സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് എല്‍ബറാദിയെ അമേരിക്കയില്‍ വെച്ച് നഗ്‌നനാക്കി പരിശോധിച്ചതില്‍ അതിശയമൊന്നുമില്ലെന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ശ്രീനിവാസന്റെ നിരീക്ഷണം. എല്‍ബറാദിയുടെ ആകാരവും എല്‍ബറാദിക്ക് മുമ്പിലുള്ള ‘മുഹമ്മദ്’ എന്ന പേരും മാത്രം മതി അദ്ദേഹത്തെ തടഞ്ഞുവെക്കാനെന്നും അതില്‍ യാതൊരു അത്ഭുതമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എസ്സേയ്‌സ്/ നസീബ ഹംസ
അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ടി.പി ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ നിന്ന് തുടങ്ങാം. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് എല്‍ബറാദിയെ അമേരിക്കയില്‍ വെച്ച് നഗ്‌നനാക്കി പരിശോധിച്ചതില്‍ അതിശയമൊന്നുമില്ലെന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ശ്രീനിവാസന്റെ നിരീക്ഷണം.
അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്തുത പരാമര്‍ശം. എല്‍ബറാദിയുടെ ആകാരവും എല്‍ബറാദിക്ക് മുമ്പിലുള്ള “മുഹമ്മദ്” എന്ന പേരും മാത്രം മതി അദ്ദേഹത്തെ തടഞ്ഞുവെക്കാനെന്നും അതില്‍ യാതൊരു അത്ഭുതമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു എല്‍ബറാദി യു.എസില്‍ എത്തിയിരുന്നത്. അവിടെയാണ് അദ്ദേഹം ഇത്ര നീചമായി അപമാനിക്കപ്പെട്ടത്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിനും ബോളിവുഡ് താരം ഷാരൂഖ് ഖാനും, പ്രഫുല്‍ പട്ടേല്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്കെല്ലാം സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. നാമറിയാത്ത പലര്‍ക്കും ഇപ്പോഴും ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നുമുണ്ട്.
[]അമേരിക്കയുടെ ഈ നടപടിയെ വെറും സാധാരണ പരിശോധനമാത്രമായി കാണുന്നവരാണ് ശ്രീനിവാസന്‍ മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവര്‍. ഇവരാണ് ദേവയാനി ഖോബ്രഗഡെ എന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് വേണ്ടി ഇപ്പോള്‍ അമേരിക്കയ്‌ക്കെതിരെ കടുത്ത നിലപാടുമായി എത്തിയിരിക്കുന്നത്.
ഇനി ദേവയാനിയെ കുറിച്ച് പറയാം, അമേരിക്കയില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദേവയാനി. ദേവയാനിക്കെതിരെ അമേരിക്കന്‍ പോലീസ് ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണ്. ദേവയാനിയുടെ വീട്ടില്‍ നിന്നും കാണാതായ ജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ പരാതി പ്രകാരം മണിക്കൂറില്‍ 9.75 ഡോളര്‍ കരാറുണ്ടാക്കി കൊണ്ടുപോയെങ്കിലും 3.11 ഡോളര്‍ മാത്രമേ നല്‍കിയുള്ളു എന്നാണ് പറയുന്നത്. കൂടാതെ വിസ ക്രമക്കേടും. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ.
ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടെയുള്ള നിയമം പാലിക്കണമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ഇന്ത്യയില്‍ നിയമത്തിന്റെ പേര് പറഞ്ഞ് അധികാരികള്‍ ജയിലലടച്ച നിരപരാധികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതല്ലെങ്കില്‍ ഈ നിമയങ്ങളൊക്കെ സാധാരണക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന കൂടുതല്‍ സാധ്യതയുള്ള വഴിക്ക് ചിന്തിക്കേണ്ടി വരും.
അടുത്ത പേജില്‍ തുടരുന്നു
ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിച്ചത് തീര്‍ത്തും അപലപിക്കേണ്ടത് തന്നെയാണ്. എന്നാല്‍ സ്വന്തം സര്‍ക്കാരിനാല്‍ യോനിയില്‍ മൂന്നിഞ്ച് വലുപ്പമുള്ള കല്ലുകള്‍ കയറ്റി പീഡിപ്പിക്കപ്പെട്ട സോണി സോറിക്ക് നിഷേധിക്കപ്പെട്ട മനുഷ്യാവകാശം ഇവര്‍ ബോധപൂര്‍വം മറക്കുന്നു.
ദേവയാനി ഖോബ്രഗഡേയുടെ കേസില്‍ ശരാശരി “ഉന്നത ഇന്ത്യന്‍ സംസ്‌കാരം” മാത്രമേ നടന്നിട്ടുളളൂ എന്ന് പറയാം. ഒന്ന്, തൊഴിലാളികളുമായി ഉണ്ടാക്കുന്ന കരാറുകള്‍ പാലിക്കപ്പെടേണ്ടതല്ല. ദേവയാനിയുടെ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡ് മുതല്‍ ഇന്ത്യയിലെ ഒരു സാധാരണ തൊഴിലാളി വരെ നേരിടുന്ന നീതിനിഷേധമാണിത്.
രണ്ട്, ആറ് മാസം മുമ്പ് തന്നെ സംഭവത്തില്‍ അമേരിക്കന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പതിവ് പോലെ എല്ലാം അവഗണിക്കുന്നവര്‍ അതും അവഗണിച്ചു. ഒടുക്കം കാര്യങ്ങള്‍ അറസ്റ്റ് വരെ എത്തിയപ്പോള്‍ മനുഷ്യാവകാശ ലംഘനം, വംശീയാധിക്ഷേപം, അപമാനം എന്നീ പദങ്ങളുമായി എത്തിയിരിക്കുകയാണ്.
മനുഷ്യാവകാശത്തെ കുറിച്ചും വംശീയാധിക്ഷേപത്തെ കുറിച്ചും വാതോരാതെ ഇപ്പോള്‍ സംസാരിക്കുന്നവര്‍ അല്‍പ്പനേരത്തേക്ക് സ്വന്തം മനസാക്ഷിക്ക് നേരെ നോക്കുന്നത് നന്നായിരിക്കും. 22 വര്‍ഷമായി നീതിനിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളനും ചികിത്സയ്ക്ക് വേണ്ടി ജാമ്യത്തിനായി കോടതി കയറിയിറങ്ങിയ അബ്ദുല്‍ നാസര്‍ മഅദനിയും.
മാവോവാദി ബന്ധമാരോപിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ ശാരീരികമാനസിക പീഡനങ്ങള്‍ക്ക് ഇരയായ സോണി സോറിയും തുടങ്ങി ഇന്നും പുറം ലോകമറിയാത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായവര്‍ കഴിയുന്ന ജനാധിപത്യ ഇന്ത്യയുടെ “അധികാരികളാണ്” മനുഷ്യാവകാശത്തെ കുറിച്ച് വാചാലരാകുന്നത് എന്നത് വിചിത്രമായിട്ടാണ് തോന്നുന്നത്.
ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിച്ചത് തീര്‍ത്തും അപലപിക്കേണ്ടത് തന്നെയാണ്. എന്നാല്‍ സ്വന്തം സര്‍ക്കാരിനാല്‍ യോനിയില്‍ മൂന്നിഞ്ച് വലുപ്പമുള്ള കല്ലുകള്‍ കയറ്റി പീഡിപ്പിക്കപ്പെട്ട സോണി സോറിക്ക് നിഷേധിക്കപ്പെട്ട മനുഷ്യാവകാശം ഇവര്‍ ബോധപൂര്‍വം മറക്കുന്നു.
അതല്ലെങ്കില്‍ “ദേശസുരക്ഷയുടെ” പേരില്‍ ഇവരെയൊന്നും മനുഷ്യരാണെന്ന് നമ്മുടെ അധികാരികള്‍ പരിഗണിക്കുന്നില്ലെ? ഇനി വംശീയ അധിക്ഷേപത്തെ കുറിച്ച് പറഞ്ഞാല്‍ അബ്ദുല്‍ കലാമും ഷാരൂഖ് ഖാനും അങ്ങനെ പലരും നേരിട്ടതിനേക്കാള്‍ വലിയ എന്ത് വംശീയാധിക്ഷേപമാണ് ദേവയാനി ഖോബ്രഗഡെ അനുഭവിച്ചത്.
എംബസി ഉദ്യോഗസ്ഥ എന്ന പരിഗണന മുഴുവന്‍ ദേവയാനിക്ക് അവിടെ ലഭിച്ചിട്ടുണ്ട്. തീര്‍ത്തും മാന്യമെന്ന് പറയാവുന്നതായിരുന്നു അവര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച പെരുമാറ്റം.(മറ്റ് പലര്‍ക്കും അമേരിക്കയില്‍ നിന്നും ഈ രീതിയിലുള്ള പരിഗണന ലഭിക്കുന്നില്ല) അറസ്്റ്റ് ചെയ്ത സമയത്ത് പോലും ദേവയാനിയെ മൊബൈലില്‍ മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചു. കൈവിലങ്ങ് അണിയിച്ചു എന്ന വാദവും തെറ്റാണ്. വിവസ്ത്രയാക്കി പരിശോധിച്ചത് വനിതാ ഉദ്യോഗസ്ഥയാണ്(അമേരിക്കയില്‍ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഇത്തരം പരിശോധനകള്‍ സ്വാഭാവികമാണെന്നാണ് അറ്റോര്‍ണി ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്!).
അടുത്ത പേജില്‍ തുടരുന്നു
അനേകം ഇന്ത്യക്കാരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്താന്‍ അധികൃതരുടെ ഒപ്പിന് വേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. അവര്‍ക്ക് വേണ്ടിയൊക്കെ സര്‍ക്കാര്‍ എന്തുചെയ്തു? ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നതിലല്ല അമര്‍ഷം, ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ പീഡിപ്പിക്കപ്പെടുന്ന മറ്റ് പൗരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതിലാണ്.
ഈ പറയുന്നത് അമേരിക്കയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല, മറിച്ച് ഇന്ത്യയുടെയും അമേരിക്കയുടേയും ഇരട്ടമുഖം വെളിപ്പെടുത്തുന്നതിനാണ്.
ഇന്ത്യന്‍ വംശജയെ വംശീയമായി അധിക്ഷേപിച്ചു എന്ന് പറയുമ്പോള്‍ ദേവയാനി ഖോബ്രഗഡെയെന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയ സംഗീത റിച്ചാര്‍ഡ് ഏത്് നാട്ടുകാരിയാണെന്ന് കൂടി ചോദിക്കേണ്ടി വരും. എന്തുകൊണ്ട് ഇപ്പോള്‍ ദേവയാനിക്ക് വേണ്ടി ആക്രോഷിക്കുന്നവര്‍ ഒരു ഇന്ത്യന്‍ വംശജ തന്റെ മേലധീകാരിയാല്‍ വഞ്ചിക്കപ്പെട്ടു എന്ന് പറയുന്നില്ല.
ദേവയാനിക്കെതിരെ സംഗീത റിച്ചാര്‍ഡ് ആരോപണം കെട്ടിച്ചമച്ചു എന്ന് പറഞ്ഞ് അവരെ അപമാനിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. മനുഷ്യാവകാശം ഉന്നത പദവികളിലിരുക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണോ? സംഗീതയ്‌ക്കെതിരെ ദല്‍ഹിയില്‍ മറ്റ് ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിന്റെ യുക്തിയെന്താണ്?.
സഹനാട്ടുകാരിയാല്‍ വഞ്ചിതയായ സ്ത്രീയോട് സ്വന്തം രാജ്യം ഈ രീതിയിലാണോ പെരുമാറേണ്ടത്. ദേവയാനിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടിയ വേതനമാണ് സംഗീത റിച്ചാര്‍ഡ് ആവശ്യപ്പെട്ടിരുന്നത് എന്നാണ് പുതിയ ആരോപണം. അമേരിക്കയില്‍ ജോലിക്കാര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ദേവയാനി സ്വന്തം വരുമാനത്തേക്കാള്‍ കൂടുതല്‍ വേതനത്തിന് മറ്റൊരാളുമായി കരാറുണ്ടാക്കിയത് നിയമലംഘനമല്ലേ? ഈ നിയമലംഘനങ്ങളെ കുറിച്ച് ആരാണ് മറുപടി പറയേണ്ടത്?
ദേവയാനിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്ന മറ്റൊരു കാര്യം, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് വേണ്ടി ഭരണാധികാരികള്‍ക്ക് എത്രപെട്ടെന്ന് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നതാണ്. ദേവയാനിയെ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ അവര്‍ക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി.
ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനായി അവരെ യു.എന്‍ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തി. അറസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ ദേവയാനിക്ക് വേണ്ടി ചിലവഴിച്ചത് 2,50,000 യു.എസ് ഡോളറാണ്. അപ്പോള്‍ കൊള്ളേണ്ടിടത്ത് കൊണ്ടാല്‍ നടക്കേണ്ടതൊക്കെ നടക്കും.
ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി സുനില്‍ ജെയിംസിന്റെ അനുഭവം. കടല്‍ക്കൊള്ളക്കാരെ സഹായിച്ചെന്നാരോപിച്ച് കഴിഞ്ഞ ജുലൈ മുതല്‍ സുനിലും സുഹൃത്തും ടോഗോയില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ചില യൂറോപ്യന്‍ രാജ്യങ്ങളുമായല്ലാതെ മറ്റേതെങ്കിലും രാജ്യത്തോട് അമേരിക്ക കരാര്‍ പാലിച്ചിട്ടുണ്ടോ? മറ്റൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന യാതൊരു ബഹുമാനമോ പരിഗണനയോ നല്‍കാതെയാണ് അമേരിക്ക പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി നിരവധിപേരെ കൊന്നൊടുക്കുന്നത്.
സുനിലിന്റെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ ഏറെ നാളായി നിയമപോരാട്ടത്തിലായിരുന്നു. സംഭവത്തില്‍ ഇന്നേവരെ യാതൊരു ശ്രദ്ധയും നല്‍കാതിരുന്ന ഇന്ത്യന്‍ അധികൃതര്‍ ദേവയാനിയുടെ വിഷയം ഉയര്‍ന്നതോടെ സുനിലിനെ നാട്ടിലെത്തിച്ചു മുഖം മിനുക്കി.
വെറും മൂന്ന് ദിവസം കൊണ്ടാണ് സുനിലിനെ മോചിപ്പിച്ചത്. അപ്പോള്‍ ശ്രമിച്ചാല്‍ നടക്കും. ശ്രമിക്കാത്തതാണ് കാരണം എന്ന് വ്യക്തം.
അനേകം ഇന്ത്യക്കാരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്താന്‍ അധികൃതരുടെ ഒപ്പിന് വേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. അവര്‍ക്ക് വേണ്ടിയൊക്കെ സര്‍ക്കാര്‍ എന്തുചെയ്തു? ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നതിലല്ല അമര്‍ഷം, ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ പീഡിപ്പിക്കപ്പെടുന്ന മറ്റ് പൗരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതിലാണ്.
ദേവയാനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ അമേരിക്കയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കേസ് പിന്‍വലിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ നടപടികള്‍ 1961 ല്‍ ഒപ്പുവെച്ച വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നാണ് ഇരുരാജ്യങ്ങളുടേയും വാദം.
ഇവിടെ പ്രസക്തമാകുന്ന ചില ചോദ്യങ്ങളുണ്ട്. പല രാജ്യങ്ങളുമായും അമേരിക്ക പല കരാറുകളും ഉണ്ടാക്കിയിട്ടുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങളുമായല്ലാതെ മറ്റേതെങ്കിലും രാജ്യത്തോട് അമേരിക്ക കരാര്‍ പാലിച്ചിട്ടുണ്ടോ? മറ്റൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന യാതൊരു ബഹുമാനമോ പരിഗണനയോ നല്‍കാതെയാണ് അമേരിക്ക പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി നിരവധിപേരെ കൊന്നൊടുക്കുന്നത്.
[]കൊല്ലപ്പെടുന്നവര്‍ ഭീകരവാദികളോ സാധാരണക്കാരോ ആകട്ടെ. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുകയറി അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കുന്നത് ഏത് കരാറിന്റെ പേരിലാണ്? ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ സമാകാലിക ലോകത്ത് നിന്ന് കണ്ടെടുക്കാന്‍ പറ്റും. ഏത് മനുഷ്യത്വത്തിന്റെ മുടുപടം എടുത്തണിഞ്ഞാല്‍ ഈ ക്രൂരതകള്‍ മറക്കാനാകും.
അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് കരാറുകളും മനുഷ്യാവകാശങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കും പരമാധികാരങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പുറത്ത് നിന്നുള്ള രാജ്യത്തെ ജനങ്ങളെ അവര്‍ മനുഷ്യരായി പരിഗണിക്കുന്നില്ല.
ഇതുകൊണ്ടായിരിക്കണം പണ്ട് ഹൈദരലി മകന്‍ ടിപ്പുവിനോട് ബ്രിട്ടീഷുകാരുമായി കരാര്‍ ഉണ്ടാക്കരുതെന്ന് ഉപദേശിച്ചിരുന്നതായി പറയപ്പെടുന്നത്. കാരണം അവര്‍ മറ്റുള്ളവരെ മനുഷ്യരായി പരിഗണിക്കുന്നില്ല.
അമേരിക്കയുമായി കരാറുണ്ടാക്കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത ഇന്ത്യന്‍ അധികാരികള്‍ക്ക് ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഒരു പുനര്‍വിചിന്തനത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാന്‍ തരമില്ല. സംഭവിച്ച് പോയതിലെല്ലാം ഖേദം പ്രകടിപ്പിച്ച് ഞങ്ങള്‍ ഭായ് ഭായ് എന്ന് പറഞ്ഞ് ഇരുകൂട്ടരും ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പിച്ച് പറയാം.