കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്തയുടെ
മുഖപത്രം സുപ്രഭാതത്തില്‍ ലേഖനം. ജമാഅത്തെ ഇസ്‌ലാമി സമുദായത്തില്‍ വിള്ളലുണ്ടാക്കുന്നു എന്നാണ് ലേഖനത്തില്‍ പറയുന്നത്. ‘ഭിന്നിപ്പിക്കലില്‍ സന്തോഷം കണ്ടെത്തുന്ന ജമാഅത്തെ ഇസ്‌ലാമി’ എന്ന തലക്കെട്ടില്‍ ശഫീഖ് പന്നൂര്‍ എഴുതിയ ലേഖനമാണ് സുപ്രഭാതം പ്രസിദ്ധീകരിച്ചത്.
മതരംഗത്ത് സമസ്തയും രാഷ്ട്രീയ മേഖലയില്‍ ലീഗും പുരോഗതിയുടെ പുതിയ വീഥികള്‍ പണിയുമ്പോള്‍ ഈ രണ്ട് സംഘടനകളേയും നേതാക്കളേയും ഭിന്നിപ്പിക്കാനായി ജമാഅത്ത് പ്രത്യേക അലവന്‍സ് കൊടുത്ത് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞു.
പുട്ടിന് പീര പോലെ സമുദായ ഐക്യത്തിനായുള്ള ക്ലാസ് മുസ്‌ലിം സംഘടനകള്‍ക്കെല്ലാം സൗജന്യമായി നല്‍കുന്ന ജമാഅത്ത് തമ്മിലടിപ്പിച്ച് ചോര കുടിപ്പിക്കുന്ന പണിയാണെടുക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞു. സമസ്ത- സി.എ.സി ഭിന്നിപ്പിന് പിന്നിലും തുര്‍ക്കിയിലെ ഹയ സോഫിയ മുസ്‌ലിം
പള്ളിയാണെന്ന് പറയുന്ന വിവേകരഹിതമായ നിലപാട് സൃഷ്ടിച്ചതും ജമാഅത്തെ ഇസ്‌ലാമിയാണെന്നും ലേഖനത്തില്‍ പറയുന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം ദീര്‍ഘവീക്ഷണത്തോടെ വിലയിരുത്തി ലീഗ് നേതൃത്വം വിവേകപൂര്‍വമായ നിലപാട് സ്വീകരിച്ചപ്പോള്‍, സുലൈമാന്‍ സേട്ടിന്റെ അഭിപ്രായത്തെ അതിവൈകാരികവും അതിശയോക്തിയും കലര്‍ത്തി ജമാഅത്ത് പത്രം ആളിക്കത്തിച്ചെന്നും ലേഖനം വിമര്‍ശിച്ചു.
കെ.ടി. ജലീലിനെ മുസ്‌ലിം ലീഗില്‍ നിന്ന് അകറ്റുന്നതിന് ജമാഅത്ത് നേതാക്കളും അണികള്‍ക്കും പങ്കുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞു.
‘കെ.ടി. ജലീലിനെ അടര്‍ത്താനും ജെ.ടി.റ്റി ഹസന്‍ ഹാജിയെ തകര്‍ക്കാനുമുപയോഗിച്ച അതേ പണിയായുധങ്ങളുമായി അമീറും സംഘവും വെള്ളിമാട് കുന്നിലും വെള്ളിപറമ്പിലുമിരുന്ന് ഈ ഓവര്‍ ടൈം ജോലി ഇപ്പോഴും നിര്‍വിഘ്നം ചെയ്തു കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം,’ ലേഖനത്തില്‍ പറഞ്ഞു.
മാറാട് കലാപത്തിന്റെ മുറിവുണക്കിയതിന്റെ പിതൃത്വം ഏറ്റെടുത്ത ജമാഅത്ത്,
ലീഗ് നേതാക്കള്‍ക്ക് മാറാട് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മാധ്യമം തുടര്‍ച്ചയായി പച്ചനുണകള്‍ പടച്ചുവിട്ടെന്നും ലേഖനം പറയുന്നു. സമുദായരാഷ്ട്രീയ സംഘടനാ നേതാക്കളെ ആക്ഷേപിച്ചും യുവാക്കളുടെ വൈകാരികത ആളിപ്പടര്‍ത്തിയും മഅ്ദനി രംഗത്തുവന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയത് ജമാഅത്താണെന്നും ലേഖനത്തില്‍ ആരോപിച്ചു.