കലണ്ടര്‍ സിനിമ സംവിധാനം ചെയ്തതിന് ശേഷം മറ്റൊരു സിനിമ ചെയ്യാനായി ഒരു നടന്റെ പിന്നാലെ വര്‍ഷങ്ങളോളം നടക്കേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകനും നടനുമായ മഹേഷ്. പ്രസ്തുത നടന്റെ പേര് പറയുന്നില്ലെന്നും അദ്ദേഹത്തിന്റെ ലൊക്കേഷനുകളില്‍ പോയി കാരവാന് മുന്നില്‍ സ്ഥിരമായി കാത്തുനില്‍ക്കുമായിരുന്നു എന്നും മഹേഷ് പറഞ്ഞു. 30 വര്‍ഷമായി സിനിമയിലുള്ള തനിക്ക് ഈ അനുഭവം വലിയ സങ്കടമുണ്ടാക്കി എന്നും മഹേഷ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളത്തില്‍ കലണ്ടര്‍ സിനിമ സംവിധാനം ചെയ്തതിന് ശേഷം മറ്റൊരു സിനിമ ചെയ്യാനായി ഒരു നടന്റെ പിന്നാലെ ഒരുപാട് നടന്നു. ഓരോ ലൊക്കേഷനുകളിലും അയാളുടെ കാരവാനിന് മുന്നില്‍ കൈ കെട്ടി കാത്തുനിന്നു. 30 വര്‍ഷമായി സിനിമയിലുള്ള, അറിയപ്പെടുന്ന ഒരു നടനായിട്ടുപോലും എനിക്ക് എല്ലാവരും കാണെ ഈ കാത്തുനില്‍ക്കല്‍ വര്‍ഷങ്ങളോളം തുടരേണ്ടി വന്നു. കാരവാനില്‍ നിന്ന് ഇറങ്ങി വന്ന് എന്താണ് കാര്യമെന്ന് പോലും ചോദിച്ചില്ല. കാത്തിരിപ്പ് ഒന്നര വര്‍ഷത്തോളമായപ്പോള്‍ ഞാന്‍ ആലോചിച്ചു ഇത്രത്തോളം നമ്മള്‍ താഴേണ്ടതുണ്ടോ എന്ന്.
എന്നെ കാരവാനിന് മുന്നില്‍ കാത്തുനിര്‍ത്തിയ നടന്റെ പേര് ഞാന്‍ പറയുന്നില്ല. നമ്മളെന്തിനാണ് മാനസികമായി ഒരാളെ ബുദ്ധിമുട്ടിക്കുന്നത്. അന്ന് മാനസികമായി നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം 30 വര്‍ഷത്തിലധികമായി ഈ മേഖലയിലുള്ള ഒരാളാണ് ഞാന്‍. അന്ന് തൊട്ട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ആള്‍ ഇങ്ങനെ പെരുമാറുമ്പോള്‍ നമുക്ക് സ്വാഭാവികമായി സങ്കടംവരും.
അവിടെയാണ് ഞാന്‍ പൃഥ്വിരാജ് എന്ന നടന്റെ മഹിമ കാണുന്നത്. അദ്ദേഹത്തെ കണ്ടാല്‍ ഒന്നുകില്‍ ചെയ്യാം, അല്ലെങ്കില്‍ ചെയ്യാന്‍ കഴിയില്ല എന്ന് തുറന്ന് പറയും. അല്ലാതെ ഉറപ്പായും ചെയ്യാമെന്ന് പറഞ്ഞ് ഇതുപോലെ വര്‍ഷങ്ങളോളം നടത്തിക്കില്ല. ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ നമുക്ക് മറ്റൊരാളെ കണ്ടെത്താമല്ലോ. അത് തുറന്ന് പറയാനുള്ള മാനസികാവസ്ഥ ആ നടന്‍ കാണിച്ചില്ല എന്നുള്ളത് സങ്കടകരമാണ്.
എന്നാല്‍ ഇത്രയും ബുദ്ധിമുട്ട് തമിഴിലില്ല. കാരണം, വെണ്ണിലാ കാബടിക്കൂട്ടം എന്ന സിനിമയുടെ വിജയത്തിന് ശേഷം അത്യാവശ്യം ക്വാളിറ്റിയും കണ്ടന്റുമുള്ള സിനിമകള്‍ പുതിയ താരങ്ങളുടേതായാലും സ്വീകരിക്കാന്‍ തമിഴ് പ്രേക്ഷകര്‍ തയ്യാറായിരുന്നു. അത്തരം ഒരുപാട് സിനിമകള്‍ ആ കാലത്ത് വരികയും ചെയ്തു. എങ്ങനെയായാലും രണ്ട് കോടിക്ക് താഴെയുള്ള സിനിമകളാണെങ്കില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുമെന്നും മനസിലായി. അങ്ങനെയാണ് ഞാന്‍ അവിടെ പോയി സിനിമകള്‍ ചെയ്തത്,’മഹേഷ് പറഞ്ഞു.
content highlights: An actor waited outside the caravan for years, they should all learn from Prithviraj: Mahesh