| Saturday, 17th August 2024, 6:44 pm

മഹാരാഷ്ട്രയില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി ആത്മീയ നേതാവ്; പിന്തുണച്ച് മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: മഹാരാഷ്ട്രയിലെ ആത്മീയ നേതാവ് രാംഗിരി മഹാരാജിനെതിരെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലിസ്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഷാപഞ്ചാലെ ഗ്രാമത്തിലാണ് സംഭവം.

മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് താനെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാംഗിരി മഹാരാജ് പങ്കെടുത്ത മതപരമായ ചടങ്ങിനിടെയാണ് വിവാദ പരാമര്‍ശം.

നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കിലെ ഗ്രാമത്തില്‍ മതപരമായ ചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയെന്നും സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞിരുന്നു. സാജിദ് ഉല്‍ റഹ്‌മാന്‍ എന്നയാളുടെ പരാതിയിലാണ് രാംഗിരി മഹാരാജിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ് ന്യായ് സംഹിത 302 (2), 353 (1), 299, 302, 196 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മതവികാരം വ്രണപ്പെടുത്തല്‍, മതവിഭാങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മനപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

‘ഹിന്ദുക്കള്‍ ഒന്നിക്കണമെന്നുള്ള ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇനി എന്തുവന്നാലും നേരിടും. കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ നോട്ടീസ് വരുമ്പോള്‍ നോക്കാം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളോടാണ് ഞാന്‍ പ്രതികരിച്ചത്, രാംഗിരി മഹാരാജ് പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക്, ഛത്രപതി സംഭാജിനഗര്‍ എന്നീ ജില്ലകളിലും രാംഗിരി മഹാരാജിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സമാധാനം ലംഘിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാംഗിരി മഹാരാജുമായി വേദി പങ്കിട്ടിരുന്നു. വേദിയില്‍വെച്ച് മുഖ്യമന്ത്രി രാംഗിരി മഹാരാജിനെ സന്യാസി എന്ന് പരാമര്‍ശിക്കുകയും മഹാരാഷ്ട്രയില്‍ ആരും സന്യാസിയുടെ മേല്‍ കൈവെക്കാന്‍ ധൈര്യപ്പെടില്ല എന്ന് ഉറപ്പ് നല്‍കിയതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

Content Highlight: An FIR has been registered against Maharashtra’s spiritual leader Ramgiri Maharaj for making anti-Islamic remarks.

We use cookies to give you the best possible experience. Learn more