|

ഇതുവരെ കണ്ട കല്യാണിയല്ല ആന്റണിയിലേത്; ഇത് ജോഷിയുടെ ആന്‍ മരിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജുവും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. ആന്റണി കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു.

ജോജു ജോഷി കൂട്ടുകെട്ടിൽ മുമ്പ് ഇറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ പ്രധാന കഥാപാത്രങ്ങൾ അലങ്കരിച്ച താരങ്ങളെല്ലാം ആന്റണിയിലും ഭാഗമാകുന്നുണ്ട്. എന്നാൽ അവരിൽ പുതിയതായി കടന്നു വന്നിട്ടുള്ളത് യുവ നടി കല്യാണി പ്രിയദർശനാണ്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയെടുത്ത നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കല്യാണി പിന്നീട് ചെയ്ത തല്ലു മാല, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ വിജയമാവുകയും ചെയ്തിരുന്നു.

ആന്റണിയിലെ പ്രകടനത്തിലേക്ക് വന്നാൽ. കല്യാണിയെ ഓർക്കുമ്പോൾ തന്നെ ചിരിച്ച മുഖമുള്ള ഒരു പെൺകുട്ടിയെയാണ് ഏതൊരു പ്രേക്ഷകനും ഓർമ്മ വരുക. കാരണം കല്യാണി ഇന്നേവരെ ചെയ്തു വച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. എന്നാൽ ആന്റണിയിലോട്ട് വരുമ്പോൾ അവയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായി വളരെ ബോൾഡായ സീരിയസ് കഥാപാത്രമായ ആൻമരിയ എന്ന വേഷത്തിലാണ് കല്യാണി എത്തുന്നത്.

സിനിമയുടെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര ഇൻട്രോ സംവിധായകൻ ജോഷി കല്യാണിയ്ക്ക് നൽകിയിട്ടുണ്ട്. ബോക്സിങ് റിങ്ങിൽ തന്റെ എതിരാളിയെ അടിച്ചു വീഴ്ത്തുന്ന ആൻ മരിയ ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകർക്കുള്ളിലേക്കും ഇടിച്ചു കയറുന്നുണ്ട്. മറ്റുള്ളവരോട് അവൾ കാണിക്കുന്ന ദേഷ്യത്തിനും വിദ്വേഷത്തിനും എല്ലാം വ്യക്തമായ കാരണം സിനിമയിൽ പറഞ്ഞുവെക്കുന്നുണ്ട്.

…Spoiler alert…

റൗഡി ആയ അച്ഛൻ കൊല്ലപ്പെട്ടതിനു ശേഷം സാഹചര്യങ്ങൾ കാരണം അച്ഛന്റെ കൊലപാതകിയുടെ ചിലവിൽ ശിഷ്ടകാലം ജീവിക്കേണ്ടിവരുന്ന നായികയാണ് ആൻമരിയ. ചില സാഹചര്യങ്ങൾ കൊണ്ട് നായകനും ചിത്രത്തിലെ റൗഡിയുമായ ജോജുവിനോടൊപ്പം ബാക്കി ജീവിതം ജീവിക്കാൻ തീരുമാനിക്കുന്നവളാണ് ആൻ.

ആന്റണിയോടൊപ്പം നടക്കുന്നത് കണ്ട് നാട്ടുകാരും കോളേജ് മാനേജ്മെന്റുമെല്ലാം പലപ്പോഴും ഒരുപാട് കുത്തുവാക്കുകൾ ആൻ മരിയയോട് പറയുന്നുണ്ട്. കോളേജിൽ എന്ത് പ്രശ്നമുണ്ടായാലും, ന്യായം ആൻ മരിയയുടെ ഭാഗത്താണെങ്കിൽ പോലും പ്രിൻസിപ്പൽ എപ്പോഴും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത് കല്യാണിയുടെ കഥാപാത്രത്തെയാണ്.

അങ്ങനെയുള്ള ആൻ മരിയയ്ക്ക് ആരോടും ചിരിക്കാൻ കഴിയില്ല. ഒന്നിനുവേണ്ടിയും ആഗ്രഹിക്കാതെ ചെറിയ കാര്യങ്ങൾക്ക് പോലും പ്രതികരിച്ചു നടക്കുന്ന ആൻമരിയ ആന്റണിക്കൊപ്പം നടക്കുന്നത് അവൾ അയാളുടെ കയ്യിൽ അത്രയും സുരക്ഷിതമായതു കൊണ്ടാണ്.

ചെറുപ്പത്തിൽ നഷ്ടമായ ചിരി പിന്നീട് അവളുടെ മുഖത്ത് ഉണ്ടാവുന്നത് ആന്റണിയോടൊപ്പം കൂടുമ്പോഴാണ്. തനിക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ടെന്ന തോന്നൽ അവൾക്ക് ഉണ്ടാവുന്നത് ആന്റണിയിലൂടെയാണ്. ഒടുവിൽ ഒരു ജോഷി പടത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലൊരു ക്ലൈമാക്സും സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്.

സമീപകാലത്ത് കല്യാണി പ്രിയദർശനിൽ നിന്നും കിട്ടാത്ത വ്യത്യസ്ത പ്രകടനം തന്നെ താരം ചിത്രത്തിനായി പുറത്തെടുത്തിട്ടുണ്ട്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലാണെങ്കിലും ഭാഷ ഒരു വെല്ലുവിളിയായപ്പോൾ അത് ഏറ്റെടുത്ത് തന്നാൽ ആവുന്ന വിധം ഭംഗിയാക്കാൻ കല്യാണി ശ്രമിച്ചിരുന്നു.

ആന്റണിയിലോട്ട് വരുമ്പോഴും പുതിയതരത്തിലുള്ള കഥാപാത്രങ്ങൾ പരീക്ഷിക്കാനുള്ള കല്യാണിയുടെ ശ്രമങ്ങൾ തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ട്. ആന്റണി എന്ന ജോഷി ചിത്രത്തെ പിടിച്ചുനിർത്തുന്നതും കല്യാണി-ജോജു കോമ്പിനേഷൻ സീനുകളാണ്.

Content Highlight: An Analysis Of Performance Of Kalyani Priyadharshan In Antony Movie

Latest Stories