| Friday, 22nd December 2023, 5:20 pm

ശാന്തനായ പ്രഭാകർ അല്ലിത്, ക്രിമിനൽ ലോയർ രാജശേഖറാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം മുതൽ നടൻ സിദ്ദിഖുമുണ്ട് ജീത്തു ജോസഫിന്റെ കൂടെ. ദൃശ്യത്തിലെ വരുണിന്റ അച്ഛൻ കഥാപാത്രമായി സിദ്ദിഖ് വേഷമിട്ടപ്പോൾ ജോർജുകുട്ടിയെ അല്പമെങ്കിലും ന്യായികരിക്കുന്ന, മകന്റെ സ്വഭാവത്തെക്കുറിച്ച് പൂർണ ബോധ്യമുള്ള കഥാപാത്രമായിട്ടായിരുന്നു അദ്ദേഹം എത്തിയത്.

ഭാര്യ ഗീതയോടും മകൻ വരുണിനോടുമുള്ള അയാളുടെ സ്നേഹം സത്യമുള്ളതായിരുന്നു. അധികം ശബ്‌ദമുയർത്തി സംസാരിക്കാൻ അറിയാത്ത എല്ലാ കാര്യത്തിലും എന്തെങ്കിലും ശരിയുണ്ടെന്ന് വിശ്വസിക്കുന്ന പ്രഭാകറായി സിദ്ദിഖിനെ മാത്രമേ മലയാളികൾക്ക് കാണാൻ കഴിയുകയുള്ളൂ. സിനിമയുടെ അവസാനം ജോർജുകുട്ടി കുറ്റസമ്മതം നടത്തുമ്പോഴും ഒരു വാക്കുപോലും പറയാതെ തിരിഞ്ഞു നടക്കുന്നതും സത്യത്തെക്കുറിച്ച് അയാൾക്ക് പൂർണമായ ബോധ്യം ഉള്ളതുകൊണ്ടാണ്.

ജീത്തു ജോസഫിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദി എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലും ദൃശ്യത്തിലെ കഥാപാത്രവുമായി സാമ്യമുള്ള സിദ്ദിഖിനെ ആയിരുന്നു പ്രേക്ഷകർ കണ്ടത്. മോഹൻദാസ് എന്ന വേഷത്തിലായിരുന്നു ആദിയിൽ സിദ്ദിഖ് എത്തിയത്.

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേര് കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററിൽ എത്തിയത്. പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളിലെല്ലാം ജീത്തു പറഞ്ഞിരുന്നു, താൻ ഇത്‌ വരെ ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച പ്രകടനങ്ങളുള്ള ചിത്രമാണ് നേരെന്ന്. ആ പറഞ്ഞത് 100 ശതമാനം ശരി വെക്കുന്ന പോലെയായിരുന്നു സിദ്ദിഖ് അടക്കമുള്ള താരങ്ങളുടെ പ്രകടനം.

ദൃശ്യത്തോട് അല്പം സാമ്യമുള്ള കഥയെ മുഴുവനായി ഒരു കോടതി മുറിക്കുള്ളിൽ തളച്ചിടുകയായിരുന്നു ചെയ്തത്. എന്നാൽ ദൃശ്യത്തിൽ നിന്ന് നേരിലേക്ക് വരുമ്പോൾ പവർ ഫുൾ നായികയാണ് ചിത്രത്തിൽ. ജോർജ് കുട്ടിയുടെ മകൾക്ക് നൽകാത്ത ശബ്‌ദവും അഭിപ്രായങ്ങളും ബോധവുമെല്ലാം ജീത്തു തന്നെ തന്റെ പുതിയ നായികയ്ക്ക് നൽകുന്നു എന്നതാണ് ഏറ്റവും നല്ല മാറ്റം.

ആ ഒരു മാറ്റം തന്നെയാവാം ഇത്‌ വരെ ഉപയോഗിക്കാത്ത തരത്തിൽ സിദ്ദിഖ് എന്ന നടനെ തന്റെ സിനിമയിൽ ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. രാജശേഖറെന്ന, നോക്കിലും നടപ്പിലുമെല്ലാം പവർഫുളായ ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വക്കേറ്റിൽ ഒരാളായിട്ടാണ് ജീത്തു സിദ്ദിഖിനെ നേരിൽ അവതരിപ്പിച്ചിട്ടുള്ളത്.

മോഹൻലാൽ അവതരിപ്പിക്കുന്ന വിജയ് മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറെ പലപ്പോഴും വെള്ളം കുടിപ്പിക്കുന്നുണ്ട് രാജശേഖർ. ഒരു മോഹൻലാൽ ചിത്രത്തിൽ അദ്ദേഹത്തിന് കിട്ടാത്ത ബിൽഡപ്പും ഇൻട്രോയുമെല്ലാം സിദ്ദിഖിനായി ചിത്രത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്.

ആദ്യ ഷോട്ടിൽ തന്നെ ഒരു വിമാനത്തിൽ വന്നിറങ്ങുകയാണ് രാജശേഖർ. നായകൻ യൂബർ ടാക്സിയിൽ സഞ്ചരിക്കുമ്പോൾ രാജശേഖർ ആഡംബര കാറുകളിൽ വലിയ സന്നാഹങ്ങളോടെയാണ് മുഴുവൻ സമയവും നടക്കുന്നത്. തന്റെ കേസ് ജയിക്കാനായി ഏതറ്റം വരെയും അയാൾ പോവും.

ദൃശ്യത്തിൽ കുറ്റക്കാരനായ തന്റെ മകന്റെ തെറ്റുകൾ മനസിലാക്കുന്ന പ്രഭാകരനിൽ നിന്ന്, പ്രതി കൂട്ടിൽ നിൽക്കുന്ന ആളെ രക്ഷിക്കാനായി എന്ത് തരംതാഴ്ന്ന പ്രവർത്തിയും ചെയ്യുന്ന, ഇരയായ പെൺകുട്ടിയോട് യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ സംസാരിക്കുന്ന അഡ്വക്കേറ്റ് രാജശേഖറിലേക്കുള്ള ദൂരമാണ് സിദ്ദിഖ് എന്ന നടന്റെ കരിയർ ഗ്രാഫ്.

വാക്കിലും നോക്കിലുമെല്ലാം അയാൾ ഒരു പക്കാ ക്രിമിനൽ ലോയറാണ്. എല്ലാവരും വളരെ റെസ്‌പെക്ടോടെ കാണുന്ന വളർച്ചയുടെ എല്ലാ അധികാരവും ഉപയോഗിക്കുന്ന ഒരു വ്യക്തി. നായകനുമായിട്ടുള്ള അയാളുടെ ഫ്ലാഷ് ബാക്ക് പോലും രാജശേഖറിന്റെ ക്യാരക്ടറിനെ അടയാളപ്പെടുത്തുന്നുണ്ട്.

സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇയാളിത് എന്ത് മനുഷ്യനാണ്, ഒരെണ്ണം പൊട്ടിച്ചാല്ലോ എന്ന് തോന്നുന്നിടത്താണ് സിദ്ദിഖ് എന്ന നടന്റെ വിജയം. കോടതിയിൽ വച്ച് ഇരയോട് ദ്വയാർത്ഥ പ്രയോഗങ്ങൾ പറയുമ്പോഴും അതിന് പോലും ജഡ്ജിയുടെ മുന്നിൽ അയാൾ ന്യായീകരണം നടത്തുന്നുണ്ട്.

പ്രേക്ഷകർക്ക്‌ ഏറെ പ്രിയപ്പെട്ട സിദ്ദിഖ് എന്ന നടനോട് രണ്ടര മണിക്കൂർ നേരത്തേക്ക് വെറുപ്പ് തോന്നി പോവുമ്പോൾ എല്ലാ വേഷവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന താരമായി മാറുന്നുണ്ട് അദ്ദേഹം.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ അടുത്തതായി ഒരുങ്ങുന്ന നുണക്കുഴി എന്ന ചിത്രത്തിലും സിദ്ദിഖ് ഭാഗമാകുമ്പോൾ ഏതുവിധത്തിലാണ് വീണ്ടും അദ്ദേഹം പ്രത്യക്ഷപ്പെടുക എന്നത് കണ്ട് തന്നെ അറിയണം.

Content Highlight: An Analysis Of Sidhique’s Performance In Neru Movie

We use cookies to give you the best possible experience. Learn more