ജയ്പൂര്‍: രാജസ്ഥാനില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ ഭാഗങ്ങള്‍ നായ കടിച്ചുകീറുന്നതായി വീഡിയോ. സംസ്ഥാനത്തെ സവായ് മാന്‍ സിങ് ആശുപത്രിക്ക് സമീപത്തായാണ് മനുഷ്യന്റെ അവയവം നായ കടിച്ചുകീറുന്നതായി കാണപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
വ്യാഴാഴ്ചയാണ് സംഭവം. ആശുപത്രിക്കുള്ളില്‍ നിന്നാണ് അവയവം നായ പുറത്തേക്ക് കൊണ്ടുവന്നതെന്ന് ഏതാനും ദൃക്സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്ന രീതിയെ അടിസ്ഥാനമാക്കി അധികൃതര്‍ക്കും ആരോഗ്യവകുപ്പിനുമെതിരെ വിമര്‍ശനമുയരുന്നുണ്ട്.
എന്നാല്‍ പ്രചരിക്കുന്ന വീഡിയോ ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പ്രോട്ടോക്കോള്‍ പ്രകാരമാണ് ആശുപത്രിയില്‍ ജൈവ മാലിന്യം നീക്കം ചെയ്യുന്നതെന്ന് എസ്.എം.എസ് പ്രതികരിച്ചു.
അവയവഛേദങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ വ്യാഴാഴ്ച നടന്നിട്ടില്ലെന്ന് എസ്.എം.എസ് സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി പറഞ്ഞു. ഏറ്റവും കൂടുതല്‍ അവയവഛേദങ്ങള്‍ നടക്കുന്നത് ട്രോമ സെന്ററിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത സംശയാസ്പദമാണ്. നായ കടിച്ചുകീറുന്നത് മനുഷ്യന്റെ അവയവമാണോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധിക്കണമെന്നും അല്ലാതെ പറയാന്‍ കഴിയില്ലെന്നും ഭാട്ടി പ്രതികരിച്ചു.
മൂന്ന് മാസം മുമ്പ് സമാനമായ ഒരു സംഭവം സവായ് മാന്‍ സിങ് ആശുപത്രില്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 22ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്.
ആശുപത്രിയിലെ ട്രോമ സെന്ററിന് സമീപത്തായി ഒരു നായ മനുഷ്യന്റെ മുറിച്ചുമാറ്റപ്പെട്ട കൈ കടിച്ചുപിടിച്ചു നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ദൃക്സാക്ഷികളായ ചിലര്‍ അധികൃതരെ അറിയിക്കുകയും ചെയ്തു.
സംഭവം ചര്‍ച്ചയായതോടെ സ്ഥലത്തെത്തിയ പൊലീസ് മ്പടത്തിയ പരിശ്രമത്തിലൂടെ നായയുടെ വായില്‍ നിന്ന് കൈ വീണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ കൈ ആശുപത്രി അധികൃതര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlight: An amputated organ kept in a hospital in Rajasthan was bitten by a dog