മറിയയെ വിട്ടൊരു കളിയുമില്ല ജോഷിക്കും മകനും, മഞ്ജുവും മായയുമാവാൻ നൈലയുടെ ജീവിതം ഇനിയും ബാക്കി
Entertainment
മറിയയെ വിട്ടൊരു കളിയുമില്ല ജോഷിക്കും മകനും, മഞ്ജുവും മായയുമാവാൻ നൈലയുടെ ജീവിതം ഇനിയും ബാക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd December 2023, 5:15 pm

പൊറിഞ്ചു മറിയം ജോസിന് ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ആന്റണി. പൊറിഞ്ചു മറിയം ജോസിലെ ചെമ്പൻ വിനോദ്, നൈല ഉഷ, വിജയ രാഘവൻ എന്തിനേറെ പറയുന്നു പൊറിഞ്ചുവിൽ ജോജുവിന്റെ ബാല്യകാലം അവതരിപ്പിച്ച അമൽ ഷാ അടക്കം ആന്റണിയിൽ അഭിനയിക്കുന്നുണ്ട്.

എന്നാൽ ഈ രണ്ട് ചിത്രങ്ങൾക്കും ഇടയിൽ ജോഷി തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രവും കൂടി ഇറങ്ങിയിരുന്നു. സുരേഷ് ഗോപി നായകനായ പാപ്പൻ ആയിരുന്നു ആ ചിത്രം. പാപ്പനിലും നൈല ഉഷ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

തുടർച്ചയായി ജോഷിയുടെ മൂന്നാമത്തെ സിനിമയിലും നായികയായി എത്തുമ്പോൾ ഇപ്പോഴും മറിയത്തിൽ നിന്ന് പൂർണമായി വിട്ടുപോരാത്ത നൈലയെയാണ് ആന്റണിയിൽ കാണുന്നത്. ഇതിനിടയിൽ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിലും മറിയത്തിന്റെ മറ്റൊരു പതിപ്പായ മഞ്ജുവെന്ന കഥാപാത്രമായി നൈല വേഷമിട്ടിരുന്നു.

ആന്റണിയിലേക്ക് വരുമ്പോൾ ചിത്രത്തിൽ വിജയരാഘവൻ അവതരിപ്പിക്കുന്ന അവറാച്ചനെ പരിചരിക്കാൻ വരുന്നൊരു ഹോംനേഴ്സ് ആണ് മായ എന്ന നൈല ഉഷയുടെ കഥാപാത്രം. മായ അവറാൻ സിറ്റിയിൽ കാലുകുത്തുന്നത് തന്നെ നായകൻ ആന്റണിയുടെ കണ്ണുകളുമായി ഉടക്കിയിട്ടാണ്.

ശേഷം പലപ്പോഴായി അവറാച്ചനെ കാണാനായി ആന്റണി വരുമ്പോഴും കണ്ണ് കാണാത്ത അവറാച്ചന്റെ അടുത്തിരുന്ന് കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് ആന്റണിയും മായയും. സിനിമയിലെ പ്രധാന നടന് ഒരു നായിക ആവശ്യമാണെന്ന് നിർബന്ധമുള്ള പോലെയായിരുന്നു മായയുടെ കഥാപാത്ര രൂപീകരണം.

വിജയരാഘവനുമൊത്തുള്ള നൈലയുടെ കോമ്പിനേഷൻ സീനുകൾ മോശമാക്കാതെ ജോഷി ഒരുക്കി വെച്ചിട്ടുണ്ട്. അവറാന്റെ വിശ്വസ്തയായ ഹോംനേഴ്സായി മാറാൻ മായക്ക് അധികം സമയം വേണ്ടി വരുന്നില്ല.

ഒരേസമയം അവറാന്റെ ഡ്രൈവറായും ഹോം നേഴ്സായും മായ നിറഞ്ഞ് നിൽക്കുമ്പോൾ ആന്റണിയുമായി ഒരു കണക്ഷൻ ഉണ്ടാകാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് അത് എത്രത്തോളം കണക്ട് ആവുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

റെയ്ബാൻ ഗ്ലാസ്‌ വെച്ച് അവറാന്റെ കാറുമോടിച്ച് അവറാൻ സിറ്റിയിലൂടെ മായ പാഞ്ഞു നടക്കുമ്പോൾ കാണുന്ന പ്രേക്ഷകർക്ക് ഒരുപക്ഷേ ജോഷിയുടെ തന്നെ മറിയത്തെ ഓർമ വന്നാൽ അത്ഭുതപ്പെടാനില്ല.

കാഴ്ചയില്ലാത്ത അവറാന് വേണ്ടി കണ്ണായും നാട്ടുകാർ ഏറെ ബഹുമാനിക്കുന്ന അവറാന്റെ അഭിമാന സംരക്ഷകയായുമെല്ലാം മായ എന്ന കഥാപാത്രം മാറുന്നുണ്ട്. പക്ഷെ അതിനപ്പുറത്തേക്ക് ആന്റണിയിൽ ഒരു ഇമ്പാക്ട് ഇല്ലാത്ത കഥാപാത്രമായി മായ മാഞ്ഞു പോകുന്നുണ്ട്.

സിനിമ കാണുന്ന പ്രേക്ഷകന് സ്ക്രീനിൽ നൈലയെ കാണിക്കുമ്പോൾ തന്നെ, ഇതൊരു ബോൾഡ് കഥാപാത്രം ആയിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമെന്നതാണ് ഇവിടുത്തെ പ്രശ്നം. നൈല ഉഷയെന്ന നടി തന്നെ ചെയ്തുവെച്ച മറിയം എന്ന കഥാപാത്രം പ്രേക്ഷകരിൽ അത്രയും കയറി പറ്റിയത് തന്നെയാണ് അതിന് കാരണം. എന്തായാലും കിങ് ഓഫ് കൊത്തയിലെ മഞ്ജുവിനോളം ആന്റണിയിലെ മായയിൽ മറിയം നിഴലിക്കുന്നില്ല.

Content Highlight: An Analysis Of Nyla Usha’s Character In Antony Movie