തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പെ കശ്മീരില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമം; അഞ്ച് പേരെ നേരിട്ട് നിര്‍ദേശം ചെയ്യാന്‍ നീക്കം
national news
തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പെ കശ്മീരില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമം; അഞ്ച് പേരെ നേരിട്ട് നിര്‍ദേശം ചെയ്യാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2024, 8:47 am

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഭയിലേക്ക് അഞ്ച് പേരെ നിര്‍ദേശിക്കാനൊരുങ്ങി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. 2019ലെ പുനഃസംഘടന നിയമവും 2023ലെ നിയമസഭാ ഭേദഗതിയും ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി കോപ്പുകൂട്ടുന്നത്.

പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ഇല്ലാതെ തൂക്കുമന്ത്രിസഭ നിലവില്‍ വരും എന്ന പ്രവചനങ്ങള്‍ നടക്കുമ്പോഴാണ് ജനവിധിയെ അട്ടിമറിച്ചുകൊണ്ടുള്ള ഇത്തരമൊരു ശ്രമത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്.

വനിതകള്‍ക്ക് നിയമസഭയില്‍ ആവശ്യമായ പ്രാതിനിധ്യം ഇല്ലാത്തപക്ഷം 2019ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമപ്രകാരം രണ്ട് വനിതകളെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഇവര്‍ക്ക് പുറമെ കശ്മീരി പണ്ഡിറ്റുകളുടെ രണ്ട് പ്രതിനിധികള്‍, പാക് അധീന കശമീരിലെ അഭയാര്‍തഥികള്‍ എന്നിവര്‍ക്ക് ഒരു സീറ്റ് എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്. 2023ലെ നിയമഭേദഗതി വഴിയാണ് ഗവര്‍ണര്‍ക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമാവും ഇവരുടെ നാമനിര്‍ദേശ പ്രക്രിയ നടക്കുക.

എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇവര്‍ക്ക് വോട്ടവകാശമോ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ പങ്കാളിത്തമോ ഇല്ല. എന്നാല്‍ കശ്മീര്‍ നിയമസഭ പുതിച്ചേരി മാതൃകയിലാണെന്നും അതിനാല്‍ തന്നെ നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശം ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ നടപടി ജനാധിപത്യ വിരുദ്ധവും ജനവിധിക്ക് എതിരാണെന്നും പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം അത്തരം നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലെഫ്. ഗവര്‍ണറോട് ആവശ്യപ്പട്ടിട്ടുണ്ട്.

‘സുപ്രീം കോടതി ഇടപെട്ടതിന് ശേഷം മാത്രം 10 വര്‍ഷത്തിനിപ്പുറം ബി.ജെ.പി തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ അവര്‍ 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലൂടെ ലെഫ്.ഗവര്‍ണര്‍ക്ക് പുതിയ അധികാരം നല്‍കി. ഇങ്ങനെപോയാല്‍ പുതിയ സര്‍ക്കാരിന് പരിമിതമായ ജനാധിപത്യം മാത്രമായിരിക്കും ലഭിക്കുക.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി സര്‍ക്കാര്‍ എല്ലാ അധികാരങ്ങളും തട്ടിയെടുത്തു. ഒരു ഡെപ്യൂട്ടി മജിസ്ട്രേറ്റിനെയോ എസ്.പിയെയോ സ്ഥലം മാറ്റുന്നത് പോലും മുഖ്യമന്ത്രിക്ക് അധികാരമില്ലാതായി,’ ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രവീന്ദര്‍ ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസിന് പുറമെ പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളും ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: An attempt to subvert the people’s verdict in Jammu and Kashmir before the election results are out; L.G Moved to nominate  five people