| Thursday, 14th March 2024, 11:43 am

കടകനിലെ ചവിട്ടും കുത്തും, അഥവാ ഏറനാടിന്റെ ചവിട്ടുകളിപ്പാട്ട്

ഗോപകുമാര്‍ പൂക്കോട്ടൂര്‍

ജനിച്ചുവളര്‍ന്നയിടങ്ങളില്‍ ഒരു കാലത്ത് ചവിട്ടും കുത്തുമേറ്റ് അന്യം നിന്നുപോയ ഒരു കലാരൂപം പാട്ട് രൂപത്തില്‍ സിനിമയിലിടം തേടിയപ്പോള്‍ നല്‍കിയ പേര് തികച്ചും യാദൃശ്ചികമാകാം -ചവിട്ടും കുത്തും. ഈയിടെ പുറത്തിറങ്ങിയ കടകന്‍ സിനിമയിലെ ഈ ചവിട്ടും കൂത്ത് പാട്ട് ഏറനാട്ടിലെ ചവിട്ടുകളിയെന്ന കലാരൂപത്തില്‍ നിന്നും കടംകൊണ്ടതാണ്. സിനിമയിലൂടെ തങ്ങളുടെ കലക്ക് കിട്ടിയ അംഗീകാരത്തിന്റെ നിറവിലാണ് മണ്‍മറഞ്ഞുപോകേണ്ടിയിരുന്ന ഒരു കലയെ പുനര്‍ജനിപ്പിച്ച്, ഇന്നും നേഞ്ചെറ്റി നടക്കുന്ന കലാകാരന്മാര്‍.

ഏറനാട്ടിലെ മുന്‍നിര ചവിട്ടുകളി സംഘങ്ങളിലൊന്നായ മോങ്ങം നിറവ് കലാസംഘം വര്‍ഷങ്ങളായി പാടി കളിക്കുന്ന ചില വരികള്‍കൊണ്ട് അതുല്‍ നറുകര ചിട്ടപ്പെടുത്തിയ ഒരു ഗാനമാണ് സജില്‍ മമ്പാട് സംവിധാനം ചെയ്ത് 2024 മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങിയ കടകനില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

അതുല്‍ നറുകര

നിറവ് ചവിട്ടുകളി സംഘത്തിലെ കലാകാരന്മാരായ ചന്ദ്രബാബു മോങ്ങം, കൃഷ്ണന്‍കുട്ടി നറുകര എന്നിവര്‍ക്ക് എത്‌നിക് ക്രഡിറ്റ് നല്‍കിയാണ് ഈ ഗാനം പുറത്തിറങ്ങിയത്. ഗോപീസുന്ദറിന്റെ സംഗീതത്തില്‍ ഫോക്ലോര്‍ ഗായകന്‍ അതുല്‍ നറുകര പാടി അഭിനയിച്ച ‘തോട്ടിങ്ങലെ കുറത്തിമാരെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ യഥാര്‍ത്ഥ പാശ്ചാത്തലം പാടത്ത് പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ സംഭാഷണ ശകലങ്ങളാണ്.

കൃഷ്ണന്‍കുട്ടി നറുകര, ചന്ദ്രന്‍ ബാബു മോങ്ങം,

തോട്ടിങ്ങലെ കുറത്തിമാരെ,
നിങ്ങള്‍ തന്ന തേങ്ങയൊന്നും കുലുങ്ങുന്നില്ലാ
ഇളനീരു കുളുമഞ്ഞിങ്ങാ
കണ്ണൊന്നും കറുത്തിട്ടില്ലാ
പച്ചോലാ നിറമായുള്ളാ
ചകിര്യൊന്നും ലൊലര്‍ന്നിട്ടില്ലാ

ചവിട്ട് കളിയുടെ പാട്ടിനോട് ചലചിത്രം ഏറെക്കുറെ നീതി പുലര്‍ത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പൂതംകളിയായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചത്. ഒരു ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് ഗാനമേളയുടെ പാശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു നാടന്‍ തല്ലാണ് സിനിമയിലെ പാട്ടുരംഗം.

മുന്‍പ് കടുവ (2022) എന്ന സിനിമയില്‍ പള്ളിപ്പെരുന്നാളിന് നടക്കുന്ന അടിപിടിക്കായി ആവോ ദാമാനോ എന്ന് തുടങ്ങുന്ന ഗാനത്തിന് അതുല്‍ നറുകര കടംകൊണ്ടത് വടകരയിലെ പുലയസമുദായത്തിന്റെ മരണാനന്തര ചടങ്ങിന് പാടുന്ന പാട്ടായിരുന്നു. കടത്തനാടന്‍, കുറുമ്പനാടന്‍ പ്രദേശങ്ങളില്‍ പുലയ സമുദായത്തില്‍ മരിച്ചുപോയ ആത്മാവിനെ പ്രകീര്‍ത്തിച്ചുപാടുന്ന ഗൂളി കെട്ടെന്ന പരമ്പരാഗത കര്‍മ്മത്തിലെ ഈ പാട്ടിനെയും യഥാര്‍ത്ഥ പാട്ടുകാരന്‍ നാണുവിനെയും ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജിവമായി.

കടുവയിലെ ആ ഹിറ്റ് പാട്ടിലൂടെ അത്തരമൊരു ആചാരാനുഷ്ഠാനകല പുറം ലോകത്തെത്തിച്ചതുപോലെ മലപ്പുറത്തെ കണക്ക സമുദായത്തിന്റെ ചവിട്ടുകളിപ്പാട്ടും കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സിനിമകളുടെ അണിയറപ്രവര്‍ത്തകരും ഫോക്ലോര്‍ ഗവേഷകന്‍കൂടിയായ അതുല്‍ നറുകരയും പ്രശംസയര്‍ഹിക്കുന്നു.

താനുംകുന്താനായിരുന്ന ചവിട്ടുകളി

രണ്ട് കരക്കാരോ ദേശക്കാരോ വിഭാഗങ്ങളോ അല്ലെങ്കില്‍ വ്യക്തികളോ തമ്മില്‍ തറുതല പാടി ചുവട് വച്ച് മാത്സര്യപൂര്‍വ്വം കളിക്കുന്ന കലാരൂപമാണ് ചവിട്ടുകളി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കളിരൂപമാണ്. വര്‍ഷങ്ങള്‍ മുന്‍പ് വരെ ഏറനാട്ടിലെ പട്ട കണക്കസമുദായങ്ങളുടെ തനത് കലാരൂപമെന്ന നിലയില്‍ താനുംകുന്താന് എന്ന പേരില്‍ വിവാഹവീടുകളിലും ഉത്സവങ്ങളിലും ചവിട്ടുകളി സജീവ സാന്നിദ്ധ്യമായിരുന്നെങ്കില്‍ ഇന്നത് പൊതുമണ്ഡലത്തിലും അരങ്ങേറുന്നു.

കണക്കസമുദായത്തിലെ വിവാഹവുമായ ബന്ധപ്പെട്ടുണ്ടാകുന്ന ആശയവിനിയങ്ങളില്‍ നിന്നാണ് ചവിട്ടുകളി പാട്ടിന്റെ ഉത്ഭവം. അങ്ങനെ നോക്കുമ്പോള്‍ കളിക്കും ചുവടുകള്‍ക്കും മുന്‍പെ പാട്ടാണ് ആദ്യം ഉല്‍ഭവിച്ചിട്ടുണ്ടാകുക.

പാട്ടിനും കളിക്കും കണക്ക സമുദായത്തിന്റെ ഉല്‍ഭവത്തോളം പഴക്കമുണ്ടെന്നും, വിവാഹത്തിന് മുന്‍പും പിന്‍പുമുള്ള, വ്യക്തികളുടെ കുടുംബപരവും സാമൂഹികപരവുമായ ആശയവിനിമയങ്ങളും വിമര്‍ശനങ്ങളും തര്‍ക്ക പരിഹാരങ്ങളുമെല്ലാമാണ് അതാതുകാലത്ത് ചവിട്ടുകളിപ്പാട്ടുകളായി രൂപാന്തരപ്പെട്ടതെന്നും കണക്കസമുദായത്തെയും ആചാരങ്ങളെയും കുറിച്ച് സ്വതന്ത്ര ഗവേഷണം നടത്തുന്ന എ. ചെറൂലന്‍ നറുകര അഭിപ്രായപ്പെടുന്നു.

സിനിമകളില്‍ ഇത്തരം പാട്ടുകള്‍ ഉള്‍പ്പെടുത്തുന്ന പുതിയ പ്രവണതക്കു പിന്നിലുള്ള കച്ചവട താല്‍പര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ചടുലമായ താളങ്ങളും കാതടിപ്പിക്കുന്ന വ്യത്യസ്ത ശബ്ദങ്ങളും ഉല്‍പ്പെടുത്തിയ പാട്ടുകള്‍ക്ക് ഗ്രാമീണ പരിസരം ഒരുക്കുവാന്‍ ഫോക് രൂപങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് പുതിയ കാലഘട്ടത്തിലെ സിനിമയെന്ന് എഴുത്തുകാരനും ചലചിത്രഗാന നിരൂപകനുമായ രവിമേനോന്‍ പറയുന്നു.

വ്യത്യസ്ത താളവും ചുവടുകളുമുള്ള നിരവധി പാട്ടുകളാണ് ചവിട്ടുകളിയുടെ പ്രത്യേകത. ഗുരു എന്നറിയപ്പെടുന്ന സംഘത്തലവന്‍ (ആശാന്‍) പാട്ടുപാടിത്തുടങ്ങുകയും ബാക്കിയുള്ളവര്‍ അതേറ്റുപാടിക്കൊണ്ട് കളി തുടങ്ങുകയും ചെയ്യുന്നു.

താനുംന്താനുംന്താനെ താനിന്നാനെ…..

ചവിട്ടുകളിപ്പാട്ടിലെ ഈ തുടക്ക വരികളാണ് കടകനിലെ ചവിട്ടും കുത്തും പാട്ടിന്റെ ഒടുക്കത്തില്‍ ചേര്‍ത്തിരിക്കുന്നത്. പാട്ടിനെയും ചവിട്ടുകളിയെയും പ്രോത്സാഹിപ്പിക്കുന്നതിനായി കടന്നുവരുന്ന ആ പാട്… അങ്ങനെ പാട്… തുടങ്ങിയ പാട്ട് ശകലങ്ങളും സിനിമയുടെ പാട്ടിന് താളമേകുന്നു. ചവിട്ടുകളി മുറുകുമ്പോള്‍ പാടുന്ന കളി കളി പാട്, ഇന്നാ കളിയെ, കളി കളി മാറ്, മാറിച്ചവിട്ട് എന്നിവ വാശിയോടെ കളിക്കുന്ന ഇരുകരക്കാരെ സൂചിപ്പിക്കും വിധത്തിലാണ് സിനിമയില്‍ നാടന്‍ തല്ല് രംഗത്തെത്തിച്ചിരിക്കുന്നത്.

ചവിട്ടുപാട്ടുകളിലൂടെ അനാവൃതമാകുന്ന ചരിത്രം

വാമൊഴിയായ് തലമുറകളിലൂടെ കൈമാറിപ്പോരുന്നവയാണ് ചവിട്ടുകളിപ്പാട്ടുകള്‍. ഇന്ന് നിലവിലില്ലാത്ത മലയാളഭാഷയാണ് ചില പാട്ടുകളിലുള്ളത്. പ്രാചീനസംസ്‌കാരത്തിന്റെ മുഖം ഇത്തരം പാട്ടുകളില്‍ ദര്‍ശിക്കാം.

എന്റെച്ഛാ മുത്തച്ഛാ കാരണവന്‍മാരെ
ഇങ്ങള് വിളിച്ചിട്ട് എറങ്ങുന്നു ഞാന്.
ചോടും കാലൊന്നും പെഴക്കരുതേ…
ഭൂമീക്കാരെ
ഭൂമീടെ ദേശക്കാരെ,
ഭൂമിയെ
ഒന്നുണര്‍ത്തിത്തരീ…
ഭൂമീടെ ദേശക്കാരെ,
ഭൂമി എന്റെ അമ്മയല്ല; പെങ്ങളല്ല;
മാനം നോക്കി നടന്നൂക പോണു ഭൂമി
ആ ഭൂമിയീച്ഛ വെട്ടിക്കളിക്കെല്ലെടോ…

ഇങ്ങനെ തായ് ഭാഷകള്‍ ഉള്‍ച്ചേര്‍ന്ന വാമൊഴികളാണ് പാട്ടുകളിലധികവും. അതാതു തലമുറകളുടെ സാമൂഹ്യസാസ്‌കാരികതലങ്ങള്‍ സ്പര്‍ശിക്കുന്നവയാണ് ചിലവ.

അന്റോരു പെണ്ണ് പഴം പെണ്ണായെ
ഹേയ്…കളി കളി പാട്
അങ്ങനെ പാട്.
അന്റോരു ചോറ് പഴം ചോറായെ
ഹേയ്…കളി കളി പാട്
അങ്ങനെ പാട്.
കാത്തിരുന്ന വിളക്കും കെട്ടും പോയെ

എന്ന പാട്ട് കണക്ക സമുദായത്തിന്റെ കുടുംബബന്ധങ്ങളെ പരാമര്‍ശിക്കുന്നു.

പോര്‍ച്ചുഗീസുകപ്പലില്‍ വാസ്‌കോഡഗാമ 1848-ല്‍ കോഴിക്കോട് കാപ്പാട് കപ്പല്‍ വന്നിറങ്ങിയതിനെകുറിച്ചും, പതിനെട്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാരനായ മുഹമ്മദ് ഷാ വലിയ തങ്ങള്‍ കൊണ്ടോട്ടിയില്‍ നിര്‍മ്മിച്ച പള്ളിയുടെ കുബ്ബ (മിനാരം)യുടെ പണിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ചവിട്ടുകളിക്ക് ചരിത്രപരമായി ഏറെ കൗതുകം നല്‍കുന്നു.

കൊണ്ടോട്ടി കുബ്ബാ പണിതീര്‍ക്കാണ്
നാല്‍പ്പത്തിനാലാള് കല്ലംമാര്
കൊണ്ടോട്ടി കുബ്ബാ പണിചെയ്യാന്‍
എറുമ്പുപണി വച്ച് കൊത്താണ് കല്ല്
നാലാന പിടിച്ചാല്‍ അനങ്ങൂല കല്ല്
കൊണ്ടോട്ടി വല്ല്യോരു തമ്പുരാന്റെ
ഉറുമാല് വീശ്ണ് കണ്ടോ നിങ്ങള്‍
തന്നാലെ കേറുന്നു കുബ്ബക്കല്ല്

അതേ സമയം പ്രസിദ്ധമായ കൊണ്ടോട്ടി നേര്‍ച്ചയുടെ ഒരു അവിഭാജ്യ ഘടകമെന്ന നിലയില്‍ പള്ളിമുറ്റത്തും ചവിട്ടുകളി അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു എന്നത് ഈ കലാരൂപത്തിന്റെ മത നിരപേക്ഷപരമായ സാധ്യതകളെ വെളിപ്പെടുത്തുന്നതാണ്.

ചരിത്ര പാശ്ചാത്തലം

നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഒരു കലാരൂപമാണ് ചവിട്ടുകളി. ജന്മിത്വസമ്പ്രദായം നിലനിന്ന ആദ്യകാലത്ത് കുടിയാന്മാരുടെ മുഖ്യവിനോദം എന്ന നിലയില്‍ കൊയ്‌ത്തൊഴിഞ്ഞ നെല്‍പാടങ്ങളിലും, തനത് ആചാരാനുഷ്ടാനങ്ങളിലും ഭാഗമെന്നോണം അമ്പലത്തറകളിലും ആറാട്ടുവേല എന്നറിയപ്പെടുന്ന കണക്കസമുദായത്തിന്റെ ഉത്സവങ്ങളിലും ചവിട്ടുകളി അവതരിപ്പിച്ചിരുന്നു.

ഓണം, വിഷു എന്നീ വേളകളില്‍ രണ്ടുകരകള്‍ (കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍) തമ്മില്‍ മാത്സര്യപൂര്‍വം ചവിട്ടുകളി നടത്താറുണ്ടായിരുന്നു. എന്നാല്‍ കല്യാണവീടുകളിലാണ് ഇത് പിന്നീട് ഏറെ ജനപ്രീതി നേടിയിരുന്നത്. വിവാഹത്തിന് തലേദിവസം രാത്രിയിലാണ് ചവിട്ടുകളി അവതരിപ്പിച്ചിരുന്നത്. മറുതല പാടിയും മാറ്റിചവിട്ടിയും ചവിട്ടുകളിയെ കൂടുതല്‍ സമ്പുഷ്ടമാക്കി.

ജന്മിത്വ സമ്പ്രദായം നിലനിന്ന കാലത്ത് ജന്മിഗൃഹങ്ങളിലെ കല്യാണത്തിന് അവരുടെ വീട്ടുപടിക്കല്‍ചെന്ന് ചവിട്ടുകളി നടത്തിയതായും കാരണവന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലീം സമുദായത്തിന്റെ പ്രസിദ്ധ ഉത്സവങ്ങളായ കൊണ്ടോട്ടി നേര്‍ച്ചയുടെ ഭാഗമായുള്ള പെട്ടിവരവുകളിലും, നേര്‍ച്ചനടക്കുന്ന പള്ളിമുറ്റത്തും, ഓമാനൂര്‍, പുല്ലാര നേര്‍ച്ചകളിലും ചവിട്ടുകളി അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു.

കണക്കസമുദായാചാരവുമായി ബന്ധപ്പെട്ട്, തിരണ്ടുകല്യാണം (പെണ്‍കുട്ടികള്‍ ഋതുമതിയാകുന്ന വേളയിലെ ചടങ്ങുകള്‍), കൊടുതി (ദൈവത്തിനും കാരണവന്മാര്‍ക്കും കൊടുക്കുന്ന ചടങ്ങ്), ചോറൂണ്, പിറന്നാള്‍ എന്നിവയുടെ ഭാഗമായും പണ്ട് ചവിട്ടുകളി വ്യാപകമായിരുന്നു.

കളിയുടെ സ്വഭാവം

താനുംകുന്താനും എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കളി വട്ടത്തില്‍ കളിക്കുന്നതിനാല്‍ വട്ടകളിയെന്നും അറിയപ്പെടുന്നു. കാലുകൊണ്ടും കൈകള്‍കൊണ്ടുമുള്ള ചലനങ്ങള്‍ക്ക് കളരിയഭ്യാസത്തിന്റെ പ്രതീതിയാണ്. കാലുകള്‍ കൊണ്ടുള്ള ചവിട്ടുകള്‍ക്ക് മുഖ്യ പ്രധാന്യമുള്ളതുകൊണ്ടാകാം ഇതിനെ ചവിട്ടുകളി എന്ന പേര് വന്നിട്ടുള്ളത്. കണക്കര്‍, ചെറുമര്‍, പുലയര്‍, കൂടര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലാണ് പ്രധാനമായും ചവിട്ടുകളി പ്രചാരത്തിലുള്ളത്.

ചെറുമവിഭാഗത്തില്‍പെട്ടവര്‍ കളിക്കുന്നതിനാല്‍ ചെറുമക്കളി എന്ന പേരുംവന്നു.

പത്ത് മുതല്‍ പന്ത്രണ്ട് പേരടുങ്ങുന്ന സംഘമാണ് വട്ടത്തില്‍ കളിക്കുക. എന്നാല്‍ ഉത്സവങ്ങളില്‍ നൂറോളം പേര്‍ വരെ കളിക്കിറങ്ങും. ആര്‍ക്കുംകളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പാട്ടിനും നൃത്തത്തിനും രണ്ടു സംഘമെന്ന നിലയിലാണ് കളി.

ആശാനാകും പാട്ടിനിടയില്‍ രണ്ടു സംഘത്തെയും ഏകീകരിക്കുക. പാട്ടാണ് ഈ കളിയുദ്ധത്തിലെ ആയുധം. പാട്ടിനൊപ്പം വിവിധ തരം ചുവടുകളാണുണ്ടാകും. തറയിലിരുന്ന്, ഒരു ഉരലിനെ കേന്ദമാക്കിയാണ് കളി തുടങ്ങുക. ഉരല്‍ ഭൂമിയാണെന്നാണ് സങ്കല്‍പം. പ്രത്യേകവേഷവിധാനങ്ങളൊന്നുമില്ല. സാധാരണ കര്‍ഷകവേഷം. അരയില്‍ തോര്‍ത്തോ തൂവാലയോ കെട്ടും. കുപ്പായം കാണില്ല. തറയില്‍ ആഞ്ഞുചവിട്ടിയാണ് താളമിടുക. പ്രത്യേക അലങ്കാരവേഷ വസ്ത്രാധികളോ, സംഗീത ഉപകരണങ്ങളോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പെണ്‍കളി താളത്തിലും ചവിട്ടിലും വ്യത്യസ്തമാണ്.

പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി കല്യാണ വീടുകളില്‍ നിന്നും അന്യം നിന്നുപോയ ചവിട്ടുകളി ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൊതു ഇടങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഇന്ന് ഏറനാട് പ്രദേശത്ത് പത്തോളം ചവിട്ടുകളി സംഘങ്ങള്‍ സജീവമാണ്. പൂക്കോട്ടൂര്‍ നെച്ചിയില്‍ പൂക്കോട്ടുമുത്തന്‍ ആറാട്ട് വേല, മൊറയൂര്‍ എടപ്പറമ്പ് പറക്കാടന്‍ മുത്തന്‍ ആറാട്ട് വേല, മഞ്ചേരി പയ്യനാട്ട് വാക്കിമുത്തന്‍-പുതിമുത്തന്‍-പറമ്പാട്ട് മുത്തന്‍ ആറാട്ട് വേല, മക്കരപ്പറമ്പ് കാച്ചിനിക്കാട് മുത്തന്‍ ആറാട്ട് വേല, ആനക്കയം ഊരോത്ത് മുത്തന്‍ ആറാട്ട് വേല എന്നീ ഉത്സവങ്ങളിലും ഇന്നും ചവിട്ടുകളി അരങ്ങേറുന്നു.

വള്ളുവനാട് താലൂക്കുകളില്‍ ചെറുമസമുദായത്തിന്റെ ചവിട്ടുകളിയും തൃശൂര്‍ ചേലക്കര പ്രദേശങ്ങളിലെ ചവിട്ടുകളിയും നിലവിലുണ്ട്. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് പൂരത്തിന് ചെറുമസമുദായത്തിന്റെ ചവിട്ടുകളി ഇന്നും അരങ്ങേറാറുണ്ട്. എന്നാല്‍ ഇത് മലപ്പുറം ജില്ലയിലെ കണക്കവിഭാഗത്തിന്റെ ചവിട്ടുകളിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പുക്കോട്ടൂര്‍ നെച്ചിയിലെ വനിതകളുടെ ചവട്ടുകളി സംഘവും ജില്ലയിലെ സാസ്‌കാരിക സദസ്സുകളിലെ നിറസാന്നിദ്ധ്യമാണ്.

ചവിട്ടുകളിയടക്കമുള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മോങ്ങം നിറവ് ചവിട്ടുകളി കലാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 2018 മുതല്‍ വിവിധ കളിസംഘങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഓണ നാളുകളില്‍ ചവിട്ടുകളി അവതരണവും അനുബന്ധ കൂട്ടായ്മയും സെമിനാറുകളും സംഘടിപ്പിച്ചുവരുന്നു. ആകാശവാണിയിലും ദൃശ്യമാധ്യമങ്ങളിലും മറ്റു സാസ്‌കാരിക സദസ്സുകളിലും ഈ കലാരൂപം അവതരിക്കപ്പെടുന്നു. ഇതിന്റെ പാട്ടുപയോഗിച്ച് ചിട്ടപ്പെടുത്തിയ നാടന്‍പാട്ടുകള്‍, സ്‌കൂള്‍-കോളേജ് കലോത്സവങ്ങളിലും പ്രചാരം നേടിയിരുന്നു.

content highlights: An article on the popular chavittukalippatt in erandu

ഗോപകുമാര്‍ പൂക്കോട്ടൂര്‍

ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, തിരുനല്‍വേലി.

We use cookies to give you the best possible experience. Learn more