ന്യൂദല്‍ഹി: തകര്‍ന്ന എ.എന്‍ 32 വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചെന്ന് വ്യോമസേന. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കവേയാണ് വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന സുപ്രധാന വിവരം വ്യോമസേന അറിയിച്ചത്.
വ്യോമസേന കരസേന അംഗങ്ങള്‍ മലകയറ്റത്തില്‍ പ്രാവിണ്യമുള്ളവര്‍ എന്നിവരടങ്ങിയ സംഘമാണ് വിമാനം തകര്‍ന്ന സ്ഥലത്തുള്ളത്. തെരച്ചിലിനായുള്ള കൂടുതല്‍ സംഘാംഗങ്ങളെ ഇന്ന് എത്തിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
മോശം കാലവസ്ഥയും സംഭവസ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തെരച്ചിലിന് തടസമായിരുന്നു. 15 ഓളം വരുന്ന പ്രത്യേക സംഘം എയര്‍ലിഫ്റ്റ് ചെയ്താണ് അപകടം നടന്ന സ്ഥലത്ത് ഇറങ്ങിയത്.
വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 13 പേരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യോമസേന. എന്നാല്‍ അപകടത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന പ്രതികരണം നിരാശയുളവാക്കുന്നതാണ്.
രണ്ട് ദിവസം മുമ്പാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ മൂന്നിന് അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്.
മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.
സി 130 എസ് ഹെലികോപ്ടറുകളും വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ച് കഴിഞ്ഞ ഒരാഴ്ചയായി തെരച്ചില്‍ നടക്കുകയാണ്.
തെരച്ചിലിനായി വിവിധ സേനവിഭാഗങ്ങളൊടൊപ്പം ഐ.എസ്.ആര്‍.ഓ യുടെ സാറ്റ്‌ലൈറ്റ് സഹായവും തേടിയിരുന്നു.