കൊച്ചി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. 23 മലയാളികളടക്കം 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്.
വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിച്ചു. ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്തു. ഇവരുടെ മൃതദേഹങ്ങൾ റോഡുമാര്‍ഗം വഴിയാണ് അതാത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തമിഴ്‌നാട് ന്യൂനപക്ഷ മന്ത്രി കൊച്ചിയിലെത്തിയിലെത്തിയിരുന്നു.
ബാക്കിയുള്ള 14 മൃതദേഹങ്ങളുമായി വിമാനം ദല്‍ഹിയിലേക്ക് തിരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടണെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിൽ പെട്ട ഏഴ് പേർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രമായി ആറ് പേരാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൃതദേഹങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്‍ധന്‍ സിങ്, സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കുകയുണ്ടായി.
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി സംസ്ഥാന അതിര്‍ത്തികളില്‍ വേണ്ട ക്രമീകരണങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കേരള അതിര്‍ത്തി വരെ അനുഗമിക്കാന്‍ അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം ഇത് വിവാദത്തിനുള്ള സമയമല്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുവൈത്തിലുണ്ടായ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കുവൈത്തിലെ മംഗേഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ 49 ഇന്ത്യക്കാര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു.
Content Highlight: An Air Force plane arrived in Kochi with the bodies of the Malayalees who died in the fire at the labor camp in Kuwait