| Saturday, 4th May 2024, 4:24 pm

മേക്കിങ്ങിലെ ഭംഗി തിരക്കഥയിൽ നഷ്ടമാവുന്ന ലാൽ ജൂനിയർ ചിത്രങ്ങൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാൽ ജൂനിയർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ നടികർ കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടൊവിനോ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ കഥയാണ് പറയുന്നത്. ഒരു സൂപ്പർസ്റ്റാറിന്റെ കഥ അവതരിപ്പിക്കുമ്പോഴുള്ള എല്ലാ റിച്ച്നസുകളും ഉൾപ്പെടുത്തി തന്നെയാണ് പടം ഒരുക്കിയിട്ടുള്ളത്.

നല്ലൊരു തിരക്കഥയുടെ അഭാവമായിരുന്നു ചിത്രത്തിന് പ്രശ്നമായത്. മേക്കിങ്ങിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്ന ഡയറക്ടർ തന്നെയാണ് ജീൻ പോൾ ലാൽ. 2013ൽ ഹണി ബീ എന്ന ആസിഫ് അലി ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ജീൻ പോൾ ലാൽ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ആസിഫ് അലി, ശ്രീനാഥ് ഭാസി, ഭാവന, ബാലു വർഗീസ്, ബാബു രാജ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം അന്ന് യൂത്ത് ആഘോഷമാക്കിയ പടമായിരുന്നു. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു ഹണി ബീ.

ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ മറ്റൊരു പടമായിരുന്നു ലാൽ ജൂനിയർ അടുത്തത് ചെയ്തത്. അച്ഛൻ ലാലിനെ പ്രധാന കഥാപാത്രമാക്കി ജീൻ പോൾ ലാൽ ഒരുക്കിയ ‘ഹായ് അയാം ടോണി’ ഒരു മികച്ച ത്രില്ലർ ചിത്രമാണ്. ആസിഫ് അലി, മിയ, ബിജു മേനോൻ, ലെന തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആദ്യത്തെ സിനിമ പോലെ വിജയമായില്ലെങ്കിലും മേക്കിങ് കൊണ്ട് മികച്ചൊരു അനുഭവം നൽകിയ ത്രില്ലർ ചിത്രമായിരുന്നു അത്.

എന്നാൽ അടുത്ത ചിത്രമായി ഒരുക്കിയത് ആദ്യ പടമായ ഹണി ബീയുടെ രണ്ടാംഭാഗമായിരുന്നു. ഹണി ബീ 2 സെലിബ്രേഷൻ എന്ന പേരിൽ ഇറക്കിയ ചിത്രം ബോക്സ്‌ ഓഫീസിൽ മൂക്ക് കുത്തി വീണു. ആദ്യ ചിത്രത്തിലെ താരങ്ങളെല്ലാം ഉണ്ടായിട്ടും ചിത്രത്തെ രക്ഷിക്കാനായില്ല.

എന്നാൽ അടുത്ത ചിത്രത്തിലൂടെ ജീൻ പോൾ ലാൽ മലയാളത്തിന് ഒരു ഹിറ്റ്‌ ചിത്രം സമ്മാനിച്ചു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ഡ്രൈവിങ് ലൈസൻസ് ആയിരുന്നു ആ ചിത്രം. സച്ചിയുടെ തിരക്കഥക്കൊപ്പം ജീൻ പോളിന്റെ മേക്കിങ് മികവ് കൂടെയായപ്പോൾ ലഭിച്ചത് മികച്ചൊരു എന്റർടൈനർ ചിത്രമായിരുന്നു. ചിത്രം പിന്നീട് സെൽഫി എന്ന പേരിൽ ബോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

2021ൽ സുനാമി എന്ന പേരിൽ ഒരു ചിത്രവും ലാൽ ജൂനിയർ സംവിധാനം ചെയ്തിരുന്നുവെങ്കിലും ചിത്രം വലിയ പരാജയമായി മാറി. മുകേഷ്, ഇന്നസെന്റ്, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു.

അതിനുശേഷം എത്തിയ ചിത്രമാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ നടികർ. ഒരു ടൊവിനോ തോമസ് ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിലുള്ള പടമാണ് നടികർ. സൗബിൻ ഷാഹിറും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, ചിത്രത്തിന്റെ കളർ ഫുൾ ട്രെയ്ലർ ഇതെല്ലാം നടികർ കാണാനുള്ള കാരണങ്ങൾ ആയിരുന്നു. എന്നാൽ മേക്കിങ്ങിൽ മികവ് പുലർത്തുമ്പോഴും തിരക്കഥയിലെ പ്രശ്നങ്ങൾ സിനിമയെ ബാധിക്കുന്നുണ്ട്.

സംവിധാനത്തോടൊപ്പം ചില സിനിമകളിൽ അഭിനേതാവായും ജീൻ പോൾ ലാൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഈയിടെ ഇറങ്ങി മലയാളത്തിലെ വമ്പൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ സിജു എന്ന കഥാപാത്രം. കൊറോണ പേപ്പേർസിലെ ടോണി, അണ്ടർ വേൾഡിലെ സോളമൻ എന്നീ കഥാപാത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്.

നല്ലൊരു തിരക്കഥ കിട്ടിയാൽ മികച്ച ചിത്രങ്ങൾ ഇനിയും ജീൻ പോൾ ലാലിൽ നിന്ന് ലഭിക്കുമെന്ന് ഉറപ്പാണ്. അതിന് ഉദാഹരണമാണ് ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രം.

Content Highlight: An Analysis of Jean Paul Lal’s Directorial Films

We use cookies to give you the best possible experience. Learn more