ലണ്ടൺ: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ഛായാചിത്രത്തിൽ കാർട്ടൂൺ ക്യാരക്ടറിന്റെ തല ഒട്ടിച്ച് മൃഗസംരക്ഷകരുടെ പ്രതിഷേധം. ലണ്ടനിലെ ഫിലിപ് മോൾഡ് ഗാലറിയിൽ സൂക്ഷിച്ചിരുന്ന ഛായാചിത്രത്തിലാണ് അനിമൽ റൈസിങ് എന്ന മൃഗസംരക്ഷണ സംഘടന വാല്ലെസ് എന്ന കാർട്ടൂൺ ക്യാരക്ടറിന്റെ തല ഒട്ടിച്ചത്.
ചാൾസ് രാജാവിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയിൽ മൃഗങ്ങൾ വേണ്ടവിധം സംരക്ഷിക്കപെടുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തിക്കാനുമാണ് തങ്ങൾ ഛായാചിത്രം നശിപ്പിച്ചതെന്നാണ് അനിമൽ റൈസിങ് പറയുന്നത്.
1824ൽ മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് എന്ന സംഘടനയുടെ നിലവിലെ തലവനാണ് ചാൾസ് രാജാവ്. ഈ ചാരിറ്റി സംഘടന കോഴികൾ, പന്നികൾ, സാൽമൺ മത്സ്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ആർ.എസ്.പി.സി.എ അഷ്വേർഡ് എന്ന പുതിയ പദ്ധതി കൊണ്ടുവന്നിരുന്നു. ഈ പദ്ധതിയിൽ നിർമിച്ച ഫാമുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടന്നില്ലെന്ന് ആരോപിച്ചാണ് മൃഗ സംരക്ഷകർ പ്രതിഷേധിച്ചത്.
‘ആർ.എസ്.പി.സി.എ അഷ്വേർഡ് ( R.S.P.C.A assured ). ഫാമുകളുടെ ശോചനീയാവസ്ഥ ചാൾസ് രാജാവിന്റെ ശ്രദ്ധയിലെത്തിക്കാൻ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം നടത്തുന്ന സംഘടനയുടെ അനാസ്ഥ ചാൾസ് രാജാവ് അറിയേണ്ടതുണ്ട്,’ അനിമൽ റൈസിങ് അംഗമായ ഡാനിയൽ ജുനൈപ്പർ പറഞ്ഞു.
വൃത്തിഹീനമായി നടത്തിയ ഫാമിൽ ചത്ത കോഴിക്കുഞ്ഞുങ്ങളെയും , പന്നികളെയും തങ്ങൾ കണ്ടെന്നും തുടർന്നാണ് പ്രതികരിക്കാൻ തീരുമാനമെടുത്തതെന്നും അനിമൽ റൈസിങ്ങിലെ മറ്റൊരംഗം പറഞ്ഞു.
ചാൾസ് രാജാവിന്റെ ചിത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാലറി ഉടമ ഫിലിപ് മോൾഡ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
സമാനമായ സംഭവം പാരീസിലും നടന്നിരുന്നു. പാരീസിലെ ലോർവ്രെ മ്യൂസിയത്തിൽ സൂക്ഷിച്ച മൊണാലിസ ചിത്രത്തിലേക്ക് സൂപ്പ് ഒഴിച്ച് പരിസ്ഥിതി സംരക്ഷക പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ബുള്ളറ്റ്പ്രൂഫ് ചെയ്ത കണ്ണാടി ആവരണം ഉണ്ടായിരുന്നതിനാൽ ചിത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല.
Content Highlight: An animal rights group has covered the monarch’s head with an image of an iconic UK cartoon character