Kerala News
ബൈതുസ്സകാത്ത്‌; ജ്വല്ലറി ഉദ്ഘാടനത്തിന്റെ ലാഘവത്തോടെ പാണക്കാട് തങ്ങള്‍മാര്‍ മൗദൂദി, വഹാബി പരിപാടികള്‍ ഉദ്ഘാടനം ചെയ്യരുത്; രൂക്ഷ വിമര്‍ശനവുമായി എ.പി. വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 01, 03:46 am
Saturday, 1st February 2025, 9:16 am
മുസ്‌ലിം ഭരണാധികാരികളുടെ കീഴില്‍ ധര്‍മ സമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവകാശപ്പെട്ട സകാത്ത് വിഹിതത്തെ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് സംഘടനകളും തങ്ങളുടെ മാധ്യമങ്ങളും സ്ഥാപനങ്ങളും വളര്‍ത്തുന്നതിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും സിറാജിലെ ലേഖനം വിമര്‍ശിക്കുന്നു.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെയും മുജാഹിദ് സംഘടനകളുടെയും സംഘടിത സകാത്ത് പിരിവിനെ അനുകൂലിക്കുന്ന പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത എ.പി. വിഭാഗം. സിറാജ് ദിനപത്രത്തില്‍ റഹ്‌മത്തുള്ള സഖാഫി എളമരം കള്ളന് കഞ്ഞിവെക്കരുത് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തുസ്സകാത്ത് പദ്ധതി പാണക്കാട് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിറാജിലെ വിമര്‍ശനം.

ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് പിരിവ് പദ്ധതിയുടെ പ്രചാരണത്തില്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ പങ്കെടുക്കുന്നു |  ചിത്രത്തിന് കടപ്പാട്: സിറാജ് ദിനപത്രം

ജ്വല്ലറിയും സൂപ്പര്‍ മാര്‍ക്കറ്റും ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തില്‍ ഇത്തരം പരിപാടികള്‍ക്ക് പാണക്കാട് തങ്ങള്‍മാര്‍ തുടക്കം കുറിക്കരുതെന്നാണ് സിറാജിലെ വിമര്‍ശനം. ബിദ്അത്തുകാരുടെ (മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെ ഇസ്‌ലാമിലെ പരിഷ്‌കരണ വാദികളെന്ന് അവകാശപ്പെടുന്നവര്‍) ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പ് തങ്ങള്‍മാര്‍ നൂറ് വട്ടം ആലോചിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

ഇത്തരക്കാര്‍ക്ക് തങ്ങള്‍മാരോട് സ്‌നേഹമോ ആദരവോ വിശ്വാസമോ ഇല്ലെന്നും മറിച്ച് ചൂഷണം മാത്രമാണ് ലക്ഷ്യമെന്നും തങ്ങള്‍മാര്‍ എന്ന വിഭാഗത്തെ തന്നെ അംഗീകരിക്കാത്തവരാണ് മുജാഹിദ്, ജമാഅത്ത് സംഘടനകളെന്നും റഹ്‌മത്തുള്ള സഖാഫി സിറാജിലെഴുതിയ വിമര്‍ശനത്തില്‍ പറയുന്നു.

ഇസ്‌ലാം നിര്‍ദേശിച്ച രീതികള്‍ക്ക് വിരുദ്ധമാണ് ഇത്തരം സംഘടിത സകാത്ത് പിരിവുകളെന്നും ഇത് സകാത്ത് കൊള്ളയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും വളര്‍ച്ചക്കായും ഇത്തരം സംഘടനകള്‍ ദരിദ്രര്‍ക്ക് അവകാശപ്പെട്ട സകാത്ത് പണം ഉപയോഗിക്കുന്നു എന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

സകാത്തിന്റെ അവകാശികളെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് എട്ട് വിഭാഗങ്ങളെയാണെന്നും എന്നാല്‍ ഇത്തരം സംഘടിത സകാത്ത് പിരിവിലൂടെ അതിനപ്പുറത്തേക്കും സകാത്തിന്റെ പങ്ക് ഇത്തരം സംഘടനകള്‍ കൈമാറുന്നുണ്ടെന്നും ലേഖനത്തിലുണ്ട്.

ഇസ്‌ലാമിന്റെ മത വിധി പ്രകാരം സകാത്ത് വിതരണം ചെയ്യേണ്ടത് ദായകര്‍ നേരിട്ടോ ഇസ്‌ലാമിക ഭരണാധികാരികള്‍ ഏറ്റെടുത്തോ ആണ്. എന്നാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ഭരണാധികാരികള്‍ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ട സാഹചര്യമില്ല. അതിന് പകരമായിട്ടാണ് ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും സ്വയം ഭരണാധികാരികളെന്ന രീതിയില്‍ സകാത്ത് പിരിച്ച് അനിസ്‌ലാമികമായ രീതിയില്‍ ചെലവഴിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ബൈതുസ്സകാത്തിനെ വിമര്‍ശിച്ച് കൊണ്ട് റഹ്‌മത്തുള്ള സഖാഫി എളമരം സിറാജിലെഴുതിയ ലേഖനം

മുസ്‌ലിം ഭരണാധികാരികളുടെ കീഴില്‍ ധര്‍മ സമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവകാശപ്പെട്ട സകാത്ത് വിഹിതത്തെ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് സംഘടനകളും തങ്ങളുടെ മാധ്യമങ്ങളും സ്ഥാപനങ്ങളും വളര്‍ത്തുന്നതിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും സിറാജിലെ ലേഖനം വിമര്‍ശിക്കുന്നു.

ഏത്രയും പെട്ടെന്ന് അവകാശികള്‍ക്ക് കൈമാറേണ്ട സകാത്ത് ഇത്തരം സംഘടനകള്‍ അവരുടെ കൈവശം സൂക്ഷിക്കുകയും അത് ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശയുള്‍പ്പടെ കണക്കില്‍പ്പെടുത്തുന്നുണ്ടെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. കെ.എന്‍.എം. കാരപ്പറമ്പ് യൂണിറ്റ് 2005ല്‍ പുറത്തുവിട്ട ബൈത്തുസ്സകാത്തിന്റെ കണക്കുകളും ഇതിന് തെളിവായി ലേഖനത്തില്‍ നല്‍കിയിരിക്കുന്നു.

ഇത്തരം പരിപാടികളുടെ പ്രചാരകരും ഉദ്ഘാടകരുമായി പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുക്കുന്നതിനെയാണ് സിറാജിലെ ഈ ലേഖനം വിമര്‍ശിക്കുന്നത്. പ്രവാചകന് ആണ്‍മക്കളില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പരമ്പര തന്നെ ഇല്ല എന്ന് പറയുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും 1969 ആഗസ്ത് ലക്കം പ്രബോധനത്തിലെ ഒരു ഉദ്ധരണി ചൂണ്ടിക്കാട്ടി സിറാജിലെ ലേഖനത്തില്‍ പറയുന്നു.

മാത്രവുമല്ല തങ്ങള്‍മാരിലുള്ള വിശ്വാസം എത്രയും പെട്ടെന്ന് തിരുത്തുന്നവോ അത്രയും വേഗം സമുദായത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിക്കുമെന്നും പ്രചരിപ്പിച്ചവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ഇത്തരക്കാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തങ്ങള്‍മാര്‍ നൂറാവര്‍ത്തി ആലോചിക്കണമെന്നുമാണ് ലേഖനം പറയുന്നത്.

മതിവിധി പ്രകാരമല്ല ഇത്തരം സംഘടനകളുടെ സകാത്ത് പിരിവും വിതരണവും വിനിയോഗവും നടക്കുന്നതെന്നും സകാത്ത് നേരിട്ട് തന്നെ അവകാശികള്‍ക്ക് നല്‍കുമ്പോഴാണ് അത് അവകാശിക്ക് ലഭിച്ചു എന്ന് ഉറപ്പുവരുത്താനാകുക എന്നും റഹ്‌മത്തുള്ള സഖാഫിയുടെ ലേഖനം ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ സമ്പത്തും തിരക്കുമുള്ള സമ്പന്നര്‍ക്ക് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യാന്‍ പ്രയാസമാണെങ്കില്‍ സകാത്തിന്റെ വിധിയറിയാവുന്നവരെ അതിനായി ഏല്‍പ്പിക്കാമെന്നും ഇത്തരം തിരക്കുള്ള മുതലാളിമാരെയാണ് സംഘടിത സക്കാത്ത് പിരിവുകാര്‍ ചൂഷണം ചെയ്യുന്നതെന്നും ലേഖനത്തിലുണ്ട്.

ഇതിന് പരിഹാരമായി ഖാസിമാരും ഖത്വീബുമാരും തന്നെ ഇത്തരം സമ്പന്നരുമായി അതത് നാട്ടിലെ സകാത്തിന്റെ അവകാശികളെ ബന്ധപ്പെടുത്തുകയാണ് വേണ്ടതെന്നും ലേഖനം പറയുന്നു. മറിച്ച് ഇത്തരം ബൈത്തുസകാത്തിനെ പ്രോത്സാഹിപ്പിക്കുന്നത് കള്ളന് കഞ്ഞിവെക്കുന്നതിന് തുല്യമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

content highlights: An article written by Rahmatullah Sakhafi Elamaram in Siraj Daily criticizing Baitussakat and the Panakkad Thangals participating in it.