| Thursday, 26th December 2024, 12:57 pm

'ആന ഒരു വന്യമൃഗമാണ്; രക്ഷാപ്രവര്‍ത്തനത്തില്‍ ധൈര്യമല്ല, നൈപുണ്യമാണാവശ്യം': മുരളി തുമ്മാരുകുടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളാ പൊലീസിന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ആനയെ ശാസിച്ച് തിരിച്ച് വിടുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റിന് വിമര്‍ശനവുമായി ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. രക്ഷാപ്രവര്‍ത്തനത്തിന് ധൈര്യമല്ല, നൈപുണ്യമാണാവശ്യമെന്നും മുരളി തുമ്മാരുകുടി പറയുന്നു.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രകീര്‍ത്തിച്ചുള്ള പൊലീസിന്റെ പോസ്റ്റും പോസ്റ്റിനെ പിന്തുണച്ചുള്ള കമന്റുകളും കണ്ടപ്പോള്‍ ഈ വിഷയത്തില്‍ പൊലീസുകാര്‍ക്ക് പ്രൊഫഷണലിസം ഇല്ലെന്ന് തോന്നിയതായാണ് മുരളി തുമ്മാരുകുടി പറയുന്നത്.

രക്ഷാപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പറഞ്ഞ് മനസിലാക്കേണ്ട കാര്യം ധീരന്മാര്‍ ചെറുപ്പത്തില്‍ തന്നെ മരിക്കുമെന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്. ധീരതയോ ധൈര്യമോ മാത്രമല്ല സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത് നൈപുണ്യമാണെന്നും മുരളി തുമ്മാരുകുടി പറയുന്നുണ്ട്.

ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ചും രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോന്നുമെന്നും എന്നാല്‍ അത് പ്രൊഫഷണലായി ശരിയല്ലെന്നാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നത്.

ശരിയായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചും രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും മാര്‍ഗരേഖകളും അനുസരിച്ച് ചെയ്യേണ്ട കാര്യമാണ് രക്ഷാപ്രവര്‍ത്തനമെന്നും അവിടെ ധൈര്യമല്ല, നൈപുണ്യമാണ് പ്രധാനമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

കാട്ടാനയെ ശാസിച്ച് കാട്ടിലേക്ക് തിരിച്ച് വിടുന്ന അതിരപ്പിള്ളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മുഹമ്മദിന്റെ വീഡിയോയാണ് കേരള പൊലീസിന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിഞ്ഞോടി ശീലമില്ലെന്നും നെഞ്ചും വിരിച്ച് നേരിട്ടിട്ടേ ഉള്ളൂവെന്നുമാണ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

എ.ഡി.ജി.പി മനോജ് എബ്രഹാം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടിലും ആനയുടെയും സിവില്‍ പൊലീസ് ഓഫീസറെയും കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒരു ആനയെ ശാസിച്ചു തിരിച്ചുവിടുന്ന ഒരു ഫോറസ്റ്റുദ്യോഗസ്ഥന്റെ വാര്‍ത്തയും ഇതുപോലെ വൈറല്‍ ആയിരുന്നുവെന്നും ഇന്ന് ആ ഫോറസ്റ്റുദ്യോഗസ്ഥന്‍ ജീവനോടെ ഇല്ലെന്നും മുരളി തുമ്മാരുകുടി പറയുന്നു.

‘ആന ഒരു വന്യമൃഗമാണ്. അതിന് ഫോറസ്റ്റും പോലീസും ഒന്നുമില്ല. അതിനോട് ഇടപെടുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ശേഷം ചിന്ത്യം’, മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Content Highlight: An elephant is a wild animal; Rescue work requires skill, not courage’: Murali Tummarukudi

We use cookies to give you the best possible experience. Learn more