'നടേശാ കൊല്ലണ്ട' ഒരേയൊരു വിജയരാഘവൻ
Entertainment
'നടേശാ കൊല്ലണ്ട' ഒരേയൊരു വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th December 2023, 5:49 pm

മികച്ച താരങ്ങളാലും അഭിനേതാക്കളാലും സമ്പന്നമാണ് നമ്മുടെ മലയാള സിനിമ. താരാധിപത്യം നിറഞ്ഞുനിൽക്കുന്ന ഒരു ഫിലിം ഇൻഡസ്ട്രിയൽ കാലങ്ങളായി തിളങ്ങിനിൽക്കുക എന്നത് ഒരു ടാസ്ക് തന്നെയാണ്. നായക നടൻമാരോടൊപ്പം കളം നിറഞ്ഞുനിൽക്കുന്ന ചില ആർട്ടിസ്റ്റുകൾ ഉണ്ട്. സ്വഭാവനടൻ അല്ലെങ്കിൽ നടി എന്ന തലകെട്ടിൽ കെട്ടിയിട്ടാലും ഒന്ന് അഴിച്ചു വിട്ടാൽ പറന്നുയരാൻ കഴിവുള്ള ആർട്ടിസ്റ്റുകൾ. പറഞ്ഞു വരുന്നത് അത്തരത്തിലുള്ള ഒരാളെ കുറിച്ചാണ്. വിജയ രാഘവൻ.

മലയാളത്തിന്റെ നാടകചാര്യൻമാരിൽ ഒരാളായ എൻ. എൻ പിള്ളയുടെ മകനാണ് വിജയ രാഘവൻ. അച്ഛന്റെ ഗംഭീരമായ നാടക പാരമ്പര്യം ഒട്ടും ചോരാതെ തന്നെ മകൻ തന്റെ പ്രകടനങ്ങളിലൂടെ കാത്തു സൂക്ഷിക്കുന്നുണ്ട്. എൻ. എൻ പിള്ളയുടെ വിശ്വ കേരള കലാസമിതിയിലൂടെ ചെറുപ്പകാലത്ത് തന്നെ നാടക രംഗത്ത് സജീവമാണ് വിജയരാഘവനും.

കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം ചെയ്തു വെച്ചിട്ടുള്ള വേഷങ്ങൾ മാത്രം പരിശോധിച്ചാൽ മതി ആ അതുല്യ നടന്റെ അഭിനയ ചാരുത മനസ്സിലാക്കാൻ. 1973 ൽ പുറത്തിറങ്ങിയ കാപലിക ചിത്രത്തിലൂടെ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രമായാണ് തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ വിജയരാഘവൻ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവിടുന്ന് തുടങ്ങി ഇന്നിപ്പോൾ ജോഷിയുടെ ഏറ്റവും പുതിയ ചിത്രമായ ആന്റണിയിലെ അവറാനിൽ വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ.

വിജയരാഘവന്റെ പേര് പറയുമ്പോൾ തീർച്ചയായും പരാമർശിക്കപെടേണ്ട മറ്റൊരു പേരാണ് സംവിധായകൻ ജോഷിയുടെതും. ആദ്യചിത്രമായ കാപലികയുടെ സഹ സംവിധായകനായ ജോഷിയുമായിട്ടുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ന്യൂഡൽഹിയിലേക്ക് വിജയരാഘവനെ എത്തിച്ചത്.

പിന്നീട് 1993ൽ ഷാജികൈലാസ് ഒരുക്കിയ ഏകലവ്യൻ എന്ന ചിത്രത്തിലെ വിജയരാഘവന്റെ കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന് വ്യത്യസ്തതയെ പരീക്ഷിക്കാൻ തുടങ്ങിയത് രണ്ടായിരത്തിനു ശേഷമാണ്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ. സംഭാഷണങ്ങളിലും മാനറിസങ്ങളിലും തന്റേതു മാത്രമായൊരു കോട്ടയം ശൈലിയും.

‘നടേശാ കൊല്ലണ്ട’ എന്ന രാവണപ്രഭുവിലെ ഡയലോഗ് വിജയരാഘവന്റെ ശബ്ദത്തിൽ മാത്രമേ മലയാളികൾക്ക് കേൾക്കാൻ കഴിയുകയുള്ളൂ.

സമീപകാലത്തെ ചില വിജയരാഘവൻ ടച്ചുകൾ മാത്രം നമുക്ക് പരിശോധിക്കാം. 2023 എന്ന വർഷം ഒരു തരത്തിൽ വിജയരാഘനെ എല്ലാതരത്തിലും ഉപയോഗിച്ച ഒരു വർഷമായിരുന്നു.

ഗണേഷ് രാജ് ഒരുക്കിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പായി വിജയ രാഘവൻ വിജയച്ചു നിന്നപ്പോൾ കാണുന്ന ഏതൊരു പ്രേക്ഷകനും ഇത്‌ വിജയ രാഘവൻ തന്നെയാണോ എന്ന കൗതുകം തോന്നും. വാർധക്യം ബാധിച്ച ഒരു മനുഷ്യനെ ഏറ്റവും മികവുറ്റ രീതിയിൽ നോക്കിലും നടപ്പിലും സംഭാഷണങ്ങളിലും എല്ലാം അദ്ദേഹം പൂർണമായി തന്നിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു. നീണ്ട സിനിമ ജീവിതത്തിലെ വിജയരാഘവന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ഇട്ടൂപ്പിനെ കണക്കാക്കം.

നസ്ലെൻ, മാത്യു തോമസ് എന്നീ യുവ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ നെയ്മർ എന്ന ചിത്രവും ഇറങ്ങിയത് ഈ വർഷം തന്നെയായിരുന്നു. പറയുമ്പോൾ ചിത്രത്തിന് അദ്ദേഹത്തിന് സ്ക്രീൻ സ്പേസ് വളരെ കുറവാണ് എന്നാൽ നെയ്മർ എന്ന സിനിമ ആസ്വാദനമാക്കുന്നതിൽ ചാക്കോലയെന്ന വിജയരാഘവന്റെ ഹാസ്യ കഥാപാത്രം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഈ വർഷം തന്നെ ഇറങ്ങി ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിലും എസ്‌. പി. കൃഷ്ണലാൽ എന്ന കഥാപാത്രമായി വിജയരാഘവൻ എത്തുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും സിനിമയിലെ നായക കഥാപാത്രമായ ജോർജ് മാർട്ടിന് വേണ്ട എല്ലാ സപ്പോർട്ടും എല്ലാ പ്രതീക്ഷയും നൽകി സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതും ഒരു വിജയ രാഘവൻ മാജിക് തന്നെയാണ്. ഒരേ സമയത്ത് വ്യത്യസ്ത തലങ്ങളിലുള്ള വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നു എന്നതാണ് ഇവിടെ ഏറ്റവും കയ്യടി അർഹിക്കുന്നത്.

കഴിഞ്ഞ ആഴ്ച തീയേറ്ററിൽ എത്തിയ ജോഷി ചിത്രം ആന്റണിയിലും വിജയകൊടി പാറിക്കുന്നുണ്ട് താരം. അവറാൻ സിറ്റി എന്ന പ്രദേശത്തിന്റെ തല മൂത്ത അവറാച്ചനായി തലയെടുപ്പോടെ വിജയ രാഘവൻ നിൽക്കുന്നുണ്ട്.

വാർദ്ധക്യ അവസ്ഥയിലുള്ള ഒരു കഥാപാത്രമായി വിജയരാഘവൻ എത്തുന്നത് ആദ്യമല്ല. മുൻപ് ജോഷി തന്നെ സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിലെ ഐപ്പും മികച്ചൊരു കഥാപാത്ര രൂപീകരണമായിരുന്നു. ശിഷ്യനായ പൊറിഞ്ചുവിനോടുള്ള സ്നേഹവും അവനെ ശത്രുവായി കാണുന്ന വീട്ടുകാരോടുള്ള ഉത്തരവാദിത്തവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവാൻ ഐപ്പ് ഏറെ പാടുപെടുന്നുണ്ട്. ഒടുവിൽ ഏറ്റവും വിശ്വസ്തനായ പൊറിഞ്ചുവിനെ സ്വന്തം കൈ കൊണ്ട് തന്നെ കൊലപ്പെടുത്തേണ്ടി വരുമ്പോഴുള്ള മാനസിക സംഘർഷവും ഭംഗിയായി അദ്ദേഹം ചെയ്തുവെച്ചിട്ടുണ്ട്.

പൂക്കാലത്തിലെ ഇട്ടൂപ്പ്, ലീലയിലെ ഗോപി പിള്ള, വെനീസിലെ വ്യാപാരിയിലെ ചുങ്കത്തറ രാഘവൻ, സീനിയർസിലെ പ്രിൻസിപ്പൽ തുടങ്ങി എല്ലാം ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്ന വേഷ പകർച്ചകൾ.

ആന്റണിയിലോട്ട് വരുമ്പോഴും തന്റെ നാട്ടിൽ തനിക്കുള്ള സ്ഥാനത്തിൽ ഏറെ അഭിമാനിക്കുന്ന സന്തോഷിക്കുന്ന അവറാച്ചനാണ് അദ്ദേഹം. സിനിമയുടെ ഒരു ഘട്ടത്തിൽ അവറാച്ചന്റെ അഭിമാനത്തിന് ക്ഷതം ഏൽക്കുമ്പോൾ അത് കണ്ടിരിക്കുന്ന പ്രേക്ഷകരുടെ ഉള്ളിലേക്കും ഇടിച്ചു കയറുന്നത് വിജയരാഘവൻ എന്ന അതുല്യപ്രതിഭ കളം നിറഞ്ഞ് നിൽക്കുന്നത് കൊണ്ടാണ്.

അഭിനയ ശേഷി ഇനിയും വറ്റിയിട്ടില്ലാത്ത ആ നടനിൽ ഇനിയും ഒരുപാട് നല്ല പ്രകടനങ്ങൾ ഉണ്ടാവും എന്നുറപ്പാണ്. കാരണം ഇത്‌ വിജയ രാഘവനാണ്.. മലയാളത്തിന്റെ വിജയ രാഘവൻ.

Content Highlight: An Analysis Of Characters Of Vijaya raghavan In Malayalam Cinema