രമണനല്ല ഈ ഹൈദരലി, ഹരിശ്രീ അശോകന്റെ മറ്റൊരു മുഖവുമായി കടകൻ
Entertainment
രമണനല്ല ഈ ഹൈദരലി, ഹരിശ്രീ അശോകന്റെ മറ്റൊരു മുഖവുമായി കടകൻ
നവ്‌നീത് എസ്.
Saturday, 2nd March 2024, 8:03 pm

സിദ്ദിഖ്-ലാൽ ആദ്യമായി സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച വ്യക്തിയാണ് ഹരിശ്രീ അശോകൻ.

ഇവരുടെ തന്നെ ഗോഡ് ഫാദർ, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങളിലൂടെ അശോകൻ തിളങ്ങിയിരുന്നു. എന്നാൽ തന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായ കഥാപാത്രം അദ്ദേഹത്തിന് സമ്മാനിച്ചത് പഞ്ചാബി ഹൗസ് ആയിരുന്നു.

ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം വർഷങ്ങൾക്കിപ്പുറവും മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു കഥാപാത്രമാണ്. തന്റെ രമണൻ എന്ന കഥാപാത്രത്തിന് ഇന്ത്യക്ക് പുറത്തും ആരാധകർ ഉണ്ടെന്ന് ഹരിശ്രീ അശോകൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സംഭാഷണ ശൈലിയിലും മാനറിസങ്ങളിലുമുള്ള താരത്തിന്റെ വ്യത്യസ്തത തന്നെയാണ് മലയാളികൾക്കിടയിൽ ഹാസ്യ താരം എന്ന നിലയിൽ അദ്ദേഹത്തെ സ്വീകാര്യനാക്കിയത്.

എന്നാൽ ഹാസ്യതാരമായി തന്റെ സിനിമാ കരിയർ ആരംഭിച്ച ഹരിശ്രീ അശോകൻ ഇന്ന് മലയാള സിനിമയിൽ സീരിയസ് വേഷങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. പഴയകാല ഹാസ്യ താരങ്ങളായ ഇന്ദ്രൻസ്, ജഗദീഷ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഹരിശ്രീ അശോകനും വ്യത്യസ്തമായ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുകയാണ്.

അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്ത കടകൻ എന്ന ചിത്രത്തിലെ ഹൈദരലി എന്ന കഥാപാത്രം. മുമ്പൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത വിധമാണ് ചിത്രത്തിലെ ഹരിശ്രീ അശോകന്റെ കഥാപാത്ര രൂപീകരണം. നാട്ടുകാരെല്ലാം ബഹുമാനിക്കുന്ന , സ്വന്തം മകൻ ഏറെ ഭയത്തോടെ കാണുന്ന പരുക്കനായ ഒരു അച്ഛൻ കഥാപാത്രമാണ് ഹൈദരലി.

മണൽ കടത്തും പരിപാടികളുമായി നടക്കുന്ന മകൻ സുൽഫിയെ അതിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം. എന്നാൽ വിശാലമായ ഒരു ഭൂതകാലമുള്ള കഥാപാത്രമാണ് ഹൈദരലി. ഒരുകാലത്ത് തിലകനെ പോലൊരു നടൻ അവതരിപ്പിച്ചിരുന്ന തരത്തിലുള്ള വേഷമാണ് കടകനിലെ ഹരിശ്രീ അശോകന്റേത്.

വില്ലന് മുന്നിൽ നിസ്സഹായനായി നിൽക്കാതെ സംഭാഷണങ്ങളിലൂടെയും നോട്ടങ്ങളിലൂടെയും കയ്യടി നേടുന്നുണ്ട് ഹൈദരലി. സത്യത്തിൽ കടകൻ ഹരിശ്രീ അശോകന്റെ സിനിമയാണ്. മകനായി അഭിനയിച്ച ഹക്കീം ഷായുമൊത്തുള്ള കോമ്പിനേഷൻ സീനുകളും ഏറെ ഭംഗിയായി ചിത്രത്തിൽ വന്നിട്ടുണ്ട്.

വർഷങ്ങളായി മലയാള സിനിമയിലുള്ള ഒരു അഭിനേതാവിനെ പുതിയ രീതിയിൽ പരീക്ഷിക്കാൻ സംവിധായകൻ സജിൽ മമ്പാട് നടത്തിയ ശ്രമം പ്രശംസനീയമാണ്. പറവ, മിന്നൽ മുരളി, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുമാറ്റം നടത്തിയ അദ്ദേഹം കടകനിലും അത് ആവർത്തിക്കുകയാണ്.

Content Highlight: An Analysis Of Harisree Ashokan’s Performance In Kadakan Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം