| Sunday, 19th February 2023, 11:06 am

അപ്പോ ഫയര്‍ റെസ്‌ക്യൂ വകുപ്പിലെ ജീവനക്കാരാ അങ്ങ് ധൈര്യമായി യൂട്യൂബ് ചാനല്‍ തുടങ്ങിക്കോ; സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങരുതെന്ന ഉത്തരവിനെതിരെ ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വിമര്‍ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഇത് അധികാരദുര്‍വിനിയോഗമാണെന്നും സ്വതന്ത്രചിന്ത, ആവിഷ്‌കാരം എന്നീ മൗലികാവകാശം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

യൂട്യൂബ് ചാനല്‍ ആരംഭിക്കാനുള്ള അനുമതി തേടി അഗ്നിശമനസേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ വരുമാനമുണ്ടാകുമെന്നും അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഇതില്‍ രണ്ട് ആനമണ്ടത്തരമുണ്ടെന്നും പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ചും അഗ്നിശമനസേനാംഗത്തെ പിന്തുണച്ചും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.

ജീവനക്കാര്‍ കച്ചവടമോ മറ്റോ നടത്തുന്നുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂവെന്നും ക്രിയാത്മകമായ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി പോലും വേണ്ടയെന്നും ആര്‍ട്ടിക്കിള്‍ 19 (2) മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു. അത് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിര്‍ത്തണമെന്നും എന്നാല്‍ ഏതെങ്കിലും നിയമത്തിനോ നയത്തിനോ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ സര്‍ക്കാരിന് നിര്‍ത്താന്‍ പറയാന്‍ സാധിക്കൂള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് കച്ചവടം നടത്താന്‍ അല്ലെങ്കില്‍ മുന്‍കൂര്‍ അനുമതി ചോദിക്കേണ്ട കാര്യമില്ലെന്നും ഇനിയാരെങ്കിലും അബദ്ധത്തില്‍ സര്‍ക്കാരിനോട് അനുവാദം ചോദിച്ചാല്‍ത്തന്നെ തരാനോ നിഷേധിക്കാനോ ഒരാളെയും നിയമം ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു മണ്ടത്തരമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് റോയല്‍റ്റി ആണ്. പുസ്തകമോ ചാനലോ വഴി കിട്ടുന്ന റോയല്‍റ്റി അഴിമതി നിരോധന നിയമത്തിനു കീഴില്‍ വരില്ലെന്നും സര്‍വീസ് ചട്ടത്തില്‍ അത് നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് റോയല്‍റ്റി എടുക്കുന്നതിനും വിലക്കില്ല. വിലക്കാന്‍ വകുപ്പുമേധാവിയെ ചുമതലപ്പെടുത്തുന്ന ഒരു നിയമം നിയമസഭ പാസാക്കാതെ അതിനുള്ള അധികാരം സെക്രട്ടറിക്ക് കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂട്യൂബില്‍ നിശ്ചിത വരിക്കാര്‍ ഉണ്ടെങ്കില്‍ പണം കിട്ടുമെന്നൊക്കെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ഒരുകോടി വരിക്കാര്‍ ഉണ്ടെങ്കിലും ചാനല്‍ പ്രത്യേകം മോണിറ്റൈസ് ചെയ്താല്‍ മാത്രമേ അത് കിട്ടൂവെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ഇരുന്നു ഭരിക്കുന്നവര്‍ താഴേയ്ക്കുള്ളവരെ പേടിപ്പിച്ചു ഭരിക്കുമ്പോള്‍ ഇതൊക്കെ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസിലാക്കുന്നതല്ലേ മര്യാദയെന്ന് പറഞ്ഞ അദ്ദേഹം ഇത് അധികാരദുര്‍വിനിയോഗമാണെന്നും വിമര്‍ശിച്ചു.

ഓണററി ആയി കലാ, സാഹിത്യ, ശാസ്ത്ര വിഷയങ്ങളില്‍ ഒരു കവലപ്രസംഗം നടത്തുന്നതിനോ പുസ്തകം എഴുതുന്നതിനോ യൂട്യൂബില്‍ അത് പ്രസിദ്ധീകരിക്കുന്നതിനോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. ഓണറേറിയവും കൈപ്പറ്റുകയും ചെയ്യാം. അനുമതി വേണ്ടെന്നു ചട്ടം വ്യക്തമാക്കിയിട്ടും ‘അനുമതി വേണ്ടേ?’ എന്ന് ചിലര്‍ക്ക് മനസ്സില്‍ തോന്നുന്നതിന്റെ പേരാണ് മാനസിക അടിമത്തമെന്നും ഹരീഷ് പറഞ്ഞു.

അഗ്നിശമനസേനാംഗത്തോട് ധൈര്യമായി യൂട്യൂബ് ചാനല്‍ തുടങ്ങിക്കോവെന്നും ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ആവിഷ്‌കരിക്കൂവെന്നും പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

നിലവില്‍ പല സര്‍ക്കാര്‍ ജീവനക്കാരും യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവനക്കാര്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ധനകാര്യ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. പൊലീസ് സേനാംഗങ്ങള്‍ യൂണിഫോമില്‍ സമൂഹ മാധ്യമങ്ങളില്‍ റീലുകളിലും മറ്റും പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയോ പാടില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് പല തവണ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ പാടില്ലേ?
പുസ്തകം അച്ചടിക്കുംമുന്‍പോ ചാനല്‍ തുടങ്ങും മുന്‍പോ മുന്‍കൂര്‍ അനുമതി വാങ്ങണോ? ആഭ്യന്തര വകുപ്പിന്റെ ഡെപ്യുട്ടി സെക്രട്ടറിയുടെ വിവരമില്ലായ്മയെ പറ്റി..

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ തുടങ്ങി നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സ് വന്നാല്‍ വരുമാനം കിട്ടുമെന്നും അത് സര്‍വീസ് പെരുമാറ്റചട്ടത്തിന്റെ ലംഘനമായി കണക്കാക്കാവുന്നതാണ് എന്നും അതിനാല്‍ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞുള്ള ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യുട്ടി സെക്രട്ടറി ഇറക്കിയ ഒരു തിട്ടൂരം കറങ്ങി നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ? രണ്ട് ആന മണ്ടത്തരമാണ് ഈ നിര്‍ദ്ദേശത്തിലുള്ളത് എന്നാണെന്റെ ബോധ്യം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1)(a) അനുശാസിക്കുന്ന പൗരന്റെ സ്വതന്ത്രചിന്ത, ആവിഷ്‌കാരം എന്നീ മൗലികാവകാശം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ പ്രസ്തുത അവകാശത്തിനുള്ള നിയന്ത്രണം ആര്‍ട്ടിക്കിള്‍ 19(2) ല്‍ പറയുന്നു.
(in the interests of the sovereignty and integrity of India, the security of the State, friendly relations with foreign States, public order, decency or morality or in relation to contempt of court, defamation or incitement to an offence) ഈ വിഷയങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാനോ പുതിയവ കൊണ്ടുവരാനോ സര്‍ക്കാരിന് ഇത് ബാധകമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം സര്‍ക്കാരിന് നിയന്ത്രിക്കണമെങ്കില്‍ മേല്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ ഒരു നിയമം കൊണ്ടുവന്ന് മാത്രമേ തടയാനാകൂ. നിയമം കൊണ്ടുവന്നാല്‍ത്തന്നെ content മേല്‍പ്പറഞ്ഞ വിഷയങ്ങളെ ബാധിച്ചാലേ തടയാനാകൂ.
നിലവിലെ സര്‍വീസ് ചട്ടത്തില്‍ അത്തരം വ്യവസ്ഥയുണ്ടോ? ഇല്ല. ജീവനക്കാര്‍ കച്ചവടമോ മറ്റോ നടത്തുന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ക്രിയാത്മകമായ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി പോലും വേണ്ട.
സര്‍ക്കാര്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തേണ്ടി വരുമെന്ന് മാത്രം. അത് പറയണമെങ്കിലും ഏതെങ്കിലും നിയമത്തിനോ നയത്തിനോ വിരുദ്ധമായി കണ്ടെത്തിയാല്‍ മാത്രമേ സാധിക്കൂ.

ഓണററി ആയി കലാ, സാഹിത്യ, ശാസ്ത്ര വിഷയങ്ങളില്‍ ഒരു കവലപ്രസംഗം നടത്തുന്നതിനോ പുസ്തകം എഴുതുന്നതിനോ യൂട്യൂബില്‍ അത് പ്രസിദ്ധീകരിക്കുന്നതിനോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. ഓണറേറിയവും കൈപ്പറ്റാം. അനുമതി വേണ്ടെന്നു ചട്ടം വ്യക്തമാക്കിയിട്ടും ‘അനുമതി വേണ്ടേ?’ എന്ന് ചിലര്‍ക്ക് മനസ്സില്‍ തോന്നുന്നതിന്റെ പേരാണ് മാനസിക അടിമത്തം.
(ശിവശങ്കര്‍ കഅട ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ‘മുന്‍കൂര്‍ അനുമതി ഇല്ലാതെ’ എന്നൊക്കെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത് ഈ വിവരമില്ലായ്മ കൊണ്ടാവണം. )

അതുകൊണ്ട് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് കച്ചവടം നടത്താന്‍ അല്ലെങ്കില്‍ മുന്‍കൂര്‍ അനുമതിയേ ചോദിക്കേണ്ട കാര്യമില്ല. ഇനിയാരെങ്കിലും അബദ്ധത്തില്‍ സര്‍ക്കാരിനോട് അനുവാദം ചോദിച്ചാല്‍ത്തന്നെ തരാനോ നിഷേധിക്കാനോ ഒരാളെയും നിയമം ചുമതലപ്പെടുത്തിയിട്ടും ഇല്ല. അനുവാദമേ വേണ്ടെങ്കില്‍ ‘കൊടുക്കാന്‍ കഴിയില്ല’ എന്ന പ്രശ്‌നമില്ലല്ലോ.

റോയല്‍റ്റി ആണ് അടുത്ത വിഷയം. പുസ്തകമോ ചാനലോ വഴി കിട്ടുന്ന റോയല്‍റ്റി അഴിമതിനിരോധന നിയമത്തിനു കീഴില്‍ വരില്ല. സര്‍വീസ് ചട്ടത്തില്‍ അത് നിരോധിച്ചിട്ടുമില്ല. അതുകൊണ്ട് റോയല്‍റ്റി എടുക്കുന്നതിനും വിലക്കില്ല. വിലക്കാന്‍ വകുപ്പുമേധാവിയെ ചുമതലപ്പെടുത്തുന്ന ഒരു നിയമം നിയമസഭ പാസാക്കാതെ അതിനുള്ള അധികാരം സെക്രട്ടറിക്ക് കിട്ടില്ല.
യുട്യൂബില്‍ നിശ്ചിത വരിക്കാര്‍ ഉണ്ടെങ്കില്‍ പണം കിട്ടുമെന്നൊക്കെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഒരുകോടി വരിക്കാര്‍ ഉണ്ടെങ്കിലും ചാനല്‍ പ്രത്യേകം മോണിറ്റൈസ് ചെയ്താല്‍ മാത്രമേ അത് കിട്ടൂ. സെക്രട്ടേറിയറ്റില്‍ ഇരുന്നു ഭരിക്കുന്നവര്‍ താഴേയ്ക്കുള്ളവരെ പേടിപ്പിച്ചു ഭരിക്കുമ്പോള്‍ ഇതൊക്കെ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസിലാക്കുന്നതല്ലേ മര്യാദ? അല്ലങ്കില്‍ ഇത് അധികാരദുര്‍വിനിയോഗം ആണ്.

അപ്പോ ഫയര്‍ റസ്‌ക്യൂ വകുപ്പിലെ പേരറിയാത്ത ജീവനക്കാരാ, അങ്ങ് ധൈര്യമായി യുട്യൂബ് ചാനല്‍ തുടങ്ങി ഭരണഘടന 19(2) അനുശാസിക്കുന്ന വിഷയങ്ങളെ ബാധിക്കാത്ത തരത്തില്‍ സ്വയം ആവിഷ്‌കരിക്കൂ. ഇത് ഇന്‍ഡ്യാരാജ്യമാണ്. ജനാധിപത്യവും.

അഡ്വ ഹരീഷ് വാസുദേവന്‍.

CONTENT HIGHLIGHT: An employee of the fire rescue department bravely started a YouTube channel; Harish Vasudevan against the order that government employees should not start YouTube channels

We use cookies to give you the best possible experience. Learn more