'ഈ ബഹിരാകാശ യാത്രികന്റെ' നടത്തം ചന്ദ്രനിലൂടെയല്ല; റോഡിലെ കുഴിയിലൂടെയുള്ള വേറിട്ട പ്രതിഷേധം;ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ
India
'ഈ ബഹിരാകാശ യാത്രികന്റെ' നടത്തം ചന്ദ്രനിലൂടെയല്ല; റോഡിലെ കുഴിയിലൂടെയുള്ള വേറിട്ട പ്രതിഷേധം;ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 11:23 am

ബെംഗളൂരു: റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാകുമ്പോഴും സുരക്ഷിതമായ രീതിയില്‍ സഞ്ചാര യോഗ്യമായ റോഡുകള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാറില്ല. ഒറ്റമഴകൊണ്ട് പൊട്ടിപ്പൊളിയുന്ന റോഡുകളാണ് മിക്കയിടത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റോഡിലൂടെ കുഴിയിലൂടെ ഒരു ബഹിരാകാശ യാത്രികനെ പോലെ നടക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരു സ്വദേശിയായ ബാദല്‍ നഞ്ചുണ്ടസ്വാമിയാണ് കുഴികള്‍ നിറഞ്ഞ റോഡിലൂടെ ബഹിരാകാശത്ത് ഇറങ്ങിയ ആളെപ്പോലെ നടന്നു നീങ്ങുന്നത്. ബഹിരാകാശ യാത്രികന് സമാനമായ വേഷവിധാനത്തോടെ സാവധാനം നടന്നുനീങ്ങുന്നതാണ് വീഡിയോ. ഇദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. സെക്കന്റുകള്‍ക്കകം വീഡിയോ വൈറലായി.

ബഹിരാകാശത്തിലെ ഉപരിതലത്തിലെ ഗര്‍ത്തങ്ങള്‍ക്ക് സമാനമായി തോന്നിക്കുന്ന കുഴിയിലൂടെയാണ് ഇദ്ദേഹത്തിന്റെ ‘ രസകരമായ’ യാത്ര. ഒറ്റ നോട്ടത്തില്‍ വീഡിയോ കാണുന്ന ആള്‍ ചന്ദ്രനിലോ മറ്റോ ഇറങ്ങിയ ബഹിരാകാശ യാത്രികനാണ് ഇതെന്ന് തോന്നുമെങ്കിലും കാറും ഓട്ടോയും വാഹനങ്ങളും കടന്നുപോകുന്ന ഒരു റോഡിലൂടെയാണ് ഈ യാത്രയെന്ന് തൊട്ടടുത്ത സെക്കന്റില്‍ മനസിലാകും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബെംഗളൂരുവിലെ തുംഗനഗര്‍ മെയിന്‍ റോഡിലൂടെയായിരുന്നു നഞ്ചുണ്ടസ്വാമിയുടെ ഈ നടത്തം. ബഹിരാകാശ സഞ്ചാരികള്‍ നടക്കുന്നതിന് സമാനമായി വളരെ സാവധാനമാണ് നടത്തം.

റോഡിലെ കുഴിക്കെതിരെ ബാദല്‍ നഞ്ചുണ്ടസ്വാമി പ്രതീകാത്മകമായി പ്രതിഷേധിക്കുന്നത് ഇതാദ്യമല്ല. വ്യത്യസ്തമായ രീതിയില്‍ മുതലകളുടെ വസ്ത്രം ധരിച്ചും ചിത്രങ്ങള്‍ വരച്ചും ഇദ്ദേഹം പ്രതിഷേധിച്ചിരുന്നു.

ബെംഗളൂരുവിലെ സിവിക് ഏജന്‍സിയായ ബ്രുഹാത്ത് ബെംഗളൂരു മഹാനഗര്‍ പാലികെ പുറത്തുവിട്ട കണക്കുപ്രകാരം ബെംഗളൂരുവിലുടനീളം റോഡുകളിലായി 2,840 ലധികം കുഴികള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ റോഡിയിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചിരുന്നു. താങ്ക് യു കൊച്ചി കോര്‍പ്പറേഷന്‍ എന്നെഴുതിയ ബാനറുകള്‍ പിടിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം.