| Thursday, 15th March 2018, 12:11 am

എ.എല്‍.എസ് എന്ന അപൂര്‍വ്വ രോഗവും ഹോക്കിങ് എന്ന അദ്ഭുതവും

എഡിറ്റര്‍

ഓരോ തലമുറയിലും ശാസ്ത്രത്തിന് ഓരോ പതാക വാഹകരുണ്ട്. ഐസക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍, റിച്ചാര്‍ഡ് ഫെയ്ന്മാന്‍ എന്നിവരൊക്കെ മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റി വിടുന്ന രീതിയില്‍ മൗലികമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവരും അതുവഴി മുഴുവന്‍ ലോകത്തിന്റെയും ആരാധനാപാത്രമായവരുമാണ്. മനുഷ്യരാശിയുടെ പുരോഗതിക്കുള്ള ഒരേയൊരു പ്രത്യാശ ശാസ്ത്രമാണ് എന്നതിനാല്‍ ഒരു പക്ഷേ സമൂഹത്തില്‍ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ സ്ഥാനമാണ് ഇത്തരത്തിലുള്ളവര്‍ വഹിക്കുന്നത്. നമ്മുടെ തലമുറയില്‍ ശാസ്ത്രത്തിന് അത്തരത്തിലൊരു പതാകവാഹകന്‍ ഉണ്ടായിരുന്നു.

പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിങ്; പ്രപഞ്ചവിജ്ഞാനീയത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കുന്നതില്‍ മാത്രമല്ല അത് പൊതുജനങ്ങള്‍ക്ക് പോലും മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിച്ചു കൊടുക്കാനും അദ്ദേഹം തന്റെ കഴിവുകള്‍ വിനിയോഗിച്ചു.

അമയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (ALS) എന്ന മാരകമായ അസുഖം ബാധിച്ച അദ്ദേഹം ഇത്രയും കാലം തന്റെ രോഗത്തോട് പടവെട്ടി ജീവിച്ചിരുന്നത് വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ്. എന്നാല്‍ അദ്ദേഹത്തെപ്പോലെ പലരും നല്‍കിയ സംഭാവനകളാല്‍ പുഷ്ടിപ്പെട്ട ശാസ്ത്രത്തിന്റെ മാസ്മരിക കഴിവുകളാണ് അദ്ദേഹത്തിന്റെ ജീവന്‍ നീട്ടിക്കൊടുത്തത് എന്ന് കരുതുന്നതില്‍ തെറ്റില്ല.

1963-ല്‍ തന്റെ ഇരുപത്തൊന്നാം വയസില്‍ വൈദ്യശാസ്ത്രം പരമാവധി രണ്ടുവര്‍ഷം കൂടി മാത്രം ആയുസുവിധിച്ച ഹോക്കിംഗ് തന്റെ ഇച്ഛാശക്തിയും സ്വന്തം ജീവിതസപര്യയും മതവുമായി അദ്ദേഹം കരുതിയ ശാസ്ത്രത്തിന്റെ പിന്തുണയും കൊണ്ട് പിന്നെയും ജീവിച്ചത്, 55 വര്‍ഷങ്ങള്‍! അതും വെറുതെ ജീവിക്കുകയായിരുന്നില്ല, സ്വന്തം തലച്ചോറിനെ കാലത്തിനും ബാഹ്യപ്രപഞ്ചത്തിനും ചുറ്റും അലയാനും അറിയാനും പറത്തിവിട്ട് ഒരു വീല്‍ച്ചെയറില്‍ ലോകത്തെ ശാസ്ത്രകുതുകികളെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിച്ചു.

ഐന്‍സ്റ്റീനു ശേഷം വന്ന അപാരപ്രതിഭാശാലിയായ ഭൗതികശാസ്ത്രജ്ഞനെന്ന പേരില്‍ മാത്രമല്ലാ, തന്റെ യുദ്ധവിരുദ്ധ നിലപാടുകളിലൂടെ മാനവികതയ്ക്കും മൂല്യം കല്‍പ്പിച്ചിരുന്ന ശാസ്ത്രജ്ഞനെന്ന പേരില്‍ ആ അതുല്യപ്രതിഭയ്ക്ക് ഇന്‍ഫോ ക്ലിനിക്കിന്റെ ആദരാഞ്ജലി.

ഒപ്പം അദ്ദേഹത്തിന്റെ 21ാം വയസുമുതല്‍ ജീവിതകാലത്തുടനീളം ഒരു നിഴല്‍പോലെ കൂടെയുണ്ടായിരുന്ന, അപൂര്‍വ്വമായ ആ രോഗത്തെ പറ്റി ചെറുതായെങ്കിലും അറിഞ്ഞു വയ്ക്കാന്‍ ഈ സമയം ഉപയോഗിക്കാം.

മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ നാഡീ വ്യവസ്ഥയാണ്. ചുറ്റുപാടും നിന്നുള്ള വിവരങ്ങള്‍ വൈദ്യുത തരംഗങ്ങളായി തലച്ചോര്‍ എന്ന അത്ഭുതകരമായ കമ്പ്യൂട്ടറിലേക്ക് പായുന്നു. അവിടെ നിന്ന് തരംഗങ്ങള്‍ വിശകലനം ചെയ്യപ്പെടുകയും അവയ്ക്ക് അര്‍ത്ഥം കല്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീടാണ് ഇവയോടുള്ള പ്രതികരണം. ശരീരത്തിലെ പേശീതന്തുക്കളില്‍ ഏതൊക്കെ അനങ്ങണം അവ എത്രയൊക്കെ അനങ്ങണം എന്നെല്ലാമുള്ള സന്ദേശങ്ങള്‍ തിരിച്ചു നാഡികളിലൂടെ പേശികളിലേക്ക് പായുന്നു.

സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ ചെയ്യുന്നത് മുതല്‍ ഏറ്റവും അടിസ്ഥാനമായ ശ്വാസോച്ഛ്വാസം വരെയുള്ള എല്ലാ പേശീ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ വൈദ്യുത ആവേഗങ്ങള്‍ കടന്നുപോകുന്ന ചാലുകള്‍ അത്യാവശ്യമാണ്. ഈ ചാലുകളുടെ സാവധാനം ഉള്ളതും തിരിച്ചുപിടിക്കാന്‍ ആകാത്തതും ആയ നാശമാണ് അമയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis, ALS). മോട്ടോര്‍ ന്യൂറോണ്‍ ഡിസീസസ് (MNDs) എന്നു പറയുന്ന ഒരു കൂട്ടം രോഗങ്ങളില്‍ ഒന്നാണീ ALS. ഭേദമാക്കാനുള്ള ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗം. പുനരധിവാസ ചികിത്സയാണ് പ്രധാനമായും ഈ രോഗത്തിനുള്ളത്, ടെക്‌നോളജിയുടെയും വൈദ്യശാസ്ത്രപരമായ അറിവിന്റെയും സഹായത്താല്‍ ജീവിതദൈര്‍ഘ്യവും പ്രവര്‍ത്തനക്ഷമമായ ജീവിതവും രോഗികള്‍ക്ക് നല്‍കാന്‍ ശാസ്ത്രം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പൂര്‍ണ്ണമായി ബോധവും ധിഷണാശേഷിയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും അടക്കം എല്ലാമുള്ള ഒരു മനുഷ്യന്‍ കൂട്ടിലടച്ച കിളിയെപ്പോലെ ഒരു പേശിയുമനക്കാനാവാതെ കുരുങ്ങിപ്പോകുന്നു. അതില്‍ നിന്ന് ഒരേയൊരു മോചനം മരണമാണുതാനും. മസിലുകളുടെ കടുപ്പവും അനുസരണക്കുറവുമായാണ് അസുഖം തുടങ്ങുന്നതെങ്കിലും സാവധാനം ഓട്ടവും നടത്തവും ഭക്ഷണം കഴിക്കലും എന്തിന് ശ്വാസോച്ഛ്വാസം പോലും സാധ്യമാകാതെ വരും. ഉപയോഗിക്കപ്പെടാത്ത പേശികള്‍ കൊലുന്നനെ മുരടിച്ച് നശിച്ചുപോകും. A-myo-trophic എന്നു പറഞ്ഞാല്‍ മസിലുകള്‍ ചുരുങ്ങിപ്പോകുക എന്നാണര്‍ത്ഥം. രോഗബാധിതരില്‍ മിക്കവരും അഞ്ചുവര്‍ഷം തികയ്ക്കാറില്ല.

ഏതു പ്രായത്തിലും ലിംഗത്തിലും പെട്ടവരെയും രോഗം ബാധിക്കാമെങ്കിലും കൂടുതലായി കണ്ടുവരുന്നത് മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാരിലാണ്. ALS ല്‍ ഈ നാഡീകോശനാശം എന്തുകൊണ്ടുണ്ടാകുന്നുവെന്നത് ഇന്നും അജ്ഞാതമാണ്. 10-12 ശതമാനം രോഗികളില്‍ പാരമ്പര്യമായിട്ടാണ് ഈ രോഗം വന്നിട്ടുള്ളത്. എന്നാല്‍ 90% ആള്‍ക്കാരിലും കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ലാ. പാരമ്പര്യം, തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍, ജനിതകപരമായ വൈകല്യങ്ങളൊക്കെ കാരണമാകാമെന്നാണ് നിഗമനം. ജനിതകപ്രശ്‌നത്തില്‍ പ്രധാനമായും പറയുന്നത് 21 ആം ക്രോമസോമിലെ സൂപ്പര്‍ ഓക്‌സൈഡ് ഡിസ്മ്യൂട്ടേസ് എന്ന എന്‍സൈമിനെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രശ്‌നമാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കാര്യത്തിലും രോഗകാരണം അജ്ഞാതമായി തന്നെ തുടരുന്നു.

മോട്ടോര്‍ നാഡീകോശങ്ങള്‍ പതിയെപ്പതിയെ നശിക്കുന്ന ALS ന്റെ തുടക്കത്തില്‍ കൈകാലുകള്‍ക്ക് ചെറിയ തളര്‍ച്ചയും പേശികളിലെ തുടിപ്പു (Fasciculations) മായിരിക്കും രോഗലക്ഷണങ്ങള്‍. ഈ വക ചെറിയ പ്രശ്‌നങ്ങള്‍ കാലക്രമേണ കൂടിക്കൂടി വരികയും കാലുകള്‍ അതിബലത്താല്‍ മടക്കാനോ നിവര്‍ത്താനോ കഴിയാത്ത അവസ്ഥയാവും. കൈകള്‍ തളര്‍ന്നു തീരെ ബലമില്ലാതാകും. നെഞ്ചിലെ പേശികളും ഡയഫ്രവും തളരുമ്പോള്‍ രോഗിയ്ക്ക് സ്വന്തമായി ശ്വാസമെടുക്കാന്‍ പറ്റാത്ത സ്ഥിതി വരും. കഴുത്തിലെയും തൊണ്ടയിലെയും വായയ്ക്കുള്ളിലെയും പേശികള്‍ തളരുമ്പോള്‍ ഭക്ഷണമിറക്കാനോ ശബ്ദമുണ്ടാക്കാനോ ശ്വസിക്കാനോ കഴിയാതെ വരും. ഒരാളുടെ സഹായത്തോടെ പോലും ഒന്ന് നില്‍ക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയാവും.

കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന പേശികളും ആമാശയം, കുടല്‍, മൂത്രസഞ്ചി, ഹൃദയം എന്നിവയിലെ മസിലുകളെയും ALS സാധാരണഗതിയില്‍ ബാധിക്കാറില്ല. അതിനാല്‍ ഭക്ഷണം ട്യൂബുവഴി നല്‍കിയാല്‍ ദഹനവും വിസര്‍ജനവുമൊക്കെ സാധാരണ പോലെ നടക്കും. മാത്രമല്ല സ്പര്‍ശം, കേള്‍വി, കാഴ്ച, രുചി, ഗന്ധം, വേദന, ലൈംഗികചോദനകള്‍, പ്രത്യുത്പാദനം തുടങ്ങിയവയെല്ലാം സാധാരണ എല്ലാവരെയും പോലെ അറിയാനും ആസ്വദിക്കാനും സാധിക്കും.

സാധാരണഗതിയില്‍ കൈകാലുകളെയാണ് ALS ബാധിച്ചു തുടങ്ങുന്നതെങ്കിലും, അത് ഏത് ഭാഗത്തെ പേശികളിലും തുടങ്ങാവുന്നതാണ്. നെഞ്ചിലെ പേശികളെ ആദ്യമേ ബാധിച്ചാല്‍ വളരെ നേരത്തെ ശ്വസനസഹായികളെയൊക്കെ (ventillators) ആശ്രയിക്കേണ്ടി വന്നേക്കും. മാത്രമല്ല, ഒരു ഭാഗത്തെ ബാധിച്ചു തുടങ്ങിയ രോഗം എത്രവേഗത്തില്‍ മറ്റു ശരീരഭാഗങ്ങളെ ബാധിക്കുമെന്നത് വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കും. മറ്റു പേശികളെ ബാധിച്ചുതുടങ്ങുമ്പോള്‍ ആദ്യം ബാധിച്ച ഭാഗങ്ങളില്‍ രോഗം കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും.

നാഡീനാശത്തിന്റെ തോത് കുറയ്ക്കുന്ന ചില മരുന്നുകള്‍ ഉണ്ടെങ്കിലും പൂര്‍ണമായും രോഗവ്യാപം തടയാനുള്ള കഴിവതിനില്ല. കാലാകാലങ്ങളില്‍ ആവശ്യമായ പരിചരണങ്ങള്‍, ഉദാഹരണത്തിന് ശ്വാസമെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായം, മുക്കിലൂടെയോ വയറുതുളച്ചോ കുഴലുകടത്തി ഭക്ഷണം നല്‍കുക, ശ്വാസനാളത്തിന് തളര്‍ച്ച വന്നാല്‍ ട്രക്കിയോസ്റ്റമി (Tracheostomy) ഒക്കെ നല്‍കുക മാത്രമാണ് പോംവഴി. സാധാരണഗതിയില്‍ രോഗനിര്‍ണയം കഴിഞ്ഞാല്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ രോഗി മരിക്കുന്നതാണ് ഈ രോഗത്തിന്റെ വിധി. മരണകാരണം പലപ്പോഴും ശ്വാസകോശ സംബന്ധിയായ രോഗങ്ങളാവും.

ALS എന്ന രോഗത്തിന്റെ ചരിത്രത്തിലെ തന്നെ അത്ഭുതങ്ങളിലൊന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ്. പലപ്പോഴും മരണവക്ത്രത്തില്‍ നിന്നും അദ്ദേഹം തിരിച്ചു വന്നിട്ടുള്ളതാണ്. എന്നിട്ടിപ്പോള്‍ ഏതൊരു സാധാരണ മനുഷ്യനെയും പോലെ തന്റെ വാര്‍ദ്ധക്യത്തില്‍, ചെയ്യേണ്ടതൊക്കെ ചെയ്തശേഷം മരിച്ചുപോയിരിക്കുന്നു.

പക്ഷെ ഏതൊരാളെയും ബാധിക്കുന്ന പോലെ തന്നെയായിരുന്നു ഹോക്കിങ്ങിനെയും ALS പിടികൂടിയത്. കൈകാലുകളില്‍ തുടങ്ങി മറ്റെല്ലാ ഐച്ഛിക പേശികളിലേക്കും ക്രമേണ രോഗം പടര്‍ന്നു. രോഗത്തിന് കീഴടക്കാന്‍ സാധിക്കാതിരുന്ന രണ്ടുകാര്യങ്ങള്‍ ആ മനസും ജീവനുമായിരുന്നു. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ, “”അത് രണ്ടും സ്റ്റീഫന്‍ ഹോക്കിങ്ങിന്റേതായിരുന്നു”” എന്ന്.

രോഗം നിരന്തരമായി മൂര്‍ച്ചിച്ച് വന്നതിനെ തുടര്‍ന്ന് മാംസപേശികള്‍ ശോഷിച്ച് ശരീരമാകെ തളര്‍ന്ന ഹോക്കിംങ്ങിന് വീല്‍ ചെയറില്‍ അഭയം പ്രാപിക്കേണ്ടിവന്നു. തൊണ്ടയിലെ മാംസപേശികള്‍ പ്രവര്‍ത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായപ്പോള്‍ ശ്വാസനാളിയില്‍ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് കവിളിലെ പേശികള്‍ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. Speech Synthesizer എന്നാണതിനു പറയുന്നത്. വീല്‍ചെയറില്‍ ഘടിപ്പിച്ച കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വാക്കുകളില്‍ നിന്നും ഉചിതമായവ നേത്രപാളികള്‍ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിച്ചത്.

ഏറ്റവും അടുത്തായി സംവേദനക്ഷമത വര്‍ദ്ധിക്കുവാന്‍ ഐ ബ്രെയ്ന്‍ എന്ന ടെക്‌നോളജിയുടെ സഹായം അദ്ദേഹം തേടിയിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ തലയില്‍ ഒരു കറുത്ത ബാന്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടോ. അത് ഐ ബാന്റിന്റെ സെന്‍സര്‍ ആണ്. തലച്ചോറിലെ കോര്‍ട്ടക്‌സ് ഭാഗത്തെ സിഗ്‌നലുകള്‍ ഉപയോഗിച്ച് സംവേദനം സാധ്യമാക്കാനുള്ള ഈ പരിശ്രമത്തോട് അദ്ദേഹം പൂര്‍ണമായും സഹകരിക്കുകയും സാങ്കേതികവിദ്യകളിലൂന്നിയുള്ള മികച്ച പരിഹാരങ്ങള്‍ തന്റേതുപോലെ ശാരീരികപ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ലഭ്യമാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഹോക്കിങ്ങിനെ ആവശ്യമായിരുന്നു. ഹോക്കിങ്ങിന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് ശാസ്ത്രത്തിന്റെ ബാധ്യതയും. ശാസ്ത്രവും മനുഷ്യനും ഒരുപോലെ പോരാടി വിജയിച്ച അപൂര്‍വ്വം ചരിത്രങ്ങളിലൊന്നാണ് സ്റ്റീഫന്‍ ഹോക്കിങ്ങിന്റേത്.

കടപ്പാട്: ഇന്‍ഫോ ക്ലിനിക്ക്

എഡിറ്റര്‍

We use cookies to give you the best possible experience. Learn more