ന്യൂദല്‍ഹി: ഇന്ത്യയിലെ ഇസ്രഈല്‍ എംബസിയുടെ സമീപ പ്രദേശങ്ങളില്‍ സ്‌ഫോടനമുണ്ടായെന്ന് വിവരം ലഭിച്ചതായി ദല്‍ഹി പൊലീസ്. എംബസിയുടെ അടുത്ത് സ്‌ഫോടനം നടന്നതിന്റെ വലിയ ശബ്ദം കേട്ടുവെന്നും വ്യാപകമായി പുക ഉയര്‍ന്നെന്നുമാണ് പൊലീസിന് ദൃക്സാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് ലഭിച്ച വിവരം.
എന്നാല്‍ പ്രദേശത്ത് നിന്ന് ഇതുവരെ സ്ഫോടക വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ വിഷയത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ദല്‍ഹി പൊലീസിന്റെ ക്രൈം യൂണിറ്റ് സംഘവും ഫോറന്‍സിക് സംഘവും സ്ഥലത്തുണ്ട്.
ബോംബ് സ്ഫോടനത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചതായി ദല്‍ഹി ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്താണ് സംഭവിച്ചെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംബസിക്ക് കൂടുതല്‍ സുരക്ഷാ ഒരുക്കിയിട്ടുണ്ടെന്നും ഓഫീസില്‍ കെട്ടിടം കടുത്ത ജാഗ്രതയിലാണെന്നും അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി.
ഇസ്രഈല്‍ എംബസിക്ക് സമീപമാണ് വലിയ ശബ്ദം ഉണ്ടായതെന്ന് എംബസി വക്താവായ ഗൈ നിര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞതായി ഏജന്‍സി റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച 5:20ഓടെ സ്ഫോടനം നടന്നതായി തങ്ങള്‍ക്ക് സ്ഥിരീകരിക്കാനാകുമെന്നും ഗൈ നിര്‍ സൂചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ എംബസിയുടെ സമീപത്ത് നിന്ന് ഒരു കത്ത് ലഭിച്ചുവെന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ അംബാസിഡര്‍ക്ക് എഴുതിയ കത്താണിതെന്നാണ് വിലയിരുത്തല്‍. കത്തില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Content Highlight: An explosion has reportedly taken place near the Israeli Embassy in India