| Sunday, 3rd March 2024, 3:29 pm

കടകനിലൂടെ കയ്യടി നേടുന്ന ശരത് സഭ ഇവിടെ മലയാളത്തിൽ സേഫാണ്

നവ്‌നീത് എസ്.

ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു ജാൻ ഏ മൻ. ചിത്രം വിജയമായതോടൊപ്പം ചിത്രത്തിലെ ഒരു ഡയലോഗും വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയിരുന്നു. സജിയേട്ടാ ഇവിടെ സേഫല്ലാ.

ഗുണ്ടായിസം കാണിച്ചു നടക്കുന്ന, സ്വന്തം മുതലാളിക്ക് വേണ്ടി എപ്പോഴും മുന്നിൽ നിന്ന് പണി വാങ്ങുന്ന ആത്മാർത്ഥത മാത്രമുള്ള ഗുണ്ടയായി വേഷമിട്ടത് ശരത് സഭയായിരുന്നു. ഒരുപക്ഷെ ജാൻ ഏ മനിലെ കണ്ണൻ എന്ന ഈ കഥാപാത്രമാണ് മലയാളികൾക്കിടയിൽ ശരത്തിനെ പരിചയക്കാരനാക്കിയത്. എന്നാൽ അതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ ശരത് മലയാള സിനിമയിലേക്ക് അരങ്ങേറിയിരുന്നു.

2013ൽ ഇറങ്ങിയ കരുമൻ കാശപ്പൻ എന്ന ചിത്രമാണ് ശരത്തിന്റെ ആദ്യ പടം. ശേഷം തരംഗം, ഒറ്റയാൾ പാത, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമ‌ളില്ലെല്ലാം ശരത് അഭിനയിച്ചു. ജനങ്ങൾക്കിടയിൽ ശ്രദ്ധേയനായതിന് ശേഷം മാലിക്, കണ്ണൂർ സ്‌ക്വാഡ്, ഇരട്ട, പൂക്കാലം, പേരിലൂർ പ്രീമിയർ ലീഗ്( വെബ് സീരിസ്), ജയ ജയ ജയ ജയഹേ തുടങ്ങിയ നിരവധി സിനിമകളിൽ ശരത് വേഷമിട്ടു.

എന്നാൽ അതിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായ കഥാപാത്രമായാണ് ഏറ്റവും പുതിയ ചിത്രമായ കടകനിൽ ശരത് എത്തുന്നത്.

നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം മണൽ കടത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് ശരത് എത്തുന്നത്. ഹക്കിം ഷാ പ്രധാന നായകനായി എത്തുന്ന ചിത്രത്തിൽ മുഴുവൻ സമയവും ഹക്കിമിനൊപ്പം ശരത്തുമുണ്ട്. മുൻ ചിത്രങ്ങളിൽ നിന്ന് വേറിട്ട് ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കടകൻ.

ഹക്കിമിനൊപ്പം വില്ലൻമാരോട് മുട്ടിനിൽക്കുന്നതിൽ ശരത്തും പോർകളത്തിൽ എപ്പോഴും മുന്നിലുണ്ട്. സൗഹൃദത്തിന്റെ കഥ കൂടിയാണ് കടകൻ. ശരത്തും ഹക്കിം അവതരിപ്പിക്കുന്ന സുൽഫിയും തമ്മിലുള്ള ആത്മബന്ധം സിനിമയുടെ തുടക്കം മുതൽ പ്രകടമാണ്. ഏത്‌ പാതിരാത്രിയിലും സുൽഫിക്കൊപ്പം ശരത്തുണ്ട്. സുൽഫിയെ സഹായിക്കാനും ഉപദേശം നൽകാനും എപ്പോഴും ശരത് കൂടെയുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ സുൽഫിയുടെ അച്ഛനായ ഹരിശ്രീ അശോകന്റെ വാക്കുകൾ കേട്ട് എല്ലാം അവസാനിച്ചിടത്ത് നിന്ന് വീണ്ടും തുടങ്ങുന്നുണ്ട് ശരത്. സുൽഫി അവന്റെ കൂടപ്പിറപ്പാണ്. കഴിഞ്ഞ ചിത്രങ്ങളിലെ പോലെ ഒരു കോമഡി കഥാപാത്രമല്ല ശരത് സഭയുടേത്. വീട്ടിൽ പോലും കയറാതെ ശരത് എപ്പോഴും സുൽഫിയോടൊപ്പമാണ് ഉണ്ടാവാറുള്ളത്. കടകന്റെ അവസാനം സുൽഫി നാട് വിട്ട് പോവുമ്പോഴും അവിടെയും ഒപ്പം പോവുന്നത് ശരത്തിന്റെ കഥാപാത്രമാണ്.

ഇതുവരെയുള്ള ശരത്തിന്റെ കരിയറിലെ വേറിട്ട ഒരു വേഷം തന്നെയാണ് കടകനിലൂടെ സജിൽ മമ്പാട് താരത്തിന് നൽകിയത്. മലയാള സിനിമയ്ക്ക് ഇത് നല്ല കാലമാണ്. ജാൻ ഏ മനിൻ ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും തകർത്തോടുമ്പോൾ ചിത്രത്തിലും ഒരു ചെറിയ ഭാഗമാവുന്നുണ്ട് ശരത് സഭാ. ശരത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ശരത് മലയാളത്തിൽ സേഫാണ്.

Content Highlight: An Analysis Of Sarath Sabha’s Perrformance  In Kadakan Movie

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more