'ഗോള് വീണ് വല കുലുങ്ങണത് കാണണേല്‍ ങ്ങള് നോക്കീ' ; പാത്തുവിന് മൊഞ്ച് കൂട്ടുന്ന മലപ്പുറം ഭാഷ
Entertainment
'ഗോള് വീണ് വല കുലുങ്ങണത് കാണണേല്‍ ങ്ങള് നോക്കീ' ; പാത്തുവിന് മൊഞ്ച് കൂട്ടുന്ന മലപ്പുറം ഭാഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 6:12 pm

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയാണ് ശേഷം മൈക്കിൽ ഫാത്തിമ. സംസാരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഫാത്തിമ എന്ന കഥാപാത്രമാണ് സിനിമയുടെ നെടുംതൂൺ. കുട്ടിക്കാലം മുതൽ നിർത്താതെ സംസാരിക്കുകയും കഥ പറയുകയും ചെയ്യുന്ന ഫാത്തിമയെ എല്ലാവരും ചെല്ലബ്ബച്ചി പാത്തു എന്നായിരുന്നു വിളിക്കാറ്.

ടോം ആൻഡ് ജെറി കാർട്ടൂൺ കാണുമ്പോഴും ടിവിയിൽ ഇക്കയോടൊപ്പം ഫുട്ബോൾ മാച്ച് കാണുമ്പോഴും ഫാത്തിമ തന്റെ മലപ്പുറം ഭാഷയിൽ അതിന് കമന്ററി പറയുമായിരുന്നു. അങ്ങനെ വളർന്നു വലുതായപ്പോൾ ഫാത്തിമയ്ക്ക് ഒരു ഫുട്ബോൾ കമന്റേറ്ററാവണമെന്ന മോഹം ഉദിക്കുകയാണ്.

മലപ്പുറം ജില്ലയിലെ ഒരു തനി നാട്ടിൻ പുറത്തുകാരിയാണ് ഫാത്തിമ. ചെറുപ്പം തൊട്ടേ ഇക്കയോടൊപ്പം ഫുട്ബോളിനെ കുറിച്ചും ക്ലബ്ബുകളെ കുറിച്ചും ചില കളിക്കാരെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു വളരുമ്പോൾ നായിക മലപ്പുറംകാരിയായില്ലെങ്കിലേ അത്ഭുതമുള്ളു.

മലപ്പുറവും ഫുട്ബോളും കോർത്തിണക്കി കഥ പറയുന്ന സിനിമ ഇത്‌ ആദ്യമായല്ല. എന്നാൽ അതോടൊപ്പം തന്നെ മലപ്പുറം സ്ലാങ്ങിന് വലിയ പ്രാധാന്യം സിനിമ കൊടുക്കുന്നുണ്ട്. മലപ്പുറം സ്ലാങ്ങിൽ ഫുട്ബോൾ കമന്ററി പറയുന്ന നായികയാണ് ഇവിടെ ഹീറോ. നാവൊന്ന് വഴങ്ങി കിട്ടാൻ ഏറെ പ്രയാസമുള്ള സ്ലാങ്ങാണ് മലബാർ മലയാളം.

കടലിലെ തിരമാല കണക്കെ പാത്തു കാൽപ്പന്തിനെ കുറിച്ച് പറയുമ്പോൾ ആ ഭാഷയുടെ രസം ഒട്ടും ചോർന്നു പോകാതെ തന്നെ സംവിധായകൻ മനു. സി. കുമാർ അത് എടുത്തുവച്ചിട്ടുണ്ട്. സിനിമയുടെ ഒന്നാം പകുതി മുഴുവൻ മലപ്പുറം ജില്ലയെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ അവിടെ വലിയ രീതിയിൽ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് പാത്തുമ്മയുടെ ഈ മലപ്പുറം സ്ലാങ്ങ് തന്നെയാണ്. എന്നാൽ സ്വപ്നങ്ങൾക്ക് പുറകെ പോകുന്ന ഫാത്തിമ പിന്നീട് കൊമ്പ് കോർക്കേണ്ടി വരുന്നത് സ്പോർട്സ് ഫെഡറേഷന്റെ തലപ്പത്തുള്ള വമ്പൻ സ്രാവുകളോടാണ്.

അവിടെ ചെന്ന് അവരോട് ‘ഞാന്റെ ചെറുപ്പം മുതൽ കാക്കയോടൊപ്പം കളി കാണലുണ്ടായ്നു’ എന്ന് ഫാത്തിമ പറയുമ്പോൾ അവരിൽ ഒരാൾ പുച്ഛത്തോടെ പറയുന്നത്, ‘എന്ത്, കാക്കയോ? ഇത് മലപ്പുറം സ്ലാങാണ് ഇവർക്ക് മലയാളമൊന്നും അറിയില്ല’ എന്നാണ്. ഈ ഭാഷ കൊണ്ട് ഫുട്ബോൾ കമന്റ്റി നടക്കില്ല എന്ന് സിനിമയിൽ പറയുന്നുണ്ട്. എന്നാൽ ആ ഭാഷയിലുള്ള ഫാത്തിമയുടെ സംസാരം തന്നെയാണ് പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരിത്തുന്നത്.

മുമ്പൊന്നും ചെയ്യാത്ത തരത്തിലാണ് കല്യാണി പ്രിയദർശൻ തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത്. തല്ലുമാല എന്ന ചിത്രത്തിൽ കുറച്ചൊക്കെ മലബാർ സ്ലാങ് പിടിച്ച കല്യാണി ഫാത്തിമയിലേക്ക് വരുമ്പോൾ പൂർണമായി ഒരു മലപ്പുറംകാരി ആവാൻ നന്നായി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാവാം ഫാത്തിമ സംസാരിക്കുന്ന പല സീനുകളും ക്ലോസപ്പ് ഷോട്ടിൽ വെക്കാൻ സംവിധായകനും ധൈര്യം തോന്നിയത്.

‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന തരത്തിൽ സിനിമയുടെ പേരിൽ അടക്കം മലപ്പുറം കൊണ്ടുവന്നിട്ടുള്ള ചിത്രങ്ങളുണ്ടെങ്കിലും അതൊന്നും അത്രത്തോളം അടയാളപ്പെടുത്തിയിരുന്നില്ല. കെ.എൽ.10 പത്ത്, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലാണ് മലപ്പുറം ഭാഷയെ അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ചത്.

കെ.എൽ.10 പത്ത് പുറത്തിറങ്ങിയ സമയത്ത് സിനിമയുടെ ഒരു പോസ്റ്ററിൽ ‘ കണ്ട് നോക്ക് രസായിക്കാരം’ എന്നായിരുന്നു എഴുതിയിരുന്നത്. മലപ്പുറത്തകാർ പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളാണ് അവയെല്ലാം.

സിനിമ നടക്കുന്ന കഥാ പരിസരം ഏതാണെങ്കിലും കഥാപാത്രങ്ങൾ വള്ളുവനാടൻ ഭാഷ മാത്രം സംസാരിക്കുന്നതിൽ നിന്ന് മലയാള സിനിമ ഒരുപാട് മുന്നോട്ട് എത്തിയിട്ടുണ്ട്. ശേഷം മൈക്കിൽ ഫാത്തിമയിലേക്ക് വരുമ്പോൾ ആ മാറ്റം പ്രകടമായി അവതരിപ്പിക്കാൻ തന്നെ സിനിമ ശ്രമിക്കുന്നുമുണ്ട്.

Content Highlight: An Assessment of the Malappuram language in Shesham Miakil Fathima Movie