എണ്‍പതുകളുടെ തുടക്കത്തില്‍ പരീക്ഷിക്കപ്പെട്ട സ്വതന്ത്ര കമ്പോളമെന്ന പ്രശ്‌ന പരിഹാരമാര്‍ഗം, ലോകത്തെങ്ങും സാര്‍വ്വത്രികമായി അടിച്ചേല്‍പ്പിക്കാന്‍, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പരിശ്രമിച്ചു പോരുകയായിരുന്നല്ലോ. ലോക വാണിജ്യ സംഘടന കൂടി ആ നിലക്ക് പ്രയോജനപ്പെടുത്താനായതോടെ, മദ്യപിച്ച കുരങ്ങനെ തേളു കുത്തിയ പോലെയായി കമ്പോള മൗലികവാദത്തിന്റെ പെരുമാറ്റ രീതികള്‍. ലോകത്തിനാകെ ഒരു കമ്പോളം, ഒരു നിയമം, ഒരു മേല്‍നോട്ട രീതി എന്നായി പ്രമാണം.
|ഒപ്പീനിയന്‍: എ.കെ രമേശ്|
ബാങ്കുകള്‍ക്ക് വംശനാശം വരാന്‍ പോകുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബില്‍ ഗെയ്റ്റ്‌സ് സൂചിപ്പിച്ചപ്പോള്‍, വിശ്വസിച്ചവര്‍ നന്നേ കുറവായിരുന്നു. ഫ്രീഡം ഫ്രം ബ്രിക്ക് ആന്റ് മോര്‍ട്ടാര്‍ ആണ് ഇനി വേണ്ടതെന്ന് 90 കളില്‍ ചാര്‍ട്ടേഡ് ബാങ്കിന്റെ കണ്‍ട്രി ചീഫ് പറഞ്ഞപ്പോഴും അത് ഇത്രവേഗം യാഥാര്‍ത്ഥ്യമാവും എന്ന് കരുതിയവരും ഏറെയുണ്ടായിരുന്നില്ല.
ഫൈനാന്‍സും കമ്യൂണിക്കേഷന്‍സും തമ്മിലുള്ള ഉദ്ഗ്രഥനം സാദ്ധ്യമായാല്‍ പിന്നെന്തിന് ബാങ്ക് ശാഖകള്‍? ബാങ്ക് ജീവനക്കാര്‍? ലോകത്ത് രണ്ടു ബാങ്കുകളെങ്കിലും ഒറ്റ ജീവനക്കാരനും ഇല്ലാതെ നടന്നു പോരുന്നുണ്ട്.
വിസ്മയകരമായ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒന്നര ദശകത്തിനകം ധനമേഖലയില്‍ നടന്നത്. റവല്യൂട്ട് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് രാഷ്ട്രാന്തരീയ ബാങ്കിടപാടുകള്‍ നൊടിയിടയില്‍ നടത്താന്‍ നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ക്കാവും. രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ട് കുത്തിപ്പരന്നൊഴുകാന്‍ മാത്രം ഫൈനാന്‍സ് ശക്തമായിരിക്കുന്നു .
ഇത് വെറുതെയങ്ങ് സംഭവിച്ചു പോയതല്ല. എണ്‍പതുകള്‍ക്ക് ശേഷം മൂലധനത്തിന്റെ ഘടനയിലുണ്ടായ ഒരു മാറ്റവുമായി ബന്ധപ്പെട്ടു വേണം ഇതിനെ നോക്കിക്കാണാന്‍. ഉല്‍പാദന മേഖലയില്‍ നിന്ന് സേവനമേഖലയിലേക്കുള്ള കുതിച്ചു ചാട്ടം ക്രമേണ ധനമേഖലയിലേക്ക് അതിവേഗം കേന്ദ്രീകരിക്കുന്നതു കാണാം. അതിനനുസരിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടി വന്നത് സ്വാഭാവികം.
എണ്‍പതുകളുടെ അവസാനം മുതല്‍ കേട്ടു തുടങ്ങിയതാണ് ബാങ്കുകളുടെ സ്വഭാവത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍. ചെറിയ പലിശക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച് അത് കൂടുതല്‍ വലിയ പലിശക്ക് വായ്പയായി നല്‍കി ലാഭമുണ്ടാക്കുന്ന പതിവ് രീതി മാറ്റണമെന്നായിരുന്നു വാദം. ബാങ്കുകള്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്റ്റോറുകളായി മാറണം ഒരൊറ്റ കുടക്കീഴില്‍ എല്ലാ ധനസേവനങ്ങളും നടത്തിയെടുക്കാനാവുന്ന ഒരു വന്‍ സൂപ്പര്‍ മാര്‍ക്കറ്റ്! അതിനെ നയിക്കാന്‍ പറ്റിയ സൂപ്പര്‍സ്റ്റാറുകളും! അതിനു കണക്കാക്കിയുള്ള പുതിയ ധനോല്‍പ്പന്നങ്ങള്‍! റോക്കറ്റ് സയന്റിസ്റ്റ്‌സ് എന്നു വിളിച്ചു പോന്ന ഒരു പറ്റം നവജാത സാങ്കേതിക വിദഗ്ധര്‍ ! അവര്‍ കണ്ടെത്തുന്ന പുതിയ വാതുവെപ്പുപകരണങ്ങള്‍!
തൊണ്ണൂറുകളോടെ ഇതൊരു യാഥാര്‍ത്ഥ്യമായി മാറി. “ഡെറിവേറ്റീവുകള്‍” എന്നുവിളിക്കുന്ന പുതിയ ഊഹക്കച്ചവട സാമഗ്രികള്‍ !
മുപ്പതുകളിലെ മഹാമാന്ദ്യത്തെത്തുടര്‍ന്ന് ധനമേഖലയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക നിര്‍ബന്ധിതമായിരുന്നു. ഗ്ലാസ് സ്റ്റീഗാള്‍ നിയമം പാസ്സാക്കപ്പെട്ടു. ബാങ്കുകള്‍ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടാനായി ഓഹരിച്ചന്തകളില്‍ ഇടപെടുന്നത് തടയാന്‍ വേണ്ടിയായിരുന്നു ആ പുതിയ നിയമനിര്‍മ്മാണം. ജെ.പി.മോര്‍ഗനെപ്പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ ബാങ്കിങ്ങിനും ഓഹരിച്ചന്തക്കുമായി രണ്ടാക്കി വിഭജിക്കപ്പെടുന്നത് ഈ നിയമം പാസ്സായ ശേഷമാണ്.
എന്നാല്‍ തൊണ്ണൂറുകളിലെ സാങ്കേതികത വിദ്യാവികാസം തുറന്നു കൊടുത്ത ലാഭം കൊയ്യാനുള്ള അനന്തസാദ്ധ്യതകള്‍ വേണ്ടെന്നു വെക്കാന്‍ മൂലധന നാഥന്മാര്‍ക്കാവില്ലല്ലോ. സ്വാഭാവികമായും പഴയ നിയമത്തിന് പകരം പുതിയ വേദപുസ്തകം തയ്യാറാക്കാനുള്ള തിരക്കിലായി, സമ്മര്‍ദ്ദത്തിലായി, നിയമനിര്‍മ്മാതാക്കള്‍. അങ്ങനെയാണ് ഗ്ലാസ് സ്റ്റീഗാള്‍ ആക്ടില്‍ വെള്ളം ചേര്‍ക്കുന്നതും 1999ല്‍ അത് അപ്പടി തകിടം മറിക്കപ്പെട്ടതും.
ക്ലിന്റന്റെ നിര്‍ദ്ദേശമനുസരിച്ച് പഴയ നിയമത്തിനു പകരം ഗ്രഹാംലീച്ച് ബ്ലൈലി ആക്ട് പാസ്സാക്കപ്പെട്ടു. ഓഹരിച്ചന്തക്കും ബാങ്കിങ്ങിനുമിടയില്‍ കെട്ടിപ്പൊക്കിയിരുന്ന വലിയ ചൈനീസ് വന്‍മതിലാണ് അതുവഴി തകര്‍ക്കപ്പെട്ടത്. 2007-08 കാലത്തെ വന്‍ തകര്‍ച്ചയിലേക്ക് അമേരിക്കന്‍ ബാങ്കുകളെ നയിച്ചതില്‍ ഈ നിയമ ഭേദഗതി വഹിച്ച പങ്ക് ചെറുതല്ല.
അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ മുതലാളിത്തത്തിന്റെ ആക്രാന്തത്തിനു കഴിയില്ലല്ലൊ. 1989 ലെ ലോക വികസനരേഖ എന്നു വെച്ചാല്‍, ലോകബാങ്ക് ഏറെ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷം പുറത്തിറക്കുന്ന അതിന്റെ വാര്‍ഷിക രേഖയുടെ അജണ്ട ധനമേഖലാ പരിഷ്‌കാരങ്ങള്‍ ആയിരുന്നു.
ലോകത്ത് വിവിധ രാജ്യങ്ങളില്‍ ധനമേഖലയിലുണ്ടായ പുതിയ പരിഷ്‌കാരങ്ങളുടെ ഫലങ്ങളാണ് പഠന വിധേയമാക്കിയത്. എണ്‍പതുകളുടെ ഒരു സവിശേഷത, പല രാജ്യങ്ങളിലും ദേശസാല്‍കൃത ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടതാണ്, നിയന്ത്രണങ്ങളെല്ലാം ഉപേക്ഷിച്ചതാണ്. എന്നാല്‍. പഠനവിധേയമായ രാജ്യങ്ങളിലെ ഡസന്‍ കണക്കിനെണ്ണത്തില്‍, വന്‍ തകര്‍ച്ചയാണ് ഉണ്ടായതെന്നാണ് രേഖ കണ്ടെത്തുന്നത്.
ദേശരാഷ്ട്രങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന രീതിയില്‍ സൂപ്പര്‍ ഗവണ്‍മെന്റായി മാറാന്‍ ഗാട്ടിന്റെ പില്‍ക്കാല രൂപമായ ഡബ്ലിയു.ടി.ഒ വിന് കഴിഞ്ഞു. അതിനു കണക്കായി നിയമങ്ങളെല്ലാം മാറ്റിയെഴുതണം. തടസ്സങ്ങളെല്ലാം തട്ടി മാറ്റണം. ട്രെയ്ഡ് ബാരിയേഴ്‌സ് എന്നാണ് പദപ്രയോഗം. അതിലൊന്നാണ് താരിഫുകള്‍ ഇറക്കുമതിച്ചുങ്കങ്ങള്‍. മറ്റൊന്നാണ് പൊതുവിതരണ സ്ര്രമ്പദായവും സര്‍ക്കാര്‍ വകയുള്ള ഭക്ഷ്യ സംഭരണം പോലെയുള്ള സര്‍ക്കാര്‍ ഇടപെടലും. ഇതൊന്നും വേണ്ടെന്നാണല്ലോ പുതിയ പ്രമാണം!
എന്നിട്ട് ചെന്നെത്തുന്ന നിഗമനമോ? “സ്ഥൂല സാമ്പത്തിക ദൃഢത കൈവരിച്ചിട്ടില്ലാത്ത നാടുകളില്‍ ഈ പരിഷ്‌കാരങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കാനേ ഉതകൂ”
ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയ അതേ ലോകബാങ്കാണ് രണ്ട് വര്‍ഷത്തിനകം ഇന്ത്യന്‍ ബാങ്കിങ് മേഖല അതേ രീതിയില്‍ പരിഷ്‌കരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. അതിനെ അതേപടി പകര്‍ത്തിയെഴുതിയാണ് നരസിംഹം കമ്മിറ്റി ഇന്ത്യന്‍ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ക്കുള്ള റിപ്പോര്‍ട് വെറും മൂന്നു മാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കുന്നത്.
കൂട്ടിച്ചേര്‍ത്ത് കാണേണ്ട കാര്യമാണ് 1986 മുതല്‍ ആരംഭിച്ച ഗാട്ടിന്റെ എട്ടാമത് റൗണ്ട് ചര്‍ച്ചകള്‍. അത് അവസാനക്കരാറാവുന്നത് 1993 ലാണ്. ലോകത്താകെയുള്ള മൂലധനശക്തികള്‍ കൃത്യമായി തക്ക സമയത്തിടപെട്ടുകൊണ്ട് ഗാട്ടിനെ ഒരു ലോക പോലീസാക്കി മാറ്റുകയായിരുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍, സിറ്റി ബാങ്കും ജനറല്‍ എലക്ട്രിക്ക്‌സും പ്രോക്ക്റ്റര്‍ ആന്റ് ഗാംബിളുമൊക്കെ അതിനും ഒമ്പതു വര്‍ഷം മുമ്പുതന്നെ യോഗം ചേര്‍ന്ന് ഗാട്ട് ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഗാട്ട് കരാറിനെക്കുറിച്ച് പര്യാലോചിക്കുന്നത് 1993 ഡിസംബര്‍ 14 നാണ്. എന്നു വെച്ചാല്‍, ഉദ്യോഗസ്ഥതല ഒപ്പിടല്‍ കര്‍മ്മം നടന്നതിന്റെ തൊട്ടു തലേന്നാള്‍…..!
ഫൈനാന്‍ഷ്യല്‍ സര്‍വീസസിനെപ്പറ്റി 93 ലെ ഗാട്ട് കരാറില്‍ ഒറ്റ വാചകമേയുള്ളു.. നിരുപദ്രവകരമെന്നു തോന്നാവുന്ന ഒരു വകുപ്പ്.
അതിതാണ്:
“ഒരംഗരാജ്യം, തങ്ങളുടെ നാട്ടില്‍ നിലവില്‍ ഇല്ലാത്ത ഒരു ധനകാര്യ സേവനം, അത്തരം സേവനം നിലവിലുള്ള മറ്റൊരംഗരാജ്യത്തിലെ ബാങ്കുകള്‍ തങ്ങളുടെ നാട്ടില്‍ നല്‍കുന്നതില്‍ നിന്ന് വിലക്കാന്‍ പാടില്ല.”
കേട്ടാല്‍ ലളിതം. പക്ഷേ കാര്യമെന്താണ്? നേരത്തേ ചൂണ്ടിക്കാട്ടിയ തരത്തിലുള്ള വാതുവെപ്പുപകരണങ്ങള്‍ വികസിപ്പിച്ചെടുത്തവയാണ് ബഹുരാഷ്ട്ര കുത്തക ബാങ്കുകള്‍. ഇന്ത്യയിലടക്കമുള്ള തദ്ദേശീയ മുതലാളിമാര്‍ക്കും വന്‍കിട കുത്തകക്കമ്പനികള്‍ക്കും തങ്ങളുടെ ലാഭവര്‍ദ്ധനവിനുതകും വിധം പുതിയ വാതുവെപ്പുകളില്‍ ഏര്‍പ്പെടാനാവണം. ഉദാഹരണത്തിന് ടാറ്റക്ക് സ്റ്റീലിന്റെ അന്താരാഷ്ട്ര വില നിലവാരത്തിലും രൂപയുടെ വിനിമയ നിരക്കിലും ഉണ്ടാവുന്ന ചെറിയ വ്യതിയാനങ്ങള്‍ ഏറെ പ്രധാനമാണ്.
അതിലൊക്കെ ഒരു തരം ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാനായാലോ? എന്നു വെച്ചാല്‍, അതിനു തക്കവാതുവെപ്പു പകരണങ്ങള്‍ (financial intsrum ents) രൂപപ്പെടുത്തിക്കൊടുക്കാന്‍ ഒരു ബാങ്ക് തയ്യാറായാലോ? അവരായിരിക്കും ടാറ്റക്ക് പറ്റിയ ബാങ്ക്. നമ്മുടെ മേലേപ്പാളി ഇടപാടുകള്‍ റാഞ്ചിയെടുക്കാന്‍ സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക എന്നിവര്‍ക്ക് കഴിയും.അത്രയേ കരാര്‍ തയ്യാറാക്കിയവരും ഉദ്ദേശിച്ചുള്ളൂ.
എണ്‍പതുകളുടെ തുടക്കത്തില്‍ പരീക്ഷിക്കപ്പെട്ട സ്വതന്ത്ര കമ്പോളമെന്ന പ്രശ്‌ന പരിഹാരമാര്‍ഗം, ലോകത്തെങ്ങും സാര്‍വ്വത്രികമായി അടിച്ചേല്‍പ്പിക്കാന്‍, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പരിശ്രമിച്ചു പോരുകയായിരുന്നല്ലോ. ലോക വാണിജ്യ സംഘടന കൂടി ആ നിലക്ക് പ്രയോജനപ്പെടുത്താനായതോടെ, മദ്യപിച്ച കുരങ്ങനെ തേളു കുത്തിയ പോലെയായി കമ്പോള മൗലികവാദത്തിന്റെ പെരുമാറ്റ രീതികള്‍. ലോകത്തിനാകെ ഒരു കമ്പോളം, ഒരു നിയമം, ഒരു മേല്‍നോട്ട രീതി എന്നായി പ്രമാണം.
ദേശരാഷ്ട്രങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന രീതിയില്‍ സൂപ്പര്‍ ഗവണ്‍മെന്റായി മാറാന്‍ ഗാട്ടിന്റെ പില്‍ക്കാല രൂപമായ ഡബ്ലിയു.ടി.ഒ വിന് കഴിഞ്ഞു. അതിനു കണക്കായി നിയമങ്ങളെല്ലാം മാറ്റിയെഴുതണം. തടസ്സങ്ങളെല്ലാം തട്ടി മാറ്റണം. ട്രെയ്ഡ് ബാരിയേഴ്‌സ് എന്നാണ് പദപ്രയോഗം. അതിലൊന്നാണ് താരിഫുകള്‍ ഇറക്കുമതിച്ചുങ്കങ്ങള്‍. മറ്റൊന്നാണ് പൊതുവിതരണ സ്ര്രമ്പദായവും സര്‍ക്കാര്‍ വകയുള്ള ഭക്ഷ്യ സംഭരണം പോലെയുള്ള സര്‍ക്കാര്‍ ഇടപെടലും. ഇതൊന്നും വേണ്ടെന്നാണല്ലോ പുതിയ പ്രമാണം!
ഇതിനൊപ്പമുള്ള മറ്റൊരു തടസ്സമാണ് ട്രേഡ് യൂനിയനുകള്‍. അതിനെക്കൂടി ഇല്ലായ്മ ചെയ്യത്തക്ക വിധം തൊഴില്‍ നിയമ ഭേദഗതികള്‍. എന്നു വെച്ചാല്‍ ബാങ്കിങ് റഗുലേഷന്‍ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് വിദേശ മൂലധനത്തിന് നാടന്‍ ബാങ്കുകളെ കൈവശപ്പെടുത്താനും, ഇന്ത്യന്‍ പാറ്റന്റ് നിയമം ഭേദഗതി ചെയ്തു ആഗോള കുത്തക മരുന്നു കമ്പനികള്‍ക്ക് ആ മേഖല അടിയറവ് വെക്കാനും, ഇതിനെല്ലാം എതിര്‍ നില്‍ക്കുന്ന ട്രേഡ് യൂണിയനുകളെ തകര്‍ത്തെറിയാനുമുള്ള പരിശ്രമങ്ങള്‍ ഒന്നും തന്നെ ഒറ്റപ്പെട്ട തീരുമാനങ്ങളല്ല. മറിച്ച് ആഗോള മൂലധനത്തിന്റെ സര്‍വ്വതലസ്പര്‍ശിയായ ചുവടുമാറ്റത്തിന്റെ ഫലങ്ങള്‍ മാത്രമാണ്. അക്രമാസക്തമായ മുതലാളിത്തത്തിന്റെ ദയാശൂന്യമായ ഇടപെടലാണ്.
അത്തരമൊരു കാലത്ത് ബാങ്കുകള്‍ ആര്‍ക്കു വേണ്ടിയാണ് സേവനം നടത്തേണ്ടത്? അതു വ്യക്തമാവുന്നത് ഇപ്പോള്‍ വായ്പാ നിരാസത്തിന്റെ രൂപത്തില്‍ സാധാരണക്കാര്‍ അനുഭവിച്ചറിയുകയാണ്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പ നാലിലൊന്നാക്കി കുറയ്ക്കണമെന്നായിരുന്നു ലോകബാങ്ക് രേഖ പകര്‍ത്തിയെഴുതിയ നരസിംഹം കമ്മിറ്റിയുടെ ഒരു പ്രധാന ശുപാര്‍ശ. ഒറ്റയടിക്ക് നടപ്പാക്കാന്‍ വിഷമമുള്ളതുകൊണ്ട് അതിന് വളഞ്ഞൊരു മാര്‍ഗമാണ് സ്വീകരിക്കപ്പെട്ടത്. മുന്‍ഗണനാ വിഭാഗത്തിന്റെ നിര്‍വചനം മാറ്റുക. കയറ്റുമതി സ്ഥാപനങ്ങളെയും വലിയ ഭവന വായ്പകളെയുമൊക്കെ അതില്‍ ഉള്‍പ്പെടുത്തിയാല്‍ ആ വിഭാഗത്തിനുള്ള വായ്പ്പാത്തുക കൂട്ടിക്കാട്ടാം. ലോക ബാങ്ക് ശുപാര്‍ശകള്‍ നടപ്പാവുകയും ചെയ്യും!
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കന്നത് നാട് നന്നാക്കാനല്ല. വന്‍കിട കുത്തകകള്‍ക്ക് ബാങ്കുകള്‍ പതിച്ചു കൊടുക്കാനാണ്. ദേശസാല്‍ക്കരണ പൂര്‍വ്വനാളുകളിലേതുപോലെ ആരാന്റെ കാശ് കുത്തിച്ചോര്‍ത്തി തകര്‍ത്തു കളഞ്ഞ നവ സ്വകാര്യ ബാങ്കായ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ അനുഭവം നാട് മറക്കാറായിട്ടില്ല.
ഇതു മാത്രവുമല്ല. മുഖ്യധാരാ ബാങ്കിങ്ങില്‍ നിന്ന് ചെറുകിട ഇടപാടുകാരെ പറിച്ചുനടാനായി പുതിയൊരു സംവിധാനം ലോകത്താകെ 2001 ഓടെ നടപ്പാക്കാന്‍ ലോകബാങ്ക് ഒരുച്ചകോടി വിളിച്ചു ചേര്‍ത്ത് തീരുമാനമെടുത്തു. ലഘുവായ്പാ പദ്ധതി. ചെറു ചെറുവായ്പകള്‍ ഒറ്റക്കൊറ്റക്ക് നല്‍കുന്നതിനു പകരം ഒന്നിച്ചൊരു വലിയ വായ്പ ഗ്രൂപ്പിനു കൊടുക്കുക. അവര്‍ തമ്മില്‍ തമ്മില്‍ നല്‍കട്ടെ കടം. അതിനായി സ്വയം സഹായ സംഘങ്ങള്‍! അതേ സമയം പരസ്പര സഹായസഹകരണ സംഘങ്ങളും അതിന്റെ തത്വശാസ്ത്രവും വളരെ ആസൂത്രിതമായി പൊളിച്ചടക്കാനും ഏര്‍പ്പാടായി.
ലോകബാങ്കിന്റെ ഒരു ഘടക സംവിധാനമാണ് CGAP. (കണ്‍സള്‍ട്ടേറ്റിവ് ഗ്രൂപ്പ് ഫോര്‍ അസിസ്റ്റന്‍സ് ടു ദ പുവര്‍) പാവപ്പെട്ടവര്‍ക്ക് ധനസഹായമെത്തിക്കുന്നതിനുള്ള കൂടിയാലോചനാ സമിതി. അവര്‍ അതിനകം തന്നെ ഒരു വലിയ പഠനം നടത്തി. നിസ്വരായ മനുഷ്യര്‍ക്ക് വായ്പ ലഭിക്കാതിരിക്കുന്നതിന്റെ കാരണമായിരുന്നു ഗവേഷണ വിഷയം.
പല രാജ്യങ്ങളിലും നിലവിലുള്ള അമിത പലിശ നിയന്ത്രണ നിയമങ്ങളാണത്രെ വായ്പ്പക്ക് തടസ്സം. അതു കൊണ്ട് ഹുണ്ടികക്കാരെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഒഴിവാക്കിയാല്‍ മതി. പലിശ എത്ര എന്നതല്ല, വായ്പ കിട്ടുക എന്നതാണ് പ്രധാനം എന്നായി പ്രചാരണം. അതിന്റെ ഫലം ആന്ധ്രയിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യകളില്‍ നാം നേരിട്ടറിഞ്ഞു. വന്‍കിട ധനമൂലധനനാഥമാര്‍ ഈ ലഘുവായ്പാമേഖലയിലും പിടിമുറുക്കിക്കഴിഞ്ഞു
ഈയൊരു പേരുദോഷം മറച്ചുവെക്കാന്‍ കൂടിയാണ് ഇപ്പോള്‍ ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ (financial inclusion) എന്ന പേരില്‍ ലോകത്തെങ്ങും ( ലോകത്താകെയുള്ളതാണേ, മോഡി അതിന്റെ അനുകരണത്തിന്റെ അനുകരണത്തിന്റെ അനുകരണം മാത്രമാണ് നടത്തിയത്.) ഒരു വന്‍ പ്രചരണം അഴിച്ചുവിടുന്നത്. ഇന്ത്യയില്‍ ഇത് ഫലപ്രദമായി നടപ്പിലാക്കാനുള്ള മാര്‍ഗം രഘുറാംരാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാവുന്നതിനു മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
“പട്ടണങ്ങളില്‍ നിന്ന് പാന്റ്‌സ് ധരിച്ച് ബസ്സുകളില്‍ വന്നിറങ്ങുന്ന ബാങ്ക് ജീവനക്കാരെ ഗ്രാമീണര്‍ക്ക് വലിയ വിശ്വാസം പോരാ. എന്നാല്‍, സദാ തുറന്നു വെച്ച, എളുപ്പം പ്രാപിക്കാവുന്ന, സമയ ക്ലിപ്തതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹുണ്ടികക്കാര്‍ അങ്ങനെയല്ല. അവരെ ഗ്രാമീണര്‍ക്ക് വളരെ കാര്യമാണ്; വിശ്വാസമാണ്; സ്‌നേഹമാണ്.”” അതുകൊണ്ടോ? ഈ വായ്പ്പാ വിതരണം തന്നെ അവരെയങ്ങ് ഏല്‍പ്പിക്കുക.
അതോടൊപ്പം രഘുറാംരാജന്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്ന ഒരു കാര്യമുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ വളരെച്ചെറിയ നിക്ഷേപങ്ങളുള്ള പാവപ്പെട്ട മനുഷ്യര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ചെറിയ പലിശയേ ലഭിക്കുന്നുള്ളൂ. എന്നാല്‍ നഗരവാസികള്‍ക്ക് ഓഹരിച്ചന്തകളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യാനുള്ള അവസരം ഏറെയാണ്.
അതുകൊണ്ട് ഈ പാവങ്ങളുടെ കൊച്ചു കൊച്ചു നിക്ഷേപങ്ങള്‍ ഓഹരിച്ചന്തയുമായി കണ്ണി ചേര്‍ക്കാനുള്ള ടെക്‌നോളജി വികസിപ്പിച്ചെടുക്കാനാവണം. ഒരു ചെറിയ “സിം കാര്‍ഡ്” വഴി മുഴുവന്‍ ഇന്ത്യക്കാരെയും ടെലികോം മേഖലക്ക് ഒറ്റച്ചരടില്‍ കോര്‍ക്കാനായെങ്കില്‍ വൈനോട്ട് ഹിയര്‍? എന്നാണ് ചോദ്യം. എന്നുവെച്ചാല്‍ ഗ്രാമീണ ജനതയുടെ പിച്ചച്ചട്ടി കൂടി എങ്ങനെ ഓഹരിച്ചന്തയില്‍ എത്തിക്കാമെന്ന്! ധനപരമായ ഉള്‍ച്ചേര്‍ക്കലിന്റെ സദുദ്ദേശം രഘുറാംരാജന്‍ തന്നെ നമ്മെ പഠിപ്പിക്കുകയാണ്.
ഇതിനു നടുക്കാണ് 2014 ഫെബ്രവരി മാസത്തില്‍ റിസര്‍വ് ബാങ്ക് തന്നെ പുറത്തിറക്കിയ ഒരു ബ്രീഫിങ്ങ് പേപ്പറില്‍ ഒരു കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ വായ്പാ മേഖലയില്‍ അനൗപചാരിക മേഖലയുടെ കൂടി വരുന്ന പങ്കിന്റെ കാര്യമാണ് ആ രേഖ ബോദ്ധ്യപ്പെടുത്തുന്നത്. എന്നു വെച്ചാല്‍, ഹുണ്ടികക്കാരും ബ്ലെയ്ഡ് കമ്പനികളുമാണ് ഗ്രാമീണ വായ്പാ മേഖലയില്‍ വിഹരിക്കുന്നതെന്ന് !??
അത്തരമൊരു നാട്ടിലാണ് കടം വാങ്ങി വകമാറ്റി ചെലവ് ചെയ്ത് കാശ് കുത്തിച്ചോര്‍ത്തി കിട്ടാക്കടം വരുത്തിവെച്ച് മുങ്ങിയ ഒരു മദ്യരാജാവിന്റെ വായ്പാ കുടിശ്ശികയുടെ സംഖ്യ അയാളുടെ കമ്പനി ഷെയറുകളാക്കി മാറ്റി തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ നേരെയാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം കിട്ടുന്നത്! വന്‍കിടക്കാര്‍ കുടിശ്ശികയും വരുത്തി മുങ്ങുന്നു. പാവപ്പെട്ടവര്‍ ആത്മന്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുന്നു. അതിനു കണക്കായാണ് പരിഷകാരങ്ങള്‍. നിയോലിബറല്‍ നയങ്ങള്‍ തന്നെയാണ്. വില്ലന്‍.
ഇതിനെതിരായാണ് ജനങ്ങളെയാകെ ബോധവല്‍ക്കരിച്ചു കൊണ്ട് ബാങ്ക് ജീവനക്കാര്‍ ഒന്നടങ്കം പ്രക്ഷോഭരംഗത്ത് അണി ചേരുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കന്നത് നാട് നന്നാക്കാനല്ല. വന്‍കിട കുത്തകകള്‍ക്ക് ബാങ്കുകള്‍ പതിച്ചു കൊടുക്കാനാണ്. ദേശസാല്‍ക്കരണ പൂര്‍വ്വനാളുകളിലേതുപോലെ ആരാന്റെ കാശ് കുത്തിച്ചോര്‍ത്തി തകര്‍ത്തു കളഞ്ഞ നവ സ്വകാര്യ ബാങ്കായ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ അനുഭവം നാട് മറക്കാറായിട്ടില്ല.
തകരുന്ന സ്വകാര്യ ബാങ്കുകളെ മുഴുവന്‍ ഏറ്റെടുക്കാന്‍ ശക്തിയും സന്നദ്ധതയും കാട്ടിയത് പൊതുമേഖലാ ബാങ്കുകളാണ്. അവയുടെ ഓഹരി ക്രമേണ കുറച്ചു കൊണ്ട് വന്ന് അതിനെ നാടന്‍ മറുനാടന്‍ കുത്തകകള്‍ക്ക് ഏല്‍പിച്ചു കൊടുക്കാനാണ് നീക്കം.
ഏറ്റവുമൊടുക്കം ലക്ഷ്മി വിലാസ് ബാങ്ക് പോലൊരു കൊച്ചു സ്വകാര്യബാങ്കിന്റെ തലവനെ ആ ബാങ്കിന്റെ അനേകമടങ്ങ് വലുപ്പമുള്ള കനറാ ബാങ്കിന്റെ തലവനായി നിയമിച്ചുകൊണ്ട് പൊതുമുതല്‍ നോക്കി നടത്താന്‍ സ്വകാര്യ മുതലാളിമാരെ ഏല്‍പ്പിക്കുകയാണ് നല്ലത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്ക് ബോര്‍ഡ് ബ്യൂറോ എന്ന പേരിലൊരു സംവിധാനമുണ്ടാക്കി സര്‍ക്കാര്‍ അക്കാര്യത്തില്‍ നിന്ന് തടിയൂരുകയാണ്.
അതു മാത്രമല്ല .ഈ നിര്‍ദേശം മുന്നോട്ടുവെച്ച പി.ജെ.നായിക്ക് കമ്മിറ്റി ബാങ്കുകളുടെ സര്‍ക്കാര്‍ ഉടമസ്ഥത കൈയ്യൊഴിയണമെന്നും സക്കാറിന്റെ മുതല്‍മുടക്ക് ഒരു ഇന്‍വെസ്റ്റ് കമ്പനിയെ ഏല്‍പ്പിച്ച് കൊടുക്കണം എന്നുമാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെ, സക്കാര്‍ ഷെയര്‍ അതിവേഗം കുറച്ചുകൊണ്ട് വരേണ്ടതിനുള്ള ന്യായം കണ്ടെത്തുന്നുണ്ട്.
വിവരാവകാശ നിയമത്തിന്റെ ഏടാകൂടത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാരുടമസ്ഥത 50 ശതമാനത്തില്‍ കുറയണമത്രെ! ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തില്‍ നിന്ന് മറികടക്കാനൊരു സൂത്രവിദ്യ! അതും സര്‍ക്കാര്‍/ റിസര്‍വ് ബാങ്ക് നിയമിച്ച ഒരു കമ്മിറ്റിയുടെ ശുപാര്‍ശ ! ജനാധിപത്യ സംവിധാനത്തെയാകെ കൊഞ്ഞനം കുത്തിക്കൊണ്ട് ഫിനാന്‍സ് മൂലധനത്തിന് പറ്റിയ രീതിയില്‍ സംവിധാനങ്ങളെയാകെ തല തിരിച്ചിടുകയാണ്.
സ്വകാര്യ ബാങ്കുകളിലെ വിദേശ ഉടമസ്ഥതയുടെ പരിധികളെല്ലാം അറുത്തെറിയാനായിരുന്നു നീക്കം. ഇപ്പോള്‍ അതിനൊരു ചെറിയ മാറ്റം മാത്രം. ഇടതുപക്ഷ കക്ഷികളും ബാങ്ക് യൂണിയനുകളും ഉയര്‍ത്തിക്കൊണ്ട് വന്ന പ്രക്ഷോഭം കാരണം ഒറ്റയടിക്ക് മൂലധനപരിധി എടുത്തു കളഞ്ഞില്ലെന്നു മാത്രം.
നാടന്‍ മറുനാടന്‍ കുത്തകകള്‍ക്കായി നിയമങ്ങളാകെ മാറ്റിയെഴുതുകയാണ്. മുന്‍ഗണനകള്‍ തിരുത്തിക്കുറിക്കുകയാണ്. ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാര്‍ പോരാടുന്നത്. ശത്രു കരുത്തനാണ്. ആഗോള ധനമൂലധനത്തിന്റെ സംഭൃത സമാഹൃതശക്തിയത്രയുമെതിരായുണ്ട്. അതു കൊണ്ടു തന്നെ ജനങ്ങളെയാകെ ഈ നയങ്ങളെപ്പറ്റിയും അതിനു പിറകിലുള്ള രാഷ്ട്രീയത്തെപ്പറ്റിയും പഠിപ്പിക്കാനുള്ള ബാദ്ധ്യത ബാങ്കിങ് മേഖലയിലെ തൊഴിലാളികളുടെതാണ് ചില നേതാക്കള്‍ ചാഞ്ചാട്ട സ്വഭാവം കാട്ടിക്കൊണ്ട് തങ്ങളുടെ വര്‍ഗ സഹകരണ സമീപനം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യോജിച്ച പ്രക്ഷോഭം ജനങ്ങളെയും ജീവനക്കാരെയും ദിശാബോധമുള്ളവരാക്കി മാറ്റുക തന്നെ ചെയ്യും.