വാലിബനിലൂടെ അയ്യനാരായി കയ്യടി നേടുന്ന ഹരീഷ് പേരടി
Entertainment
വാലിബനിലൂടെ അയ്യനാരായി കയ്യടി നേടുന്ന ഹരീഷ് പേരടി
നവ്‌നീത് എസ്.
Sunday, 28th January 2024, 3:06 pm

തന്റെ പത്തൊമ്പതാം വയസിൽ ആകാശവാണിയിലെ നാടക ആർട്ടിസ്റ്റായിട്ടാണ് കലാരംഗത്തേക്ക് ഹരീഷ് പേരടി ചുവട് വെക്കുന്നത്.

നാടകത്തിൽ തിളങ്ങി നിൽക്കുന്നതിനിടയിലാണ് സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കും ഹരീഷ് പേരടി വരവറിയിച്ചത്.
പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറാൻ ഹരീഷിന് അധികകാലം വേണ്ടി വന്നില്ല.

അരുൺ കുമാർ അരവിന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമാണ് ഹരീഷിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. ആ വേഷം വലിയ ശ്രദ്ധ നേടുന്നതിനൊപ്പം വലിയ ചർച്ചകൾക്കും വഴി വെച്ചു.

ഏറെ വൈകാതെ തന്നെ അന്യഭാഷയിലെയും തിരക്കുള്ള താരമായി മാറാൻ ഹരീഷിന് കഴിഞ്ഞു. വിക്രം വേദയെന്ന ഹിറ്റ്‌ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഹരീഷ് എത്തിയത്. വിക്രം, കൈതി, സുൽത്താൻ തുടങ്ങി തമിഴ് സിനിമകളുടെയും സ്ഥിര സാന്നിധ്യമായി ഹരീഷ് മാറി.

പുലിമുരുകൻ, ഗോദ, മരക്കാർ അറബികടലിന്റെ സിംഹം തുടങ്ങി മലയാളത്തിലെ വലിയ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമാവാൻ തുടങ്ങി. ഏറെ ഹൈപ്പോടെ എത്തിയ പ്രിയദർശൻ – മോഹൻലാൽ ചിത്രമായിരുന്നു മരക്കാർ അറബി കടലിന്റെ സിംഹം. ചിത്രം വിമർശനം നേരിട്ടപ്പോഴും മാങ്ങാട്ടച്ചൻ എന്ന ഹരീഷിന്റെ വേഷം വലിയ ശ്രദ്ധ നേടിയിരുന്നു. നെടുമുടി വേണു, ഇന്നസെന്റ്, മാമുകോയ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം ഹരീഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തി.

ഏറ്റവും ഒടുവിൽ ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലും കയ്യടി നേടുകയാണ് ഹരീഷ് പേരടിയുടെ പ്രകടനം. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു വാലിബൻ. ബോക്സ്‌ ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നതെങ്കിലും ഹരീഷിന്റെ അടക്കമുള്ള താരങ്ങളുടെ പ്രകടനം മികച്ചതാണ്.

അയ്യനാർ എന്ന കഥാപാത്രമായി മറ്റാരെയും ചിന്തിക്കാൻ കഴിയാത്ത വിധം അദ്ദേഹം പകർന്നാടിയിട്ടുണ്ട്. മോഹൻലാലിനെ പോലൊരു നടന്റെ ഗുരുവായി സ്ക്രീനിൽ അഭിനയിക്കുമ്പോൾ അത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു വേഷം തന്നെയാണ്. എന്നാൽ വളരെ ഭംഗിയായി ഹരീഷ് അത് കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിലെ മുഴുനീള കഥാപാത്രമായാണ് ഹരീഷ് എത്തുന്നത്. ഒരുപക്ഷെ മോഹൻലാലിനെക്കാൾ സ്ക്രീൻ ടൈമും ഉണ്ടാവാം. ഇരുവരും ചേർന്നുള്ള കോമ്പിനേഷൻ സീനുകളിൽ എല്ലാം മികച്ചു നിൽക്കുന്നുണ്ട് ഹരീഷ് പേരടി. മുമ്പായിരുന്നെങ്കിൽ തിലകനെ പോലൊരു സീനിയർ നടനെ മാത്രമേ ആ കഥാപാത്രത്തിൽ കാണാൻ കഴിയുള്ളൂ.

 

വർഷങ്ങൾക്ക്‌ മുമ്പിറങ്ങിയ മോഹൻലാൽ ചിത്രം റെഡ് ചില്ലീസിൽ കുറച്ച് സീനിൽ മാത്രം വന്ന് മോഹൻലാലിന്റെ അടി കൊള്ളുന്ന കഥാപാത്രത്തിൽ നിന്ന് ഇന്ന് വാലിബനിൽ എത്തി ആ നടനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തിലൊരു കഥാപാത്രം ചെയ്യുന്നുണ്ടെങ്കിൽ അതാണ് ഹരീഷ് പേരടിയെന്ന നടന്റെ വളർച്ച.

മലൈക്കോട്ടൈ വാലിബന്റെ തുടർച്ചയ്ക്കുള്ള പഴുതുകൾ ബാക്കിയാക്കി സിനിമ ഹരീഷ് പേരടിയിലൂടെ അവസാനിക്കുമ്പോൾ പ്രേക്ഷകരും കയ്യടിക്കുകയാണ്.

Content Highlight: An Analysis Of Hareesh Peradi’s Performance In Malaikotte Valiban

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം