ ആയിരുന്നു ബൗള്‍ ചെയ്യാന്‍ എത്തിയത്. എന്നാല്‍ ആകാശവും ചെയ്യുന്നതിന് മുമ്പായി മുന്‍ നായകന്‍ രോഹിത് ശര്‍മയുമായി തീവ്രമായ ചര്‍ച്ച നടത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മുന്നില്‍ നിന്നും മുന്‍ നായകന്‍ രോഹിത് ശര്‍മയുമായി ഫീല്‍ഡ് പ്ലേസ്‌മെന്റിനെക്കുറിച്ച് ആകാശ് ചര്‍ച്ച നടത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. പുതിയ ക്യാപ്റ്റന്‍ ഉണ്ടായിട്ടും താരങ്ങള്‍ പഴയ ക്യാപ്റ്റന്റെ ഉപദേശം തേടിയത് സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.
ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീട നേട്ടത്തില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.
ഹര്‍ദിക്കിനെ കീഴില്‍ ഈ സീസണില്‍ മുംബൈ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും നാല് തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഏപ്രില്‍ 22ന് ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: An incident during a Mumbai Indians vs Punjab Kings match went viral on social media