ടോക്കിയോ: ജപ്പാനില്‍ അമേരിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. അപകടത്തെ തടുര്‍ന്ന്
ജപ്പാനിലെ വിമാനത്താവളം അടച്ചു. തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് അപകടമയുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്‌ഫോടനത്തെ തുടര്‍ന്ന് 87 വിമാനങ്ങളാണ് ജപ്പാനില്‍ റദ്ദാക്കിയത്. ഒരു പാസഞ്ചര്‍ വിമാനം സൈറ്റ് കടന്ന് ഒരു മിനിട്ടിന് ശേഷമാണ് അപകടമുണ്ടായത്. സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും പൊലീസും നടത്തിയ അന്വേഷണത്തില്‍ യു.എസ് ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.
അമേരിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് നിക്ഷേപിച്ച ബോംബാണ് ഇപ്പോള്‍ പൊട്ടിയതെന്നും വ്യോമാക്രമണത്തിനിടെ പരാജയപ്പെട്ടതായിരിക്കാമെന്നും അധികൃതര്‍ വിലയിരുത്തുന്നു.
നിലവില്‍ അപകടത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് റണ്‍വേയില്‍ ഏഴ് മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴി ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന് സര്‍ക്കാര്‍ വക്താക്കളും അറിയിച്ചു.
ഇതിനുമുമ്പും യു.എസ് നിക്ഷേപിച്ച നിരവധി ബോംബുകള്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 2009ലും 2011ലും ഇത്തരത്തില്‍ ബോംബുകള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023ല്‍ ഒരു ടണ്‍ ഭാരമുള്ള 2,348 ബോംബുകള്‍ പ്രദേശത്ത് നീക്കം ചെയ്തതായി സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സും പ്രതികരിക്കുകയുണ്ടായി.
വിമാനത്താവളത്തിന് സമീപത്തുള്ള ഏവിയേഷന്‍ സ്‌കൂള്‍ പകര്‍ത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
അതേസമയം മിയാസാക്കി വിമാനാത്താവളത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും അഭേധ്യമായ ബന്ധമുണ്ട്. 1943ല്‍ ഇംപീരിയല്‍ ജാപ്പനീസ് നേവി ഫ്‌ലൈറ്റ് പരിശീലന ഫീല്‍ഡായി നിര്‍മിച്ച വിമാനത്താവളമാണ് മിയാസാക്കി. ഇക്കാരണത്താലാണ് ഈ പ്രദേശത്ത് നിന്ന് ഒട്ടനവധി കലാപഴക്കമുള്ള ബോംബുകള്‍ പിന്നീട് കണ്ടെത്തിയത്.
രണ്ടാം ലോകമഹായുദ്ധ കാലയളവില്‍ നൂറുകണക്കിന് പൊട്ടിത്തെറിക്കാത്ത ബോംബുകള്‍ ജപ്പാനിലുടനീളം യു.എസ് സൈന്യം കുഴിച്ചിട്ടിരുന്നു. അവയില്‍ പലതും രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlight: An American bomb planted during World War II has reportedly exploded in Japan