ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എ.ഐ നിര്‍മിത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സത്യപ്രതിജ്ഞ ചെയ്യാനെത്തുന്ന രാഹുല്‍ ഗാന്ധിയോടൊപ്പം സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും ചെങ്കോട്ടയുടെ ഏതാനും ഷോട്ടുകളുമാണ് വീഡിയോയില്‍ കാണുന്നത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധി നടന്നുവരുന്നതായും കാണാം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ താഴെ ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുമെന്ന് വ്യാപകമായി കമന്റ് ചെയ്യപ്പെടുന്നുണ്ട്.
ഫാക്റ്റ് ചെക്കര്‍ ആയ ബൂം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും എ.ഐ ഡിറ്റക്ഷന്‍ ടൂളുകള്‍ വഴി ഇത് ഡിജിറ്റല്‍ നിര്‍മിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വീഡിയോടൊപ്പമുള്ള ശബ്ദശകലങ്ങളും എ.ഐ നിര്‍മിതമാണെന്ന് ബൂം സ്ഥിരീകരിച്ചു.
വീഡിയോടൊപ്പമുള്ള ഓഡിയോയിലാണ് കൂടുതൽ കൃതിമത്വം കാണിച്ചിരിക്കുന്നത്. രാഹുല്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തുന്നു എന്ന രീതിയിലാണ് ഓഡിയോ രൂപപ്പെടുത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ ഒരു എ.ഐ നിര്‍മിത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വീഡിയോയില്‍ മുസ്‌ലിങ്ങൾക്ക് പള്ളി പണിയാനുള്ള സ്ഥലം നല്‍കാന്‍ താന്‍ ശ്രമിക്കുമെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശമായിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നും പറയുന്നതായി കേള്‍ക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: An AI-made video of Rahul Gandhi taking oath as the Prime Minister of India has gone viral on social media