മുംബൈ: നായികയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് നായകന്‍ പൂവ് കൊണ്ട് എറിയുന്ന കാലങ്ങളായി തുടര്‍ന്നു വരുന്ന അര്‍ത്ഥ ശൂന്യമായ സിനിമ സംസ്‌കാരത്തിനെതിരെ കഴിഞ്ഞ ദിവസം തപസി പന്നു രംഗത്ത് വന്നിരുന്നു.
തന്റെ ആദ്യ ചിത്രമായ ജുമാന്‍ഡി നാദത്തില്‍ അത്തരത്തിലൊരു സീനുണ്ടായിരുന്നുവെന്നും പ്രശസ്ത സംവിധായകനായ രാഘവേന്ദ്ര റാവുവിന്റെ ആ ചിത്രത്തില്‍ നായകന്‍ തന്റെ പിന്‍ഭാഗത്ത് തേങ്ങ കൊണ്ട് എറിയുന്നതായിരുന്നു രംഗമെന്നും തപസി പറഞ്ഞിരുന്നു. എന്നാല്‍ നായകിയുടെ ദേഹത്ത്, പ്രത്യേകിച്ചും പിന്‍ഭാഗത്ത് എന്തെങ്കിലും വസ്തു കൊണ്ട് എറിഞ്ഞാല്‍ എങ്ങനെ പ്രണയവികാരം ഉണ്ടാകുമെന്നായിരുന്നു തപസി ചോദിച്ചത്.
തപസിയുടെ പ്രതികരണം വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. ശ്രീദേവിയെപോലുള്ള നടിമാരെ അവതരിപ്പിച്ച സംവിധായകനായിരുന്നു രാഘവേന്ദ്ര അതിനാല്‍ തനിക്ക് അന്ന് അതിനെതിരെ ശബ്ദിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞ തപസി സിനിമാ ലോകത്തെ ഇത്തരം അനാവശ്യ ശീലങ്ങള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
വിഷയം ചര്‍ച്ചയായതോടെ തപസിയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരമായ ഇലിയാന ഡിക്രൂസും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരുന്നു. രാഘവേന്ദ്രയുടെ ശിഷ്യനായ വൈ.വി.എസ് ചൗധരിയുടെ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇലിയാനയുടെ അരങ്ങേറ്റം. ആ ചിത്രത്തിലും സമാനമായ രംഗമുണ്ടായിരുന്നു. അത്യാവശ്യം വലിപ്പമുള്ള കല്ലു കൊണ്ട് തന്റെ പിന്‍ഭാഗത്ത് നടന്‍ എറിയുന്ന രംഗമുണ്ടായിരുന്നുവെന്നും അതും സ്ലോമോഷനിലായിരുന്നുവെന്നും ഇലിയാന പറയുന്നു.
അന്ന തനിക്ക് 18 വയസായിരുന്നുവെന്നും എന്നാല്‍ ഇന്നും ആ സീനിന്റെ അര്‍ത്ഥം തനിക്ക് മനസിലാകുന്നില്ലെന്നും അങ്ങനെ എറിയുന്നത് എങ്ങനെ റൊമാന്റിക് ആകുമെന്നും ഇലിയാന ചോദിക്കുന്നു. തന്റെ അരക്കെട്ടിന്റെ ക്ലോസ് അപ്പ് ഷോട്ടുകളുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അതെല്ലാം വളരെ ആസ്വദിച്ചു കൊണ്ടായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും എന്നാല്‍ ഇത്തരം രംഗങ്ങള്‍ അവസാനിപ്പിക്കേണ്ട കാലമായിരിക്കുന്നുവെന്നും ഇലിയാന പറഞ്ഞു.
ഇലിയാനയ്ക്ക് പിന്നാലെ ഇപ്പോള്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് നടിയും മോഡലുമായ ആമി ജാക്‌സനാണ്. തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടേയും അരങ്ങേറ്റം. തനിക്ക് അത്തരത്തില്‍ തേങ്ങയുടേയോ പൂവിന്റേയോ ഏറു കൊണ്ടിട്ടില്ലെന്നും എന്നാല്‍ തന്നെ എറിഞ്ഞാല്‍ ആ തേങ്ങ കൊണ്ട് തിരിച്ച് എറിയുമെന്നായിരുന്നു ആമിയുടെ പ്രതികരണം.
” ഇത്് ഭീകരമാണ്. ഇത്തരം രംഗങ്ങള്‍ ചെയ്യരുതെന്നാണ് ഫിലിം മേക്കേഴ്‌സിനോട് എനിക്ക പറയാനുള്ളത്. എനിക്ക് ഇത്തരം രംഗങ്ങളിലൂടെ കടന്നു വരേണ്ടി വന്നിട്ടില്ല. പക്ഷെ അങ്ങനെ തേങ്ങ കൊണ്ട ്എന്റെ പിന്‍ഭാഗത്ത് എറിഞ്ഞാല്‍ ആ തേ്ങ്ങ കൊണ്ട് തന്നെ അവരെ ഞാന്‍ എറിയും. ” ആമി പറയുന്നു.
നടിമാരെ വെറും കാഴ്ച്ചവസ്തുവായും ശരീരം പ്രദര്‍ശിപ്പിക്കാനുമായി മാത്രം കാണുന്ന സിനിമാ സംസ്‌കാരം അവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ആമി പറയുന്നു.