കണ്ണൂര്‍: മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി കേരളമൊന്നാകെ ഒരേ മനസ്സോടെ ചേര്‍ന്നുനിന്നപ്പോള്‍ ചികിത്സക്കാവശ്യമായ 18 കോടി രൂപയും സമാഹരിച്ചു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതകവൈകല്യ രോഗം ബാധിച്ച മുഹമ്മദിന്റെ ശരീരം തളര്‍ന്നു പോവാതെ സൂക്ഷിക്കാന്‍ വേണ്ടത് ഒരു ഡോസിന് 18 കോടി രൂപ വിലയുള്ള മരുന്നായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ സുമനസ്സുകളുടെ സഹായത്താല്‍ സമാഹരിക്കാനായത്.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വലിയ സഹായമാണ് കുട്ടിക്കായി ഒഴുകിയെത്തിയത്. മുഹമ്മദിന്റെ സഹോദരി അഫ്രക്കും സമാനരോഗം തന്നെ ബാധിച്ചിരുന്നു. ശരീരം തളര്‍ന്ന അഫ്ര ഇപ്പോള്‍ വീല്‍ചെയറിലാണ്. അഫ്രക്ക് ചെറുപ്പത്തില്‍ തന്നെ ഈ മരുന്ന് നല്‍കാന്‍ സാധിച്ചിരുന്നില്ല.
തനിക്ക് സംഭവിച്ചത് അനുജന് സംഭവിക്കാതിരിക്കാന്‍ അഫ്രയും മുഹമ്മദിന്റെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റെടുക്കുകയായിരുന്നു മലയാളികള്‍.