| Saturday, 24th April 2021, 3:30 pm

എനിക്ക് ജീവിക്കാന്‍ വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്; അക്കൗണ്ടില്‍ ആകെയുള്ള 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിടാന്‍ ബാങ്കിലെത്തിയ വയോധികന്‍; കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡിനുള്ള വാക്‌സിന്‍ സംസ്ഥാനങ്ങള്‍ മരുന്നുകമ്പനിയില്‍ നിന്ന് നേരിട്ട് പണം കൊടുത്ത് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിനുള്ള പണം അയച്ചുകൊടുത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളത്തിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. നിരവധി പേരായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചത്.

ഇത്തരത്തില്‍ പണം അയച്ചുതരുന്നവരെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി ഇതാണ് കേരളമെന്നും ഇതാണ് ഈ നാടിന്റെ രീതിയെന്നും വ്യക്തമാക്കിയിരുന്നു.

അത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാനായി തന്റെ ബാങ്കില്‍ എത്തിയ വയോധികനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതുകയാണ് കണ്ണൂരില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥനായ സൗന്ദര്‍രാജ് സി.പി..

അക്കൗണ്ടിലുള്ള 2,00,850 രൂപയില്‍ നിന്നും രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നായിരുന്നു വയോധികനും ബീഡിതെറുപ്പ് തൊഴിലാളിയുമായ അദ്ദേഹം ആവശ്യപ്പെട്ടതെന്ന് സൗന്ദര്‍രാജ് പറയുന്നു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ എടുത്ത തീരുമാനമാണ് ഇതെന്നും പണം ഇന്ന് തന്നെ അയച്ചാലേ തനിക്ക് ഉറങ്ങാന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു പേര് വെളിപ്പെടുത്തേണ്ട എന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞതെന്ന് സൗന്ദര്‍രാജ് ഫേസ്ബുക്കിലെഴുതി.

കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും, ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു.

എന്നാല്‍ തനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ടെന്നും ബീഡി തെറുത്താല്‍ ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ടെന്നും ജീവിക്കാന്‍ അത് തന്നെ ധാരാളമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സൗന്ദര്‍രാജ് ഫേസ്ബുക്കിലെഴുതി.

സൗന്ദര്‍രാജ് സി.പി.യുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു…2,00,850 രൂപ ഉണ്ടെന്നു പറഞ്ഞു. ‘ ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം ‘

കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.

‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം.

‘ ‘മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ‘

അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍….ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്.

അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും…..അതാണ് ഉറപ്പോടെ പറയുന്നത്..ഇത് കേരളമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: An elderly man who deposit all his money in Chief Minister’s Disaster Relief Fund

We use cookies to give you the best possible experience. Learn more