ന്യൂദല്‍ഹി: ഞാന്‍ വളരെ ആക്ടീവായ പ്രധാനമന്ത്രിയായതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ താന്‍ ശ്രദ്ധാകേന്ദ്രമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ടി.വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മുക്കിലും മൂലയിലും സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയാണ് താനെന്നും മോദി പറഞ്ഞു.
” അഞ്ച് വര്‍ഷം അധികാരത്തിലിരുന്നതിനാല്‍ കര്‍മ്മ നിരതരായ ഒരു സര്‍ക്കാറില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കപ്പെടുകയെന്നത് സ്വാഭാവികമായ കാര്യമാണ്. ഞാനൊരു ആക്ടീവായ പ്രധാനമന്ത്രിയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ കിടന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും സ്ഥിരമായി സന്ദര്‍ശിച്ച പ്രധാനമന്ത്രിയാണ് ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ എന്നില്‍ കേന്ദ്രീകരിക്കുകയെന്നത് സ്വാഭാവികമാണ്.” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പദത്തിലെത്തിയതിനുശേഷം ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വിദേശ സന്ദര്‍ശത്തിന്റെ പേരില്‍ മോദിയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിരുന്നു. നോട്ടുനിരോധനം പോലെ രാജ്യത്തെ പിടിച്ചുകുലുക്കിയ പല പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായിരുന്നു.
കുടുംബവാഴ്ച നിലനില്‍ക്കുന്ന രാഷ്ട്രീയ കുടുംബങ്ങളെ തുറന്നുകാട്ടേണ്ടത് റിപ്പബ്ലിക് ടി.വി പോലുള്ള മാധ്യമങ്ങളുടെ ചുമതലയാണെന്നും മോദി പറഞ്ഞു.
“കുടുംബവാഴ്ച എന്നെ സംബന്ധിച്ച് പ്രശ്‌നമല്ല. പക്ഷേ അത് ഇന്ത്യയുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. ഒരു പാര്‍ട്ടി കുടുംബ കമ്പനിപോലെ പ്രവര്‍ത്തിക്കുക, മറ്റാര്‍ക്കും പ്രസിഡന്റ് ആകാന്‍ കഴിയാതെ വരിക, അത് തെറ്റാണ്. നിങ്ങളുടേത് പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ ഇത്തരം രാഷ്ട്രീയ കുടുംബങ്ങളെ പുറത്തുകൊണ്ടുവരണം.” എന്നാണ് മോദി പറഞ്ഞത്.
2014ല്‍ അധികാരത്തിലെത്തിയതിനുശേഷം ചുരുക്കം ചില മാധ്യമങ്ങളുമായി മാത്രമാണ് പ്രധാനമന്ത്രി അഭിമുഖത്തിന് തയ്യാറായത്. ഇത് രണ്ടാംതവണയാണ് റിപ്പബ്ലിക് ടി.വിക്ക് മോദി അഭിമുഖം നല്‍കുന്നത്. പലപ്പോഴും ഈ അഭിമുഖങ്ങള്‍ മോദി സര്‍ക്കാറിനെ പുകഴ്ത്താനുള്ള പി.ആര്‍ വര്‍ക്ക് മാത്രമായി ചുരുങ്ങിയെന്ന വിമര്‍ശനവും നേരിട്ടിരുന്നു.
“എന്റെ രാജ്യസ്‌നേഹം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ബാലാകോട്ട് വ്യോമാക്രമണ സമയത്ത് ഞാന്‍ ഉണര്‍ന്നിരിക്കുകയും ജവാന്മാരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു” എന്നും മോദി അവകാശപ്പെട്ടു.