| Monday, 9th December 2024, 11:21 am

കലോത്സവ വേദിയിലൂടെ ഉയര്‍ന്നുവന്ന ഒരു നടി വിദ്യാര്‍ത്ഥികളെ നൃത്തം പഠിപ്പിക്കാനായി ചോദിച്ചത് അഞ്ച് ലക്ഷം; വിമര്‍ശനവുമായി വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവ വേദിയിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന ഈ നടി വന്ന വഴി മറക്കരുതെന്നും മന്ത്രി പറയുകയുണ്ടായി. നടിയുടെ പേര് എടുത്ത് പറയാതെയാണ് മന്ത്രിയുടെ പരാമര്‍ശം.

ജനുവരി മാസത്തില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിലെ 10 മിനുട്ട് അവതരണഗാനം പഠിപ്പിക്കുന്നതിനായി യുവജനോത്സവം വഴി കടന്നുവന്ന ഒരു സിനിമ നടിയെ സമീപിച്ചെന്നും അവര്‍ അക്കാര്യം സമ്മതിച്ചെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്ന് പറഞ്ഞ മന്ത്രി ഇത്തരം സമീപനങ്ങള്‍ അവര്‍ക്ക് പണത്തോടുള്ള ആര്‍ത്തിയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂടില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം ചലച്ചിത്ര താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടല്ല അത് വേണ്ടെന്ന് വെച്ചതെന്ന് പറഞ്ഞ മന്ത്രി ഇത്തരത്തില്‍ പണം നല്‍കി പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ഇതിനായി സൗജന്യമായി പഠിപ്പിക്കുന്ന മറ്റ് ആളുകളെ പിന്നീട് ഇത് ഏല്‍പ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കലോത്സവ വേദി വഴി സിനിമയില്‍ എത്തിയ ഇത്തരം ആളുകള്‍ വരും തലമുറയ്ക്ക് മാതൃക ആകേണ്ടവരാണെന്ന് പറഞ്ഞ മന്ത്രി കേരളത്തിലെ 47 ലക്ഷം വരുന്ന കുട്ടികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും വിമര്‍ശിക്കുകയുണ്ടായി.

Content Highlight: An actress who emerged from the stage of school youth festival asked five lakhs to teach dance to students says V. Sivankutty

Latest Stories

We use cookies to give you the best possible experience. Learn more