കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം.കെ. മന്‍സൂറിനെയാണ് സസ്‌പെന്റ് ചെയ്തത്.
ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പിഴവ് തിരുത്താന്‍ 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി പണം അയച്ചതായി രേഖയുണ്ട്.
പ്രഥമിക പരിശോധനയില്‍ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
സമാനമായ മറ്റൊരു പരാതിയും സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്ന സ്ഥിതിക്ക് അതും പരിശോധിക്കാനൊരുങ്ങുന്നുണ്ട്.
അതേസമയം, മാര്‍ക്ക് ലിസ്റ്റിന് വേണ്ടി വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് അറസ്റ്റിലായിരുന്നു. മാര്‍ക്ക് ലിസ്റ്റിന് വേണ്ടി വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സി നേരത്തെയും പണം വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും.
എല്‍സിയുടെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട ശേഷം എം.ജി സര്‍വകലാശാലയില്‍ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളാണ്. ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്നും സിന്‍ഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പുറത്തായിരുന്നു. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എല്‍സിയുടെ നിയമനം ഉള്‍പ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ല്‍ നല്‍കിയ റിപ്പോര്‍ട്ട്.
CONTENT HIGHLIGHTS: An employee of Calicut University has been suspended for allegedly accepting a bribe