സുബീഷ് സുധി, ഒരു മലയാള സിനിമ ഉത്പന്നം
Entertainment
സുബീഷ് സുധി, ഒരു മലയാള സിനിമ ഉത്പന്നം
നവ്‌നീത് എസ്.
Tuesday, 12th March 2024, 9:09 am

ടി.വി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. റിലീസിന് മുമ്പ് തന്നെ ചർച്ചകളിൽ ഇടം നേടിയ സിനിമയായിരുന്നു ഇത്. തീർച്ചയായും സംസാരിക്കേണ്ട ഒരു വിഷയത്തെ അതിന്റെ തീവ്രത ഒട്ടും നഷ്ടമാവാതെ ഹാസ്യത്തിന്റെ മേമ്പൊടി യോടെ അവതരിപ്പിക്കുകയാണ് ചിത്രം.

കുടുംബബന്ധങ്ങളെയും സൗഹൃദത്തെയും പ്രണയത്തെക്കുറിച്ചും എല്ലാം പറയുന്ന ചിത്രം അഭിനേതാക്കളാലും സമ്പന്നമാണ്. വർഷങ്ങളായി മലയാള സിനിമയിൽ ഭാഗമായിട്ടുള്ള സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രദീപിനെ അവതരിപ്പിക്കുന്നത്. മലയാളികൾക്ക് നന്നായി അറിയുന്ന ഒരു നടൻ തന്നെയാണ് സുബീഷ് സുധി. കണ്ണൂറിന്റെ കഥ പറയുന്ന ചിത്രങ്ങളിലെല്ലാം സുബീഷ് വന്ന് പോവുന്നത് മലയാളികൾ കണ്ടിട്ടുണ്ടാവും.

916 എന്ന ചിത്രത്തിൽ വെൽക്കം സ്മൈലിലൂടെ കസ്റ്റമേഴ്സിനെ ഷോപ്പിലേക്ക് ക്ഷണിക്കുന്ന കടക്കാരനായി, മെക്സിക്കൻ അപാരതയിൽ കുട്ടി സഖാക്കൾക്ക് ഉപദേശം നൽകുന്ന രാജേഷേട്ടനായി അങ്ങനെ പല ഭാവത്തിൽ മലയാളികൾ സുബീഷിനെ കണ്ടിട്ടുണ്ട്.

ഒരു സർക്കാർ ഉത്പന്നത്തിലേക്ക് വന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങളായെങ്കിലും ഭാര്യയോടുള്ള പ്രണയം എന്നും അതുപോലെ സൂക്ഷിക്കുന്ന അഞ്ചാമതായി ഒരു പെൺകുഞ്ഞിനായി തയ്യാറെടുക്കുന്ന പ്രദീപായാണ് സുബീഷ് എത്തുന്നത്. ഭാര്യ ശ്യാമയോട് അയാൾക്ക് വലിയ സ്നേമാണ്. എന്നാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് പഞ്ചായത്ത് പുരുഷവന്ധ്യകരണ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് പ്രദീപും കുടുംബവും നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

ഒരു സാധാരണ കുടുംബനാഥന്റെ എല്ലാ വികാരവിചാരങ്ങളിലൂടെയും കടന്നുപോകുന്ന പ്രദീപനെ വളരെ മികച്ച രീതിയിൽ സുബീഷ് അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യയോട് അയാൾക്കുള്ള സ്നേഹവും മക്കളോട് പ്രദീപ് പറയുന്ന തമാശകളും വിഷമഘട്ടങ്ങളിലെ നിസഹായ അവസ്ഥകളും വളരെ മനോഹരമായി ആ നടൻ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ചില സമയങ്ങളിൽ കൈവിട്ട് പോവുമ്പോഴും പിടിച്ചു നിർത്തുന്നത് സുബിഷിന്റെ ഈ പ്രകടനം തന്നെയാണ്.

 

കണ്ണൂരിന്റെ നടനാണ് സുബീഷ് സുധി. അഭിനയിച്ച സിനിമകളിലെല്ലാം തന്റെ തനത് പയ്യന്നൂർ ഭാഷയിലൂടെ സുബീഷ് ശ്രദ്ധ നേടിയിട്ടുണ്ട്. ലാൽ ജോസിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ക്ലാസ്സ്‌മേറ്റ്സിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന സുബീഷ് ലാൽജോസിന്റെ തന്നെ എട്ടോളം സിനിമകളടക്കം ഒരുപാട് ചിത്രങ്ങളിൽ വന്ന് പോയിട്ടുണ്ട്.

പ്രേക്ഷകർ ശ്രദ്ധിക്കുന്ന തരത്തിൽ എപ്പോഴും ചിരിക്കുന്ന, തമാശ പറയുന്ന കഥാപാത്രങ്ങളിലാണ് സുബീഷിനെ അധികവും മലയാളികൾ കണ്ടിട്ടുള്ളത്. ഇതിനിടയിൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയെന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു മേക്കോവറിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

കണ്ണൂരിന്റെ കഥ പറഞ്ഞ ചിത്രങ്ങളിലെല്ലാം സുബീഷിനെ കാണാം. തട്ടത്തിൻ മറയത്ത്, നാൽപത്തിയൊന്ന്, ഓട്ടോർഷാ, വെള്ളം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.


ആ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ഒരു സർക്കാർ ഉത്പന്നം. എന്നാൽ ചെറിയ വേഷങ്ങളിൽ കണ്ടിരുന്ന സുബീഷിന്റെ നായക കഥാപാത്രത്തെയാണ് സർക്കാർ ഉത്പന്നത്തിൽ കണ്ടത്. അതിനെ ഏറ്റവും ഭംഗിയായി അദ്ദേഹം സ്ക്രീനിൽ എത്തിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും പറയാം മലയാള സിനിമയുടെ ഉത്പന്നമാണ് സുബീഷ് സുധി.

Content Highlight: An Analysis Of Growth Of Actor Subeesh Sudhi

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം